പ്രിയാ വാര്യര്‍ക്ക് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകള്‍ കടന്നു ചെന്ന താരമാണ് പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയാ ആ കണ്ണിറുക്കല്‍ ഏറ്റെടുത്തതോടെ വിമര്‍ശനങ്ങളും പുകഴ്ത്തലുകളും ഒന്നുപോലെ ആ പെണ്‍കുട്ടിയെ തേടിച്ചെന്നിരുന്നു. അതോടൊപ്പം പല ഓഫറുകളും. അതിലൊന്നായിരുന്നു അല്ലു അര്‍ജുന്റെ നായികയാകാനുളള ക്ഷണം. നറുക്കു വീണെങ്കിലും പ്രിയയ്ക്ക് അല്ലുവിന്റെ നായികയാകാന്‍ സാധിച്ചില്ല. എന്തായിരുന്നു കാരണം?
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയ കാരണം വ്യക്തമാക്കിയത്. താന്‍ ആദ്യമായി അഭിനയിക്കുന്ന അഡാര്‍ ലവിന്റെ ഷൂട്ടിംങ് തിരക്ക് മൂലമാണ് അല്ലു അര്‍ജുന്റെ പടത്തില്‍ അഭിനയിക്കാന്‍ കഴിയാതെ പോയത് എന്നാണ് പ്രിയ വെളിപെടുത്തിയത്.
അല്ലു അര്‍ജുന്റെ ആരാധികയാണ് ഞാന്‍. പക്ഷേ അഡാര്‍ ലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതു മൂലം ആ ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിക്കാനായില്ല. പ്രിയ പറഞ്ഞു.
അഡാര്‍ ലവ് ഒമര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ്. തുടക്കത്തില്‍ ഈ ചിത്രത്തില്‍ ചെറിയൊരു റോളായിരുന്നു പ്രിയയുടേത്. എന്നാല്‍ കണ്ണിറുക്കല്‍ വൈറലായതോടെ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം വരികയും ഷൂട്ടിംങ് നീണ്ടുപോവുകയുമായിരുന്നു.
വാളക്കുഴി ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 14 ന് റീലീസ് ചെയ്യും. രാജ്യത്തെ 2000 തീയറ്ററുകളിലാണ് വിവിധ ഭാഷകളിലായി അന്നേ ദിവസം അഡാര്‍ ലവ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിനെതിരെ നിരവധി പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്.
പ്രിയാ വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം ശ്രീദേവി ബംഗ്ലാവ് ആണ്. ഈ ചിത്രത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ നിയമപരമായി യാതൊരു വിധ നോട്ടീസുകളും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും പ്രിയ അഭിമുഖത്തില്‍ വ്യക്തമാക്കി.