റിയാൻ വൈറ്റ്; ഒരു വേട്ടയാടലിന്റെ ഇര

Date:

spot_img
റിയാൻ വൈറ്റിനെ അമേരിക്കയ്ക്ക് മറക്കാനാവില്ല. തന്റേതല്ലാത്ത കാരണങ്ങളാൽ എയ്ഡ്സ് രോഗബാധിതനായി ഇഹലോകത്തിൽ നിന്ന് വേർപിരിഞ്ഞുപോയ കൗമാരക്കാരനായിരുന്നു അവൻ. 1990 ഏപ്രിൽ എട്ടിന് മരിക്കുമ്പോൾ അവന് വെറും 18 വയസായിരുന്നു പ്രായം. എയ്ഡ്സിനെക്കുറിച്ചുള്ള സമൂഹത്തിന്റെ അതുവരെയുള്ള പൊതുധാരണകളെയെല്ലാം കടപുഴക്കിയെറിഞ്ഞുകൊണ്ടായിരുന്നു റിയാൻ എയ്ഡ്സ്  ബാധിതനായതും പിന്നെ അനിവാര്യമായ മരണത്തിന് കീഴടങ്ങിയതും.
മൂന്നാം വയസിൽ അഗ്രഛേദനകർമ്മത്തിന് വിധേയനായപ്പോഴാണ് റിയാന് ഹീമോഫീലിയാ രോഗമാണെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയത്.  കുട്ടിയുടെ രക്തസ്രാവം നിലയ്ക്കുന്നുണ്ടായിരുന്നില്ല. ചികിത്സയുടെ ഭാഗമായി പിന്നീട് തുടർച്ചയായ രക്തസ്വീകരണം അവന് വേണ്ടിവന്നു. 1984 ഡിസംബറിൽ ന്യൂമോണിയായെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴായിരുന്നു റിയാന് എയ്ഡ്സ് ആണെന്ന് തിരിച്ചറിഞ്ഞത്.
റിയാനെയും മാതാപിതാക്കളെയും മാത്രമല്ല സമൂഹത്തെ തന്നെ ആ വിവരം ഞെട്ടിച്ചുകളഞ്ഞു. അതുവരെ എയ്ഡ്സ് എന്നാൽ സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന രോഗമാണെന്നായിരുന്നു ധാരണ. കാരണം ആദ്യത്തെ രോഗനിർണ്ണയം ഒരു ഗേയിലായിരുന്നു നടന്നിരുന്നത്. പക്ഷേ റിയാന്റെ രോഗവഴി അതായിരുന്നില്ല. രക്തസ്വീകരണം വഴിയായിരുന്നു റിയാൻ എയ്ഡ്സ് രോഗിയായത്. റിയാൻ രോഗബാധിതനാണെന്ന് അറിഞ്ഞതോടെ അവന് സ്‌കൂൾ പ്രവേശനം നിഷേധിച്ചു. 360 കുട്ടികൾ മാത്രം പഠിച്ചിരുന്ന ആ സ്‌കൂളിലെ 117 കുട്ടികളുടെ മാതാപിതാക്കളും 50 അധ്യാപകരും ചേർന്ന് ഒരു പെറ്റീഷൻ വരെ സ്‌കൂൾ അധികാരികൾക്ക് നല്കി. റിയാനെ സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.  1986-87 ൽ വെസ്റ്റേൺ മിഡിൽ  സ്‌കൂളിലായിരുന്നു റിയാൻ പഠിച്ചിരുന്നത്. എന്നാൽ അത് അവനെ സംബന്ധിച്ചിടത്തോളം ഏറെ വേദന നിറഞ്ഞ ദിവസങ്ങളായിരുന്നു. എല്ലാവരും അവനെ അറപ്പോടും വെറുപ്പോടും കൂടിയാണ് കണ്ടത്.
ഭക്ഷണം കഴിക്കാൻ പ്രത്യേക  പാത്രങ്ങളും പ്രത്യേക ബാത്ത് റൂമും. ഇതിന് പുറമെ ജീവന് നേരെയുള്ള ഭീഷണികളും ആക്രമണങ്ങളും. റിയാനെ കാണുന്നതുപോലും റിസ്‌ക്കായിട്ടാണ് നാട്ടുകാർ കരുതിയത്. അവന്റെ നിഴൽപോലും അടിച്ചാൽ തങ്ങൾക്ക് രോഗം വരുമെന്ന് അവർ ഭയന്നു. പേപ്പർ ബോയ് ആയി അവൻ ജോലി ചെയ്തിരുന്നു അക്കാലത്ത്. ന്യൂസ്പേപ്പറിൽ കൂടി രോഗം വരുമെന്ന് ഭയന്ന് പലരും അവന്റെ കൈയിൽ നിന്നുള്ള പത്രം വാങ്ങലും അവസാനിപ്പിച്ചു. ഇങ്ങനെ പലയിടത്തു നിന്നുമുള്ള തുടർച്ചയായ അവഗണന, ഒറ്റപ്പെടുത്തൽ… ഒരു തവണ ആരോ അവന്റെ ലിവിംങ് റൂമിന് നേരെ വെടിവയ്ക്കുക പോലും ചെയ്തു. ഭാഗ്യത്തിന് ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഇത്തരം വിവേചനങ്ങളും ആക്രമണങ്ങളും തുടർക്കഥയായപ്പോൾ അവർ ഇൻഡ്യാനയിലേക്ക് താമസം മാറി. തുടർന്ന് ഹാമിൽട്ടൺ ഹെയ്റ്റ്സ് ഹൈസ്‌കൂളിലായിരുന്നു പഠനം. അവിടെ സ്ഥിതിഗതികൾ കുറെക്കൂടി ഭേദപ്പെട്ട നിലയിലായിരുന്നു. അപ്പോഴേയ്ക്കും എയ്ഡിനെക്കുറിച്ചുള്ള ഏകദേശധാരണകൾ കുട്ടികൾക്കും മറ്റുള്ളവർക്കും കിട്ടിത്തുടങ്ങിയിരുന്നു. 1990 മാർച്ച് 29 ന് റിയാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു. ഏപ്രിൽ എട്ടിന് ആ ജീവിതം പാതിവഴിയിൽ നിലച്ചു. ആയിരത്തഞ്ഞൂറോളം പേർ പങ്കെടുത്ത ശവസംസ്‌കാരമായിരുന്നു റിയാന്റേത്. മൈക്കൽ ജാക്സനും ബാർബറ ബുഷും അക്കൂട്ടത്തിൽ പെടുന്നു. റിയാന്റെ ശവസംസ്‌കാര ദിവസം മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ വാഷിംങ്ടൺ പോസ്റ്റിൽ റിയാന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
മരണം കഴിഞ്ഞും റിയാൻ വേട്ടയാടപ്പെട്ടതിന്റെ കഥ കൂടി അറിഞ്ഞിരിക്കണം.  നാലുതവണയാണ് അവന്റെ ശവകുടീരം ആക്രമിക്കപ്പെട്ടത്.  എയ്ഡ്സ് എന്ന മഹാരോഗത്തിന്റെ നിഷ്‌ക്കളങ്കനായ ഇരയായിമാറിയിരുന്നു റിയാൻ.
എയ്ഡ്സ് രോഗിയോടുള്ള സമൂഹത്തിന്റെ ധാരണകൾ അത്രത്തോളം അക്കാലത്ത് ഇടുങ്ങിയതായിരുന്നുവെന്നാണ് റിയാന്റെ കഥ നമ്മോട് പറയുന്നത്. തെറ്റു ചെയ്യാതെ ക്രൂശിക്കപ്പെട്ട നിരപരാധിയായിരുന്നു റിയാൻ. ഇന്നും അതിന് മാറ്റം വന്നിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുമില്ല. എങ്കിലും എയ്ഡ്സ് എന്നാൽ അരാജകവാദികൾക്ക് മാത്രം വന്നുപെടാവുന്ന ഒരു രോഗമല്ല എന്നുള്ള തിരിച്ചറിവ് ഇന്ന് പലർക്കുമുണ്ട്. സുരക്ഷിതമല്ലാത്ത സെക്സിന് പുറമെ രക്തസ്വീകരണം വഴിയും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും രോഗബാധിതർക്കായി ഉപയോഗിച്ച സിറിഞ്ചിന്റെ ഉപയോഗം വഴിയുമെല്ലാം എയ്ഡ്സ് പകരാനുള്ള സാധ്യതയുണ്ടെന്ന് ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
 ഏറ്റവും പുതിയ കണക്കനുസരിച്ച് (2017)  ലോകവ്യാപകമായി 35 മില്യൻ പേരാണ് ഈ രോഗം മൂലം മരണമടഞ്ഞിരിക്കുന്നത്. എയ്ഡ്സ് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന മരുന്നുകളൊന്നും ഇന്നേ വരെ ഫലപ്രദമായി കണ്ടുപിടിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതുതന്നെയാണ് ഈ രോഗത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നതും.  എന്നാൽ തുടക്കത്തിൽ തന്നെ രോഗനിർണ്ണയം നടന്നുകഴിഞ്ഞാൽ ആയുസ് ദീർഘിപ്പിക്കാൻ സാധിക്കുന്നുമുണ്ട്. എച്ച് ഐ വി ബാധിതനാണെന്ന് തിരിച്ചറിയപ്പെട്ടതിനു ശേഷം പതിനൊന്ന് വർഷം വരെ വ്യക്തികൾ ജീവിച്ചിരുന്നിട്ടുണ്ട്.
എയ്ഡ്സ് പ്രതിരോധത്തിനായുള്ള ലോക ഉച്ചകോടി നടന്ന 1988ന് ശേഷമാണ് ‘വേൾഡ് എയ്ഡ്സ്  ഡേ’ ആചരണത്തിന് തുടക്കം കുറിച്ചത്. അന്നുമുതൽ എയ്ഡ്സ് ബോധവൽക്കരണത്തിനായി  ലോക എയ്ഡ്സ് ദിനമായി ഡിസംബർ ഒന്ന് ആചരിച്ചുവരുന്നു. ലോക എയ്ഡ്സ് ദിനത്തിന്റെ മുപ്പതാം വാർഷികം ഈ വർഷം ആചരിക്കുമ്പോൾ “know your status’ എന്നതാണ് വിഷയമായി സ്വീകരിച്ചിരിക്കുന്നത്. ഇന്ന് ലോകത്തിൽ നാലിൽ മൂന്നുപേരും എച്ച് ഐവി ബാധിതരായിട്ടാണ് ജീവിക്കുന്നത് എന്നതാണ് നടുക്കമുളവാക്കുന്ന വസ്തുത. എന്നാൽ തങ്ങൾ എച്ച്ഐവി ബാധിതരാണോ എന്ന കാര്യം അവർക്ക് അറിവുമില്ല. ഈ സാഹചര്യത്തിലാണ് “know your status’ എന്ന വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!