ഒരു മകൻ ജനിക്കുമ്പോൾ സാധാരണയായി ഒരമ്മയ്ക്ക് സന്തോഷവും സമാധാനവും അഭിമാനവുമൊക്കെയാണ് ഉണ്ടാകുന്നതെങ്കിൽ ഇവിടെ ബ്ലെസി എന്ന അമ്മയ്ക്ക് ഒരു മകൻ ജനിച്ചപ്പോൾ ഉണ്ടായത് തിക്താനുഭവങ്ങളും അവഗണനയും ഒറ്റപ്പെടലുമായിരുന്നു. ചവിട്ടി നില്ക്കുന്ന മണ്ണ് പോലും അവൾക്ക് നഷ്ടമായി. എന്നിട്ടും വിധിയെ പഴിക്കാതെയും ആർക്കെതിരെയും വിരൽചൂണ്ടാതെയും മകനെ വിധിക്ക് വിട്ടുകൊടുക്കാതെ ഇടനെഞ്ചോട് ചേർത്തുപിടിച്ച് മകനു വേണ്ടി മാത്രം ജീവിക്കാൻ അവൾ തീരുമാനിച്ചപ്പോൾ പിറന്നത് പുതിയാരു സ്നേഹത്തിന്റെ മഴവില്ലും ആകാശവും. അവിടെ സെറിബ്രൽ പാൾസി എന്ന് വൈദ്യശാസ്ത്രം വിളിപ്പേരു നല്കുന്ന രോഗിയായ സാവിയോ എന്ന ഇരുപത്തിരണ്ടുകാരൻ മകൻ ചിറകുകളില്ലാത്ത മാലാഖയായി പാറിപ്പറക്കുന്നു. മകനു വേണ്ടി ബ്ലെസി എവിടെയെല്ലാം എങ്ങനെയെല്ലാം അലഞ്ഞിട്ടുണ്ടെന്നോ എന്തുമാത്രം കണ്ണീർമഴ നനഞ്ഞിട്ടുണ്ടെന്നതോ മാത്രം എഴുതിയാൽ അത് ഒരു പുസ്തകത്തോളം വരും.
പത്തൊൻപതാം വയസിൽ ആദ്യ പ്രസവം കഴിഞ്ഞ ബ്ലെസി അഞ്ചുവർഷങ്ങൾക്ക് ശേഷം ജന്മം നല്കിയ രണ്ടാമത്തെ കുഞ്ഞായിരുന്നു സാവിയോ. ഗർഭാവസ്ഥയിൽ പൂർണ്ണ ആരോഗ്യവാൻ. പക്ഷേ സിസേറിയനു വേണ്ടി ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർക്ക് സംഭവിച്ച അശ്രദ്ധ, അവഗണന.
മുപ്പത്തിരണ്ടു മണിക്കൂർ വൈകിയാണ് സിസേറിയൻ നടത്തിയത്. വീടിന് തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് സിസേറിയൻ ഉടൻ വേണം എന്ന ഡോക്ടറുടെ കത്തുമായി എത്തിയിട്ടും രണ്ടാമത്തെ ആശുപത്രിക്കാർ 32 മണിക്കൂർവൈകിയത് എന്തുകൊണ്ടായിരിക്കാം? അറിയില്ല. പ്ലാസന്റ പൊട്ടി നിർജ്ജീവാവസ്ഥയിലായിരുന്നു അപ്പോഴേക്കും കുഞ്ഞ്. അതുകൊണ്ടുതന്നെ കുഞ്ഞ് മരിച്ചു എന്ന് കരുതി ബക്കറ്റിലേക്ക് തള്ളുകയായിരുന്നു. പക്ഷേ ഒരു സിസ്റ്ററുടെ കണ്ണുകൾ ബക്കറ്റിലെ മാംസക്കഷണത്തിൽ ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞു, സാവിയോ അങ്ങനെ ഭൂമിയിലെ ജീവിതത്തിലേക്ക് തിരികെ വന്നു. ബ്ലെസിയാകട്ടെ അപ്പോഴെല്ലാം ജീവനും മരണവുമായിട്ടുള്ള പോരാട്ടത്തിലായിരുന്നു. അതുകൊണ്ട് എട്ടുദിവസം വരെ മുലപ്പാൽ പോലും സാവിയോയ്ക്ക് നിഷേധിക്കപ്പെട്ടു. മൂന്നുമാസം വരെ സാവിയോയ്ക്ക് എന്തെങ്കിലും പ്രത്യേകതയുള്ളതായി ആർക്കും തോന്നിയില്ല. ആറും എട്ടും മാസം കഴിഞ്ഞുപോയിട്ടും ഇരിക്കാൻ ശ്രമിക്കാതിരുന്നപ്പോഴാണ് ചികിത്സ തേടിയത്. സാധാരണകുട്ടികളെ പോലെ സാവിയോക്ക് ഒരിക്കലും നടക്കാനോ ഇരിക്കാനോ കഴിയില്ലെന്ന സത്യം അവിടെ വച്ച് ബ്ലെസി തിരിച്ചറിഞ്ഞു കുഞ്ഞ് മരിച്ചുപോയി എന്ന് വിചാരിച്ച് ഡോക്ടർ അശ്രദ്ധയോടെ പുറത്തെടുത്തപ്പോൾ അദ്ദേഹത്തിന്റെ വിരൽ തലയുടെ പുറകിൽ അമർന്നിറങ്ങിയതുമൂലമായിരുന്നു സാവിയോയുടെ ജീവിതം ഇങ്ങനെയായത്.
എങ്കിലും പ്രതീക്ഷ കൈവിടാതെ ചികിത്സ തുടർന്നു. പക്ഷേ കുറെയധികം ചികിത്സകൾക്ക് ശേഷം ഡോക്ടേഴ്സും കൈയൊഴിഞ്ഞതോടെ ആ അമ്മയുടെയും മകന്റെയും ജീവിതം നിസ്സഹായതയിലേക്കു വഴിപിരിഞ്ഞു. ഇങ്ങനെയൊരു മകൻ തനിക്ക് വേണ്ടെന്ന് അവന്റെ അച്ഛൻ തീരുമാനിച്ചതോടെ അവരുടെ ജീവിതം പ്രതിസന്ധിയിലുമായി. മകനെ ഉപേക്ഷിച്ചാൽ മാത്രം ഭാര്യയായി തുടരാമെന്നായിരുന്നു ഭർത്താവിന്റെ നിബന്ധന. അതിനെ ഭർത്തൃമാതാവ് ശരിവയ്ക്കുക കൂടിചെയ്തതോടെ മൂത്ത മകളെയും കൂട്ടി സാവിയോയെ തോളത്തിട്ട് ബ്ലെസി അവിടെ നിന്നിറങ്ങി. (പിന്നീട് വർഷങ്ങൾക്ക് ശേഷം സ്വന്തം മക്കൾക്കുപോലും വാർദ്ധക്യത്തിൽ വേണ്ടാതായ അമ്മായിയമ്മയെ മരണം വരെ ശുശ്രൂഷിച്ചത് ബ്ലെസിയായിരുന്നുവെന്നും ഭർത്താവ് തിരികെ വന്നുവെന്നും അനുബന്ധമായി വായിക്കേണ്ടതുണ്ട്). സ്വന്തം ഭവനത്തിലായിരുന്നു പിന്നെ കുറെനാൾ. അവിടെയും ഏറെക്കാലം ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ സ്വന്തംകാലിൽ നില്ക്കാനുള്ള ശ്രമങ്ങൾ ബ്ലെസി അന്വേഷിച്ചുതുടങ്ങി. പല പല ജോലികൾ… തയ്യൽ മുതൽ യോഗ ടീച്ചർ വരെ അതിൽ പെടുന്നു. ജീവിക്കാൻ വേണ്ടിയുള്ള ശ്രമമായിരുന്നു അത്. മകളെ പഠിപ്പിക്കണം, മകന് വിദ്യാഭ്യാസം നല്കണം, അവന് ചികിത്സ നല്കണം.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആ അമ്മയെയും മക്കളെയും സഹായിക്കാൻ ആരൊക്കെയോ എപ്പോഴോക്കെയോ കൂടെയുണ്ടായിരുന്നുവെന്നതും ദൈവനിശ്ചയം. പക്ഷേ ഒരുവശത്ത് ഇങ്ങനെ പോസിറ്റീവ് അനുഭവങ്ങൾ ഉണ്ടാകുമ്പോഴും അതിനെ ബാലൻസ് ചെയ്തുനിർത്താൻ നെഗറ്റീവ് അനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. മകനെയും തോളത്തിട്ടുള്ള ബ്ലെസിയുടെ യാത്രകൾ കാൽവരിയിലേക്കുള്ള ക്രിസ്തുവിന്റെ കുരിശുയാത്രയെ ഓർമ്മിപ്പിക്കുന്നവിധത്തിലുള്ളതായിരുന്നു. പ്രായം ചെല്ലും തോറും തോളത്തെ ഭാരത്തിന് കനം വർദ്ധിച്ചു. കാരണം സാവിയോ വളരുകയായിരുന്നു. ചിലരൊക്കെ സ്നേഹപൂർവ്വം ഉപദേശിക്കുക പോലും ചെയ്തു, ചെറുക്കനെ ഇങ്ങനെ തൂക്കിയിട്ട് നടത്തരുതെന്ന്. അതിൽ ഡോക്ടർമാർ പോലുമുണ്ടായിരുന്നു. പക്ഷേ ഈ അമ്മയ്ക്ക് മകൻ ഒരിക്കലും ഒരു ഭാരമായിരുന്നില്ല. അതുകൊണ്ടാണല്ലോ സാവിയോയെ മരണം വരെ നോക്കിക്കോളാം ഞങ്ങൾക്ക് തന്നോളൂ എന്ന് പറഞ്ഞ് കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്ന ചില സ്ഥാപനാധികാരികൾ ചോദിച്ചിട്ടു പോലും ബ്ലെസി മകനെ അവർക്ക് നല്കാതിരുന്നത്. എനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും എന്റെ കുഞ്ഞിനെ എന്റെ മരണം വരെ ഞാൻ നോക്കും എന്ന ദൃഢനിശ്ചയമായിരുന്നു അതിന് കാരണം. ആദ്യകാലത്തൊക്കെ ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോഴായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. നട്ടെല്ലിന് ബലമില്ലാത്ത, കഴുത്ത് നിവർത്തിപിടിക്കാൻ കഴിയാത്ത സാവിയോയെയും കൊണ്ട് യാത്ര ചെയ്യുമ്പോൾ ഇരിക്കാൻ സീറ്റുപോലും കിട്ടാതിരുന്ന അവസരങ്ങളുമേറെ. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇപ്പോൾ തിരുവനന്തപുരം മണ്ണന്തലയിലെ വാടകവീടുവരെ ബ്ലെസിയും മകനും എത്തിയതും സാവിയോയുടെ ചികിത്സകൾക്ക് വേണ്ടിയായിരുന്നു. പിന്നെ അവർക്ക് തിരുവനന്തപുരം രണ്ടാം വീടായി. ഇതിനിടയിൽ മകളുടെ പഠനവും വിവാഹവും കഴിഞ്ഞു.
ഇപ്പോൾ ഈ വാടകവീട്ടിൽ ബ്ലെസിയും സാവിയോയും മാത്രം. ബ്ലെസിയുടെ ആഗ്രഹം പോലെ സാവിയോ പ്ലസ് ടൂ പഠനം മികച്ച നിലയിൽ പൂർത്തിയാക്കി. തന്റെ ഒന്നുമില്ലായ്മയിലും ബ്ലെസി തനിക്കുള്ളതിൽ നിന്ന് ഇല്ലാത്തവർക്കായി പങ്കുവയ്ക്കുന്നുമുണ്ട്. സാവിയോ തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. സാഫ്നത്ത് ഫാനെയ എന്നാണ് പേര്. ഇരുപത്തിയൊന്നുകാരൻ എഴുതിയ ആത്മകഥ എന്ന വിശേഷണം ആ പുസ്തകത്തിന് നന്നായി ചേരും. ഇനിയും പഠിക്കണമെന്നാണ് സാവിയോയുടെ ആഗ്രഹവും. ആ ആഗ്രഹത്തിന് എല്ലാവിധ ആശീർവാദങ്ങളുമായി അമ്മ കൂടെയുണ്ട്. പിന്നെ അവൻ എന്തിന് പേടിക്കണം?
അനുബന്ധം: ബ്ലെസിയുടെയും സാവിയോയുടെയും ജീവിതം ആദ്യമായി പുറംലോകം അറിഞ്ഞത് 2017 മാർച്ച് 26 ലെ മനോരമ ദിനപ്പത്രത്തിലൂടെയായിരുന്നു. അത് പ്രസിദ്ധീകരിച്ചുവന്നതിന് ശേഷം ഒരുപാട് പേർ ബ്ലെസിയെ ഫോൺ വിളിക്കുകയുണ്ടായി. അതിലൊരുകോൾ കാനഡയിൽ നിന്നൊരു സ്ത്രീയുടേതായിരുന്നു. ആ കഥ ഇങ്ങനെയായിരുന്നു: സ്നേഹിച്ചു വിവാഹം കഴിച്ചവർ പിന്നെ നിസ്സാരകാര്യത്തിന് വേർപിരിഞ്ഞു. കുട്ടിയെ അയാൾക്കും വേണ്ട, അവൾക്കും വേണ്ട. അതുകൊണ്ട് അനാഥാലയത്തിലേല്പിച്ചു.
പക്ഷേ ബ്ലെസിയെക്കുറിച്ചുള്ള ഫീച്ചർ വായിച്ചുകഴിഞ്ഞപ്പോൾ ആ സ്ത്രീക്ക് പശ്ചാത്താപം. നേരെ നിവർന്നുനില്ക്കാൻ പോലും കരുത്തില്ലാത്ത മകനു വേണ്ടി ബ്ലെസി ജീവിക്കുമ്പോൾ താൻ ചെയ്തത് വലിയൊരു തെറ്റാണ്. ആ തെറ്റ് തിരുത്താൻ അവർ നാട്ടിലേക്ക വരുന്നു, മകനെ അനാഥാലയത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ… ഈ സംഭവം പറഞ്ഞതിന് ശേഷം ബ്ലെസി പറഞ്ഞു: ‘എന്റെ ജീവിതം കൊണ്ട്, ഒരാൾക്കെങ്കിലും ഇങ്ങനെയൊരുമാറ്റമുണ്ടായെങ്കിൽ എനിക്കതു മതി… ആ സന്തോഷം മതി.’
അതെ, ഇത് വായിക്കുന്ന ഓരോ അമ്മമാരും ആത്മശോധന നടത്തേണ്ടതുണ്ട്. കുട്ടിയെ പനിക്കിടക്കയിൽ ശുശ്രൂഷിച്ചതിന്റെയും രാത്രിയിൽ കുഞ്ഞ് കരഞ്ഞതിന്റെയും ഒക്കെ പേരിൽ ദേഷ്യപ്പെടുകയും പരാതി പറയുകയും ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഓർക്കണം കഴിഞ്ഞ ഇരുപത്തിരണ്ട് വർഷം മകനെ കൈകളിലെടുത്തു നടക്കുന്ന ഈ അമ്മയുടെ സ്നേഹത്തെയും ത്യാഗത്തെയും കുറിച്ച്.
ബ്ലെസി: 9496769569