എക്‌സൈര്‍സൈസ് ചെയ്താല്‍ കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ഏറെക്കുറെ ചില ധാരണകളൊക്കെയുണ്ട്. ശരീരത്തിന്റെ ആരോഗ്യം, മനസ്സിന്റെ ആരോഗ്യം, രോഗങ്ങളെ അകറ്റിനിര്‍ത്താനുള്ള കഴിവ് അങ്ങനെ പലതും. എന്നാല്‍ ദിവസം തോറുമുള്ള ഓട്ടം, നടത്തം തുടങ്ങിയ വ്യായാമമുറകള്‍ കൊണ്ട് ചിന്തിക്കാനുള്ള കഴിവു കൂടുമോ?
ഉവ്വ് എന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. നടത്തം, സൈക്കിളിംങ്, പടികള്‍ കയറുക തുടങ്ങിയ എയറോബിക് വ്യായാമങ്ങള്‍ ദിവസവും ചെയ്താല്‍ ചിന്തിക്കാനുള്ള ശക്തി കൂടുമെത്രെ. പ്രായം ചെന്നവര്‍ക്ക് മാത്രമല്ല ചെറുപ്പക്കാരിലും ഇതേ ഗുണങ്ങള്‍ ഉണ്ടാവുമെന്നും പഠനം പറയുന്നു. വ്യായാമം കൊണ്ട് ചിന്താശക്തി വര്‍ദ്ധിക്കുന്ന പ്രക്രിയയെ എക്‌സിക്യൂട്ടീവ് ഫങ്ഷന്‍ എന്നാണ് വിളിക്കുന്നത്. ഇത് ഒരു വ്യക്തിയുടെ ദിവസം തോറുമുള്ള പെരുമാറ്റം, ലക്ഷ്യങ്ങള്‍ നേടാനുള്ള കഴിവ്, ശ്രദ്ധിക്കാനുള്ള കഴിവ് എന്നിവ വര്‍ദ്ധിപ്പിക്കാനുള്ള കഴിവാണ്.പഠനത്തിന് വിധേയമാക്കിയവരുടെ തലയുടെ എംആര്‍ഐ പഠനത്തിന് മുമ്പും ശേഷവും എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ദിവസവും വ്യായാമം ചെയ്യുന്നവരുടെ എക്‌സിക്യൂട്ടീവ് ഫങ്ഷന്‍ വര്‍ദ്ധിച്ചതായും പഠനം പറയുന്നു. ജേര്‍ണല്‍ ഓഫ് ന്യൂറോളജിയിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.