നിന്നെ എന്തിന് കൊള്ളാം?

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം കേട്ടിട്ടില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കുമെന്ന് തോന്നുന്നു.കുട്ടിക്കാലത്ത് മാതാപിതാക്കള്‍, പിന്നീട് ഇത്തിരി കൂടി മുതിര്‍ന്ന് കഴിയുമ്പോള്‍ അധ്യാപകര്‍, കൂട്ടുകാര്‍, ജീവിതപങ്കാളി, മക്കള്‍, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍..

ചോദ്യങ്ങള്‍ വന്നുവീഴുന്ന ഇടങ്ങളും ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും ഇങ്ങനെ മാറിക്കൊണ്ടേയിരിക്കും. നിന്നെ് എന്തിന് കൊള്ളാം? നമ്മുടെ ഏതെങ്കിലും ചെറിയ പിഴവുകളോ അജ്ഞതയോ അശ്രദ്ധയോ ഒക്കെയായിരിക്കും മറ്റുള്ളവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ആ ചോദ്യത്തിന് മുമ്പില്‍ സ്വഭാവികമായും നമ്മില്‍ സംഭവിക്കുന്ന ഒന്നുണ്ട്. ഒരു തുള്ളി മഷി വെള്ളപേപ്പറില്‍ വീഴുമ്പോള്‍ സംഭവിക്കുന്നതെന്തോ അതുപോലെ നമ്മുടെ ഉള്ളിലേക്ക് നിഷേധാത്മക ചിന്തകള്‍ പരക്കുന്നു. ഞാന്‍ കഴിവില്ലാത്തവനാണ്..എന്നെക്കൊണ്ട് ഒന്നിനും കൊള്ളാത്തവനാണ്. ക്രമേണ ഈ ചിന്ത നമ്മെ കീഴടക്കുന്നു. തല്‍ഫലമായി നാം അപകര്‍ഷതാബോധത്തിന് അടിമകളായിത്തീരുന്നു.


ജീവിതത്തില്‍ ഒരു ഘട്ടംവരെ വലിയ തോതില്‍ അപകര്‍ഷതാബോധത്തിന് അടിമയായിക്കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഞാന്‍. എനിക്ക് എന്റെ ഉള്ളിലെ വെളിച്ചം കാണാന്‍ കഴിയാതെ നാളുകളായിരുന്നു അവയെന്ന് ഇപ്പോള്‍  തെല്ല് ഖേദത്തോടെ ഓര്‍മ്മിക്കുന്നു. ചുറ്റുപാടും നോക്കുമ്പോള്‍ അപകര്‍ഷതവര്‍ദ്ധിപ്പിക്കുന്ന ഒരുപിടി കാരണങ്ങളുമുണ്ടായിരുന്നു.  സാമ്പത്തികം, ആരോഗ്യം, ബുദ്ധി, സൗന്ദര്യം.. അതിനിടയിലാവാം  പ്രിയപ്പെട്ടവരില്‍ നിന്നുള്ള ചില കുത്തുവാക്കുകളും..കണ്ട് പഠിക്കടെ അവരെ..ആത്മനിന്ദയുടെ ആഴങ്ങളില്‍ സ്വയം നഷ്ടപ്പെട്ട ഇരുണ്ട ദിനങ്ങള്‍.


ലോകത്തില്‍ വച്ച് ഒരാള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്ടം എന്ന് പറയുന്നത് അയാള്‍ക്ക് അയാളോട് തന്നെയുള്ള ആദരവ് നഷ്ടപ്പെടുന്നതാണ് എന്നതാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. ഞാന്‍ ഒന്നുമില്ലാത്തവനാണെന്നും എനിക്ക് ഒരു കഴിവുമില്ലെന്നും ഈ ലോകത്തില്‍ ജീവിച്ചിരിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ലെന്നുമുള്ള ചിന്തകളോടെ തല കുനിച്ച് ഈ സമൂഹത്തിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്.  അത് ശരിയായ വഴിയല്ല. ശരിയായ ചിന്തയുമല്ല.


 നമുക്കൊരുപക്ഷേ എല്ലാ കാര്യങ്ങളും അറിവില്ലായിരിക്കാം..എല്ലാ കാര്യങ്ങളും ചെയ്യാന്‍ നമുക്ക് കഴിവുമുണ്ടായിരിക്കുകയില്ല. പക്ഷേ ഒരു കാര്യം  മനസ്സിലാക്കേണ്ടിയിരിക്കുന്നു. എല്ലാ കാര്യങ്ങളും ചെയ്യാന്‍ അറിയുന്നവരായി ആരും തന്നെ  ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അത് വളരെ കുറവുമായിരിക്കും. എല്ലാവരും ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരല്ല നാം എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. അവരില്‍ നിന്ന് വ്യത്യസ്തമായി എന്തോ ഞാന്‍ ചെയ്യേണ്ടിയിരിക്കുന്നു..അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് ഞാന്‍. ഈ ഒരു തിരിച്ചറിവിലേക്ക്  മാറേണ്ടിയിരിക്കുന്നു. മറ്റൊരാള്‍ പറഞ്ഞ് സംഭവിക്കേണ്ട മാറ്റമല്ലിത്. സ്വയം കണ്ണാടിയില്‍ നോക്കി സൗന്ദര്യം ആസ്വദിക്കുന്നതുപോലെ ഉള്ളിലെ ആന്തരികവെളിച്ചത്തെ നാം തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. ദിവസത്തില്‍ എത്രയോ തവണ നാം കണ്ണാടിയില്‍ നോക്കി സ്വന്തം സൗന്ദര്യത്തെ വിലയിരുത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യാറുണ്ട്! പക്ഷേ അതില്‍ ഒരുതവണ പോലും നാം  നമ്മുടെ ആന്തരികതയുടെ വെളിച്ചത്തെ പ്രസരിപ്പിക്കാനോ വര്‍ദ്ധിപ്പിക്കാനോ കഴിയത്തക്കവിധത്തില്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം. ബാഹ്യമായ കരുത്തോ സൗന്ദര്യമോ  ഒന്നുകൊണ്ട് മാത്രമല്ല ഇവിടെ പലരും വിജയങ്ങള്‍ നേടിയെടുത്തിട്ടുള്ളത്. ആന്തരികമായ ചോദനകളായിരുന്നു അവരുടെ മൂലധനം. ബാഹ്യമായി പലതും ഉണ്ടായിരിക്കെ തന്നെ അവര്‍ ആന്തരികമായി കൂടി ശക്തരായിരുന്നു. ആത്മവിശ്വാസമുള്ളവരായിരുന്നു. സ്വന്തം കഴിവില്‍ അഭിമാനിച്ചവരായിരുന്നു.


ഇവിടെയാണ് ഒരു ദൈവവിശ്വാസിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ളത്. പലരുടെയും ആത്മവിശ്വാസത്തിന് അവരുടെ ആത്മീയതയുമായി കൂടി ബന്ധമുണ്ട്. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍ പെട്ടുപോകുന്നതല്ല യഥാര്‍ത്ഥ ആത്മീയതയെന്നുകൂടി പറയട്ടെ. 
 ദൈവം നമ്മെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ മറ്റാരൊക്കെ നമ്മെ അപമാനി്ച്ചാലും നമുക്കെന്ത്? ദൈവം നമ്മെ ആത്മാഭിമാനമുള്ളവരും കഴിവുള്ളവരും  സ്വന്തം ഇടങ്ങളില്‍ വിജയിക്കാനായി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരുമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരാളെ ഒരു കുഴിയിലേക്ക് തള്ളിയിടുന്നതാണ് ഒരാളെ ഒരു കുഴിയില്‍ നിന്ന് വലിച്ചുകയറ്റുന്നതിനെക്കാളും എളുപ്പം.ലോകം ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അതുകൊണ്ട് സ്വയംവിചാരങ്ങളുടെ നിഷേധാത്മകതടവറകളില്‍ നിന്ന് ഇനിയും വൈകാതെ പുറത്തുകടക്കുക.. പുതിയ ആകാശവും പുതിയ ഭൂമിയും കാണുക. 


 നിന്നെ് എന്തിന് കൊള്ളാം എന്ന് ചോദിക്കുന്നവരോട് എന്നെക്കൊണ്ട് കൊള്ളാവുന്നത് ഞാന്‍ കാണിച്ചുതരും എന്ന് പറയാനുള്ള തന്റേടം ഉണ്ടായിരിക്കുക. അതിന് വേണ്ടി കാത്തിരിക്കാനും അദ്ധ്വാനിക്കാനും തയ്യാറായിരിക്കുക. ഞാന്‍ കൊള്ളാം, എനിക്ക് കഴിവുണ്ട്,,ഞാന്‍ വിജയിക്കും എന്ന് ഓരോ ദിനവും സ്വന്തം ആന്തരികതയോട് ആവര്‍ത്തിച്ചുറപ്പിച്ച് പറയുക. വാക്കുകള്‍ ഉള്ളില്‍ വളരേണ്ടതാണ്. സ്‌നേഹത്തിന്റെ , നന്മയുടെ, പ്രോത്സാഹനത്തിന്റെ.. എന്നാല്‍ നിഷേധാത്മകമായ വാക്കുകള്‍ ചുവടോടെ പിഴുതെറിയേണ്ടവയാണ്.

വിനായക് നിര്‍മ്മല്‍

error: Content is protected !!