സ്‌നേഹിക്കുന്നതിന്റെ സന്തോഷങ്ങൾ

Date:

spot_img

ദിവസം തോറും എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ് നമ്മൾ. എന്നിട്ടും അവരിൽ നിന്ന് ഒരാൾ നമ്മെ സ്നേഹത്തിനായി  പ്രത്യേകമായി ക്ഷണിക്കുന്നു. അല്ലെങ്കിൽ അയാളുടെ സ്നേഹം നമ്മെ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായി മാറ്റിനിർത്തുന്നു. നാം അയാളുമായി സ്നേഹത്തിലാകുന്നു. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണത്.

രണ്ടു പേർ സ്നേഹത്തിലാകുക. സ്നേഹിക്കും എന്ന് രണ്ടുപേർ തീരുമാനമെടുക്കുക. മറ്റെല്ലാവരിൽ നിന്ന് കൂടുതലായും വ്യത്യസ്തമായും രണ്ടുപേർ സ്നേഹത്തിലാകുക.  ആ അവസ്ഥയും ആ തീരുമാനവുമാണ് നമ്മുടെ ജീവിതങ്ങളെ ഏറ്റവും മനോഹരമാക്കുന്നത്. വേണമെങ്കിൽ നമുക്കാരെയും സ്നേഹിക്കാതെ കടന്നുപോകാം. സ്നേഹിക്കാതെ കടന്നുപോകുമ്പോൾ ഒരു നഷ്ടങ്ങളുമുണ്ടാകുന്നില്ല. സ്നേഹിക്കാൻ തീരുമാനിക്കുമ്പോഴാകട്ടെ നമ്മുടെ ഹൃദയം മുറിയുകയും മനസ്സ് തേങ്ങുകയും ചെയ്യുന്നു. അത് ചിലപ്പോഴെങ്കിലും നഷ്ടങ്ങളും നല്കിയേക്കാം.എന്നിട്ടും സ്നേഹിക്കാതിരിക്കാനാവില്ല നമുക്ക്. 

കാരണം ആ വേദനയാണ് നമ്മുടെ സ്നേഹത്തിന്റെ മൂലധനം. സ്നേഹത്തിന്റെ പേരിൽ മുള്ളുകൊള്ളുമ്പോൾ സ്നേഹം നമുക്ക് ഭാരമായേക്കാം. ഇനിയാരെയും സ്നേഹിക്കില്ല എന്ന് വെറുതെ ശപഥം എടുക്കുകയും ചെയ്തേക്കാം. പക്ഷേ ആ വേദനയും തീരുമാനവുമാണ് നമ്മൾ നല്കിയ സ്നേഹം വിലയുള്ളതായിരുന്നുവെന്ന് നമുക്ക് തന്നെ വ്യക്തമാക്കാനുള്ള അടയാളം. ഇനിയും മറ്റുള്ളവരെ സ്നേഹിക്കാൻ നമുക്ക് ചിലപ്പോൾ ധൈര്യം തരുന്നതുപോലും അതായിരിക്കും. സ്‌നേഹിക്കുന്നവരുടെ സാന്നിധ്യവും സാമീപ്യവുമാണ് ലോകത്തിലേക്കും വച്ചേറ്റവും സുരക്ഷിതമായ ഇടം. എത്ര തിരക്കുണ്ടെങ്കിലും കുറെക്കൂടിചേർന്നിരിക്കാൻ തോന്നിപ്പോകും. എത്ര വിഷമമുണ്ടെങ്കിലും ആ അണച്ചുപിടിക്കലിൽ എല്ലാം അലിഞ്ഞുപോകും.

ഏതു മഴയത്തും അത് നമുക്ക് ചൂടു നല്കും. ഏതു ചൂടിലും അത് തണൽ വിരിക്കും. സ്നേഹത്തിലായിരിക്കുക എന്നതാണ് മുഖ്യം.  എല്ലാം സ്നേഹമെന്ന് നാം പൊതുവെ വ്യവഹരിക്കുമ്പോഴും എല്ലാം  സ്നേഹമല്ലെന്ന് കൂടി പറയേണ്ടിയിരിക്കുന്നു. നീ അനുചിതമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുമ്പോഴും സ്വാർത്ഥത അന്വേഷിക്കുമ്പോഴും ആത്മപ്രശംസ നടത്തുമ്പോഴും വിദ്വേഷം വച്ചുപുലർത്തുമ്പോഴും  സ്നേഹിക്കുന്നു എന്നതിന്റെ പേരിൽ പ്രതിസ്നേഹത്തിനായി വാശിപിടിക്കുമ്പോഴും നിന്റേത് സ്നേഹമാകുന്നില്ല.

സ്നേഹത്തിലെത്താനുള്ള ചില വഴികളോ സ്നേഹിക്കാനുള്ള ശ്രമങ്ങളോ ആയി അതിനെ കണക്കാക്കിയാൽ മതി.സ്വന്തം അസ്തിത്വം തേടുന്നതിന്റെ ഭാഗമാണെന്ന് തോന്നുന്നു ഒരാളുടെ സ്നേഹിക്കാനുള്ള ആഗ്രഹം പോലും. ഒരാളുടെ സ്നേഹത്തിന്റെ തീരങ്ങളിൽ നില്ക്കുമ്പോൾ നാം ഏറെ ബഹുമാന്യനും പ്രിയങ്കരനുമാണെന്ന് തോന്നിപോകും.  പിന്തള്ളപ്പെട്ടുപോകുമ്പോൾ  വെറും ‘ഓട്ടക്കാലണ’കൾ ആണെന്നും. നീയെന്നെ സ്നേഹിക്കുമ്പോഴെന്നതിലേറെ നിന്നെ ഞാൻ സ്നേഹിക്കുമ്പോഴായിരുന്നു എന്റെ ആത്മാവ് സന്തോഷിച്ചിരുന്നത്. നിന്നെ ഞാൻ എന്തുമാത്രം സ്നേഹിച്ചിരുന്നുവെന്ന് തിരിച്ചറിയുന്നത്. സ്നേഹിച്ചിരിക്കുമ്പോൾ എന്നതിലേറെ സ്നേഹിച്ചു നഷ്ടപ്പെടുമ്പോഴാണ് സ്നേഹിക്കുന്നവരുമായുള്ള ഓർമ്മകൾ നമ്മെ പിന്തുടരുന്നത്. ഒരുമിച്ചു നടന്ന വഴികളും യാത്രകളും ഒരുമിച്ചു കേട്ട പാട്ടുകളും കയറിയിറങ്ങിയ കോഫീഹൗസുകളും തീയറ്ററുകളും… കണ്ണുനിറയ്ക്കുന്ന ഇന്നലെകളിലെ തിരുശേഷിപ്പുകൾ. 

എന്നെ സ്നേഹിച്ച എല്ലാവരോടും  എനിക്ക് നന്ദി തോന്നുന്നു. കാരണം പലരിൽ നിന്ന് നിങ്ങൾ എന്നെ പ്രത്യേകമായി മാറ്റിനിർത്തിയല്ലോ? നിങ്ങളുടെ സ്നേഹത്തിന് എന്നെയും അവസാനമാക്കി യല്ലോ? അവസാനമായി എനിക്ക് നിന്നോട് ഒന്നു പറയാനുണ്ട്. എന്നും നീയെന്റെ ഹൃദയമായിരുന്നു, എന്റെ ആത്മാവും സമ്പത്തുമായിരുന്നു. എന്റെ ഇന്നും നാളെയും നീയായിരുന്നു. ഞാനിപ്പോഴും നീയുമായി സ്നേഹത്തിലാണ്.  ഇന്ന് നീ എന്റെ അരികിൽ ഇല്ലെങ്കിലും നീയെന്നെ അകന്നുപോയെങ്കിലും.പക്ഷേ എനിക്കറിയാം എത്ര വെറുപ്പിലും എത്ര മറവിയിലും നിനക്ക് എന്നെ ഓർമ്മിക്കാതിരിക്കാനാവില്ല എന്ന്. നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്റെ  രാത്രികളെ പ്രകാശമാനമാക്കുന്നു, എന്റെ പകലുകളെ അത് പ്രചോദനാത്മകമാക്കുന്നു.നിനക്ക് നന്ദി, ഒരാളെ സ്നേഹിക്കാൻ എനിക്കിത്രമേൽ സാധിക്കുമെന്ന് ബോധ്യപ്പെടുത്തിതന്നതിന്… എന്റെ സ്നേഹത്തെക്കുറിച്ച് എനിക്ക് തന്നെ മതിപ്പുണ്ടാക്കിയതിന്…

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...
error: Content is protected !!