നീ വെറും പെണ്ണാണ്. വെറും പെണ്ണ്. പുരുഷമേധാവിത്വത്തിന്റെയും അധീശമനോഭാവത്തിന്റെയും ഉഗ്രരൂപിയായ, പൗരുഷമൊത്ത പുരുഷൻ തന്റെ കീഴുദ്യോഗസ്ഥയോട് പറയുന്ന വെള്ളിത്തിരയിലെ ഒരു ഡയലോഗാണ് ഇത്.
സ്ത്രീ വെറും നിസ്സാരക്കാരിയാണോ?പുരുഷനെക്കാൾ ഒരുപടി താഴെ നില്ക്കാൻ വിധിക്കപ്പെട്ടവളാണോ? പുരുഷന്റെ ആരോപണത്തിനും ആക്രോശത്തിനും മുമ്പിൽ അട്ട ചുരുളുന്നതുപോലെ ചുരുളേണ്ടവളുമാണോ അവൾ? ഒരിക്കലുമല്ല.
എത്രയോ അധികമായി ശക്തിയും കഴിവും ഉള്ളവളാണ് ഓരോ സ്ത്രീയും. എന്തുമാത്രം സാധ്യതകളാണ് അവളിലുള്ളത്? ഏതു മരുഭൂമിയെയും പൂവാടിയാക്കാനും ഏതു കൂരിരുളിലും വെളിച്ചം പരത്താനും അവൾക്ക് പ്രകൃത്യാ തന്നെ കഴിവുണ്ട്.
പ്രസവം പോലെയുള്ള ജൈവപ്രക്രിയ ദൈവം സ്ത്രീക്ക് നല്കിയതു വേദന സഹിക്കാൻ അവൾക്ക് അത്രമാത്രം കഴിവുള്ളതുകൊണ്ടാണ് എന്ന് ആരോ എഴുതിയത് ഓർമ്മിക്കുന്നു. പുരുഷനെക്കാൾ മാനസികമായി അവൾ ശക്തയാണ് എന്നുതന്നെയാണ് അതിന്റെ വ്യംഗം.
പുരുഷന് പോലും അപ്രാപ്യമെന്ന് കരുതി മാറ്റിനിർത്തിയിരുന്ന എത്രയോ മേഖലകളിൽ വെന്നിക്കൊടി പാറിക്കാൻ സ്ത്രീകൾക്ക് ഇതിനകം കഴിഞ്ഞിരിക്കുന്നു. പുരുഷൻ മാനസികമായി തകർന്നുപോകാവുന്ന എത്രയോ മേഖലകളിൽ അതിജീവനത്തിന്റെ പച്ചക്കൊടി അവൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
അതുകൊണ്ട് ഒരു സ്ത്രീയെയും വില കുറഞ്ഞവരായി കാണരുത്. അബലയെന്നും ചപലയെന്നും വിശേഷിപ്പിക്കുകയുമരുത്. അതുപോലെ സ്ത്രീകൾ തങ്ങളുടെ വില തിരിച്ചറിയുകയും വേണം. ചുറ്റുപാടുകൾ ചിലപ്പോൾ അവളോട് നീ നിസ്സാരയാണെന്ന് പറഞ്ഞേക്കാം. പക്ഷേ ഉള്ളിൽ വെളിച്ചമുള്ള ഒരുവൾക്ക് അങ്ങനെ ചെറുതാകാൻ വയ്യ. ആത്മജ്ഞാനമുള്ള ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരാൾക്കൊപ്പം തലയുയർത്തി നില്ക്കാനാവൂ.
അവളുടെ ഉള്ളിലെ പ്രകാശത്തിന് ഈ പ്രപഞ്ചത്തെ മുഴുവൻ തെളിച്ചമുള്ളതാക്കാൻ കഴിയും. അവ ളത് ഒരിക്കലും ഊതിയണയ്ക്കുകയുമരുത്.
സ്വന്തം ഹൃദയത്തിന്റെ നന്മകൊണ്ടും ആത്മബോധം കൊണ്ടും തനിക്കു ചുറ്റുമുള്ളവരുടെയും തന്റെയും ചുറ്റുപാടുകളെ പ്രദീപ്തമാക്കുന്ന ഓരോ സ്ത്രീകളുടെയും മുമ്പിൽ, വാക്കുകൊണ്ടും നോക്കു കൊണ്ടും ഏതൊരാളുടെയും ഹൃദയത്തിന്റെ മുറിവുകളെ ഉണക്കുന്നവരുടെ മുമ്പിൽ, ആത്മവിശ്വാസത്തോടെ വിജയങ്ങളെ എത്തിപിടിക്കുന്നവരുടെ മുമ്പിൽ.. കൂപ്പുകരങ്ങളോടെഒപ്പം സ്ത്രീക്കൊപ്പം…
എല്ലാ നന്മ നിറഞ്ഞ സ്ത്രീകൾക്കുമൊപ്പം…