ഡൗൺ സിൻഡ്രോം. കേൾക്കുമ്പോൾതന്നെ നാം അത്തരക്കാരുടെ വിധിയെഴുതും പരാജയപ്പെട്ടവർ, പാഴ്ജന്മങ്ങൾ. പക്ഷേ അത്യത്ഭുതകരമായി തങ്ങളുടെ ജീവിതങ്ങളെ അവർ ചിട്ടപ്പെടുത്തുകയും സാധാരണക്കാരെന്ന് നാം കരുതിപ്പോരുന്നവരെ അതിശയിപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് അവരെ ഈ മെച്ചപ്പെട്ട വിജയങ്ങൾ നേടിയെടുക്കാൻ സഹായിച്ചത്. ഇത്തിരിയോളമുള്ള കുറവുകളുടെയോ ആരുയെങ്കിലുമൊക്കെയുള്ള വിധിപ്രസ്താവങ്ങളുടെയോ പേരിൽ മനം മടുത്തിരിക്കുന്നവരും സ്വയം ഉള്ളിലേക്കൊതുങ്ങിക്കൂടുന്നവരും ഈ വിജയഗാഥകൾ അറിയണം, ഇവരെ പരിചയപ്പെടുകയും വേണം.
ജാമി ബ്രീവെർ
ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുത്ത ഡൗൺ സിൻഡ്രോം ആയ ആദ്യ വനിതയാണ് ഇവർ. ഒപ്പം നടിയും റിട്ടാർഡേഡ് എന്ന വാക്ക് രാജ്യത്തിന്റെ നിയമത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യവുമായി നിയമവ്യവസ്ഥയെ സമീപിക്കാൻ വരെ ഇവർ സന്നദ്ധയായി.
ഇസബെല്ലെ സ്പ്രിങ്മുൽ
2016 ൽ ബിബിസി തിരഞ്ഞെടുത്ത 100 വനിതകളിൽ ഒരാൾ ഗ്വാട്ടിമാല ഫാഷൻ ഡിസൈനർ ആയ ഇസബെല്ലെ ആയിരുന്നു. ലണ്ടൻ ഫാഷൻ വീക്കിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഡൗൺ സിൻഡ്രോം
ഫാഷൻ ഡിസൈനറും.
പാബ്ലോ പിനീഡാ
ഡൗൺ സിൻഡ്രോം ആയിട്ടും ആദ്യമായി ഡിഗ്രി സമ്പാദിച്ച യൂറോപ്യനാണ് ഇദ്ദേഹം. ഒപ്പം സ്പെയ്നിലെ നടനും അധ്യാപകനും.
ആഞ്ചെല ബാച്ചിലെർ
തന്നെപോലെയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ആഞ്ചെല സ്പെയ്നിലെ കൗൺസിലറാണ്. മറ്റെല്ലാവരെയും പോലെ തങ്ങൾക്കും അവകാശങ്ങളുണ്ടെന്ന നിലപാടിന് വേണ്ടിയുള്ളതാണ് ആഞ്ചെലയുടെ ജീവിതം.
മാഡെലിൻ സ്റ്റുവാർട്ട്
ഓസ്ട്രേലിയയിലെ സൂപ്പർ മോഡലിൽ ഒരാൾ. അന്താരാഷ്ട്ര ഫാഷൻ ഷോകളിലെ നിറസാന്നിധ്യം.
ടിം ഹാരിസ്
സ്പെഷ്യൻ ഒളിമ്പ്യനും മോട്ടിവേഷനൽസ്പീ ക്കറും. സ്വന്തം പേരിൽ അഞ്ചുവർഷം ഒരു റെസ്റ്റോറന്റും നടത്തിയിരുന്നു.
കാറെൻ ഗാഫ്നി
മനസ്സ് ആഗ്രഹിക്കുന്നതെന്തും നമുക്ക്സാധ്യമാണ് എന്ന് ലോകത്തോട് വിളിച്ചുപറയുന്ന വ്യക്തി. ഡോക്ടറേറ്റുകാരിയും പബ്ലിക് സ്പീക്കറും.
ലോകം ചെറുതല്ല തങ്ങളും നിസ്സാരക്കാരല്ല എന്നാണ് ഇവരൊക്കെയും നമ്മോട് പറയുന്നത്. ആത്മവിശ്വാസമാണ് ഏതൊരാളുടെയും ജീവിതവിജയം നിശ്ചയിക്കുന്നത്. സ്വയം ചെറുതാണ് എന്ന് വിചാരിക്കുന്ന ഒരാളെയും വലുതാക്കാൻ മറ്റാർക്കും കഴിയില്ല, ചില ആത്മാവബോധങ്ങൾ നല്കുകയല്ലാതെ. വിജയിക്കണമെന്നും ഈ ലോകം എന്റേതുകൂടിയാണെന്നും നാം കരുതണം, വിശ്വസിക്കണം. അപ്പോൾ മാത്രമേ നമുക്ക് നമ്മുടേതായ സംഭാവനകൾ ഈ ലോകത്തിന് നൽകാൻ കഴിയൂ. ഈ ലോകത്തിൽ നമ്മുടേതായ അടയാളപ്പെടുത്തലുകളും ഉണ്ടാവൂ. മറ്റുള്ളവർ എന്തുപറഞ്ഞാലും നമുക്കെന്ത്?