പതറാതെ പാടിയ നാവുകളോ ഇടറാതെ ആടിയ പാദങ്ങളോ ഇല്ല എന്ന് ശ്രീകുമാരൻതമ്പി. മനമോടാത്ത വഴികളില്ല എന്ന് മനസ്സിന്റെ അപഥസഞ്ചാരങ്ങളെ ന്യായീകരിച്ചുകൊണ്ട് മഹാകവി കുമാരനാശാൻ. ശരിയാണ് പ്രശ്നങ്ങളൊക്കെയുണ്ട് കുടുംബത്തിൽ. പ ലതരത്തിലുള്ള പ്രശ്നങ്ങൾ. എന്നിട്ടും എന്തു സൗന്ദര്യമാണ് കുടുംബങ്ങൾക്ക്.. ആ വാക്കിന്. അതിനെ നിഷേധിച്ചുകൊണ്ട് കടന്നുപോകാൻ മാത്രം ഈ വാഴ് വ് അത്രമേൽ മോശപ്പെട്ടതൊന്നുമല്ല. എന്നിട്ടും കുടുംബത്തെ തകർക്കാനുള്ള ശ്രമങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന പലതും നടന്നുകൊണ്ടിരിക്കുകയാണ് ഇവിടെ.
സ്വവർഗ്ഗബന്ധങ്ങൾക്കും വിവാഹേതര ബന്ധങ്ങൾക്കുമുള്ള നിയമപരമായ പരിരക്ഷകളും സാധൂകരണവും അത്തരംചില ശ്രമങ്ങളാണ്. സ്വവർഗ്ഗബന്ധങ്ങൾ ചരിത്രത്തിന്റെ കാലം മുതൽ ഉണ്ടായിരുന്നു, ഇനിയും അതുണ്ടായിരിക്കും. വിവാഹം എന്ന ഉടമ്പടിയിൽ നിന്നുകൊണ്ട്തന്നെ അന്യസ്നേഹങ്ങളിലേക്ക് പോയവരുണ്ട്, നാളെയും അങ്ങനെ പോകാനിടയുള്ളവരുമുണ്ട്. അതും യാഥാർത്ഥ്യം. അവ സമ്മതിക്കുമ്പോൾ തന്നെ ഇത്തരം വ്യതിചലനങ്ങൾക്ക് നിയമപരമായ അംഗീകാരം നല്കുന്നതും അതിനെ പുരോഗമനപരമായി കൊണ്ടാടുന്നതും കുടുംബത്തെ തകർക്കുന്നതിന് തുല്യമാണ്. കുടുംബങ്ങൾ വേണം നമുക്ക് … നല്ല കുടുംബങ്ങൾ. അതെ, ഒപ്പം കുടുംബങ്ങൾക്കൊപ്പമാണ്. കുടുംബത്തിന്റെ നന്മകൾക്കൊപ്പം, സംഗീതത്തിനൊപ്പം.