കേരളത്തിലെ താപനില വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് വാര്‍ത്തകള്‍. താപനിലയനുസരിച്ച് പുറം ജോലികള്‍ ചെയ്യുന്നവരുടെ സമയത്തില്‍ പോലും മാറ്റം വരുത്തിത്തുടങ്ങി. തണുപ്പിനോട് നമുക്കേറെ സ്‌നേഹം തോന്നാനും ഈ ചൂട് കാരണമായിട്ടുണ്ട്. ഐസ്‌ക്രീമും ശീതളപാനീയങ്ങളും ഇഷ്ടവിഭവങ്ങളുമായി. അതിനൊപ്പം ചൂടിനെ നേരിടാന്‍ തണുത്ത ബിയര്‍ കുടിക്കുന്നവരുമുണ്ട്.
എന്നാല്‍ ഇവയുടെ ഉപയോഗം ഉദ്ദേശിക്കുന്ന രീതിയില്‍ ചൂട് കുറയ്ക്കുന്നില്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന് തണുത്ത ബീയറിന്റെ കാര്യം തന്നെയെടുക്കാം.
ബീയര്‍ കുടിക്കുമ്പോഴെല്ലാം സംഭവിക്കുന്നത് കൂടുതല്‍ മൂത്രം പുറത്തുപോകുന്നതാണ്. തന്മൂലം ശരീരത്തിലെ ജലാംശം കുറയുന്നു. ജലാംശം കുറയുന്നതോടെ ചൂടു കൂടുന്നു. അതുകൊണ്ട് തണുത്ത ബീയര്‍കുടിച്ചാല്‍ ചൂടുകുറയുമെന്ന ധാരണ തെറ്റാണ്.
പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ നിന്ന് വേനല്‍ക്കാലത്ത് ഒരു ലിറ്ററോളം വെള്ളം വിയര്‍ത്തുപോകുന്നുണ്ട്. ഡിഹൈഡ്രേഷന്‍ ഉണ്ടാകാതിരിക്കാന്‍ അതുകൊണ്ട് കൂടുതല്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യവുമാണ്. എന്നാല്‍ അതിനേറ്റവും അനുയോജ്യം തണുത്തവെള്ളമല്ല ചൂടു വെള്ളം തന്നെയാണ്. കാരണം ചൂടുവെള്ളം ശരീരത്തില്‍ എത്തുമ്പോള്‍ മസ്തിഷ്‌കം ചൂടു കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്. ഐസ്‌ക്രീമും ശീതളപാനീയങ്ങളും കുടിക്കുമ്പോള്‍ ഉണ്ടാകുന്നതിലേറെ ചൂടു കുറയാന്‍ സഹായിക്കുന്നത് ചൂടു വെള്ളം തന്നെയാണെന്ന് ചുരുക്കം.