തീവ്രവും തീക്ഷ്ണവുമായ വികാരങ്ങളിലൊന്നാണ് പ്രണയം. ജീവിതത്തില്‍ എന്തിനോടെങ്കിലുമൊക്കെയുള്ള പ്രണയം ഉള്ളില്‍ കൊണ്ടുനടക്കാത്തവരായി ആരും തന്നെയുണ്ടെന്നും തോന്നുന്നില്ല. കാരണം പ്രണയം ഇല്ലാതെ ജീവിക്കാനാവില്ല. എന്നിട്ടും പ്രണയം എന്ന വാക്കിനെ സ്ത്രീപുരുഷ ബന്ധത്തോട് ചേര്‍ത്തുവച്ചുമാത്രമാണ് നാം പൊതുവെ വിലയിരുത്തുന്നതും. സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോന്നുന്ന പ്രണയം. ആ പ്രണയത്തിലാണ് പ്രപഞ്ചത്തിന്റെ നിലനില്പും. ഇങ്ങനെയൊരു പ്രണയത്തെ തന്നെയാണ് ആസിഫ് അലിയുടെ പുതിയ സിനിമയായ മന്ദാരവും അവതരിപ്പിക്കുന്നത്. പക്ഷേ ഒറ്റവാക്കില്‍ ആദ്യം തന്നെ പറയട്ടെ മനസ്സില്‍ നോവുണര്‍ത്തുന്നതോ ഒരു വട്ടമെങ്കിലും കണ്ണുനിറയ്ക്കുന്നതോ ഏതെങ്കിലുമൊക്കെ ഗൃഹാതുരമായ ഓര്‍മ്മയുണര്‍ത്തുന്ന രംഗമോ ഇതില്‍ ഇല്ല. ആവര്‍ത്തനത്താല്‍ വിരസമാവാത്തതായിട്ടൊന്നേയുള്ളൂ പാരില്‍ പ്രേമം എന്ന് കവി പാടിയിട്ടുണ്ടെങ്കിലും ആസിഫ് അലി അവതരിപ്പിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തിന്റെ പ്രേമം അത്യാവശ്യം വിരസത തന്നെയാണ് സമ്മാനിക്കുന്നത്.പ്രണയനഷ്ടമുണ് ടാകുമ്പോള്‍ കഥാപാത്രങ്ങളുടെ മാനസികവ്യഥയോട് പ്രേക്ഷകന് സംവദിക്കാനാകുന്നത് ആ പ്രണയത്തിന്റെ തീവ്രത അവര്‍ക്കും മനസ്സിലാകുന്നതുകൊണ്ടാണ്. ഇവിടെ രാജേഷിന്റെ പ്രേമങ്ങളൊക്കെ തകരുകയോ വിടരുകയോ ചെയ്യുമ്പോഴും ഒടുവില്‍ അപ്രതീക്ഷിതമായി കിട്ടുന്ന പ്രണയസാഫല്യത്തിന്റെ നെറുകയില്‍ രാജേഷ് ഹിമാലയത്തിലേക്ക് യാത്ര ചെയ്യുമ്പോഴോ ഒന്നും പ്രേക്ഷകര്‍ക്ക് യാതൊരു അനുഭവവും ഉണ്ടാകുന്നില്ല. മാത്രവുമല്ല സാമാന്യം നല്ലരീതിയില്‍ കൂവലുകളുമുയരുന്നുണ്ടായിരുന്നു. ഇത് പ്രണയകഥയില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചതൊന്നും കിട്ടാതെ പോയതിന്റെ ഇച്ഛാഭംഗമാണ്. കഥാഗതിയില്‍ പണ്ടുമുതല്‍ പറഞ്ഞുവച്ചിട്ടുള്ളതും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുമായ ട്വിസ്റ്റോ വഴിത്തിരിവോ ഒന്നുമില്ലാതെ പഴകിയതാളത്തില്‍ ഇഴഞ്ഞുനീങ്ങുന്ന സിനിമയില്‍ ഏറ്റവും ബോറായിട്ടുള്ളത് രാജേഷിന്റെ പ്രണയത്തകര്‍ച്ചമൂലമുണ്ടാകുന്ന പൊട്ടിക്കരച്ചിലുകളാണ്. ആഴത്തില്‍ കുഴിച്ചുവയ്ക്കാത്ത ചെടികള്‍ക്ക് വേരുകള്‍ ആഴ്ത്താന്‍ കഴിയാത്തതുപോലെ രാജേഷിനോ അവന്റെ പ്രണയിനികള്‍ക്കോ പ്രേക്ഷകരുടെ ഹൃദയത്തില്‍ വേരോടിക്കാന്‍ കഴിയാതെ പോയി. ആസിഫ് അലിയുടെ തന്നെ ബിടെക് എന്ന സിനിമ ഓര്‍മ്മിച്ചുപോകുന്നു. തരക്കേടില്ലാത്ത ഒരു ആസിഫ് അലി ചിത്രം തന്നെയായിരുന്നു അത്. ബാംഗ്ലൂര്‍ പശ്ചാത്തലവും കോളജും പിന്നെ മന്ദാരം എന്ന മനോഹരമായ പേരും ഒക്കെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ഇത്തിരി പ്രതീക്ഷിച്ചുപോയത് അവരുടെ കുറ്റമല്ല. മലയാളത്തിലെ നല്ല പ്രണയചിത്രങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന രണ്ടു സിനിമകളും ഈ ചിത്രത്തില്‍ കണ്ടുവരുന്നുണ്ട്, വന്ദനവും അനിയത്തിപ്രാവും. ഐ ലവ് യൂ എന്ന വാക്ക് എട്ടുവയസുകാരനായ രാജേഷിന് സമ്മാനിക്കുന്നത് വന്ദനമാണ്. ആ വാക്കിന്റെ അര്‍ത്ഥം തേടിപോകുമ്പോള്‍ മുത്തച്ഛനാണ് മന്ദാരത്തെ ചൂണ്ടി മന്ദാരം വിടരുന്നതാണ് പ്രണയം എന്ന് അവന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ പ്രണയത്തിന് അവന്‍ നല്കുന്ന അര്‍ത്ഥം അതായി. അതോടെ അവന്റെ ഉള്ളിലും മന്ദാരം വിരിഞ്ഞുതുടങ്ങുകയായി. ചിത്രത്തിന് മന്ദാരം എന്ന പേരു വീണത് എങ്ങനെയാണെന്ന് മനസ്സിലായില്ലേ? മനോഹരവും തത്ത്വചിന്താപരവുമായ ചില സംഭാഷണശകലങ്ങള്‍ സമീപകാലത്തെ സിനിമകളില്‍ നിന്ന് മന്ദാരത്തെ വ്യത്യസ്തമാക്കുന്നുണ്ട്. നമ്മുടെ സന്തോഷത്തിന്റെ താക്കോല്‍ മറ്റുള്ളവരുടെ കൈയില്‍കൊടുക്കരുതെന്നും മറ്റുമുള്ളത് ഉദാഹരണം.
അക്കാര്യത്തില്‍ സംഭാഷണരചയിതാവായഎം സജാസിന് അഭിമാനിക്കാം. കാല്പനികതയുടെ ചിലതുണ്ടുകള്‍ അവിടവിടെയായി അവതരിപ്പിച്ചിട്ടുമുണ്ട്. നക്ഷത്രം എണ്ണുന്നതും കായലിന്റെ നടുവിലും വാഗമണ്‍ കുന്നുകളില്‍ രാത്രിയില്‍ വച്ചും പിറന്നാള്‍ സര്‍പ്രൈസ് നല്കുന്നതും മറ്റും. മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് പ്രണയവിവാഹം കഴിക്കരുതെന്ന പലവട്ടം ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. എന്നിട്ടും അങ്ങനെയുള്ള പ്രണയങ്ങളും ചിത്രത്തിലുണ്ട്. ജേക്കബ് ഗ്രിഗറിയുടെ കഥാപാത്രം ശ്രദ്ധേയമായി തോന്നി. കൂട്ടത്തില്‍ നടക്കുമ്പോഴൊക്കെ ഒരിടത്തും ആകില്ലെന്ന് നമ്മള്‍ ഉള്ളില്‍ വിധിയെഴുതുന്നവരൊക്കെ കാലം കഴിയുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ ഉയര്‍ന്ന പദവികളിലെത്തുന്നത് സ്വഭാവികമാണല്ലോ. പൊട്ടന്‍ എന്നും മണ്ടന്‍ എന്നുമായിരിക്കും നാം അവരെ കരുതിപ്പോരുന്നതും. പക്ഷേ എല്ലാവരെയും വിഡ്ഢികളാക്കുന്ന ബുദ്ധിസാമര്‍ത്ഥ്യം അവര്‍ക്കുണ്ടായിരിക്കും. അങ്ങനെയുള്ള ചിലരെ പരിചയമുള്ളതുകൊണ്ട് ആ കഥാപാത്രത്തോട് ഇത്തിരി ഇഷ്ടം തോന്നിയെന്നതും മറച്ചുവക്കുന്നില്ല. വിജീഷ് വിജയ് ആണ് സംവിധാനം. ആസിഫ് അലി ,ഗണേഷ്‌കുമാര്‍, നന്ദിനി, ഇന്ദ്രന്‍സ്, ജേക്കബ് ഗ്രിഗറി എന്നിവരൊഴികെ മറ്റുള്ള നടീനടന്മാരൊക്കെ താരതമേന്യേ അതിപരിചയക്കാരല്ല. പക്ഷേ നടീനടന്മാരുടെ ഫ്ര്ഷ്‌നസും യുവത്വവും മാക്‌സിമം യൂട്ടിലൈസ് ചെയ്യാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. നോക്കിനോക്കി നോക്കി നിന്ന് കാത്തു കാത്തുനിന്ന് മന്ദാരപ്പൂ വിരിയണത് എപ്പോഴാണെന്നും എങ്ങനെയാണെന്നും എന്നൊരു പാട്ടുണ്ട് ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍. പടം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ആ വരികളാണ് ഓര്‍മ്മവന്നത്. പക്ഷേ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി മന്ദാരം ഇങ്ങനെ വിരിയേണ്ടിയിരുന്നില്ല. സോറി.