എപ്പോഴും കുറ്റപ്പെടുത്തുന്ന പങ്കാളികളുടെ ശ്രദ്ധയ്ക്ക്

Date:

spot_img
നിങ്ങളുടെ ജീവിതപങ്കാളി എപ്പോഴും നിങ്ങളെ വിമർശിക്കുന്ന വ്യക്തിയാണോ?കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണോ? നിങ്ങളിലെ ഒരു നന്മയെക്കുറിച്ചുപോലും പങ്കാളിക്ക് സംസാരിക്കാൻ കഴിയുന്നില്ലേ? തീർച്ചയായും നിങ്ങളുടെ ബന്ധത്തിൽ ഇടർച്ചകളും പതർച്ചകളുമുണ്ട്. ഇമോഷനൽ അബ്യൂസ് എന്നാണ് ഇതിനെ മനശ്ശാസ്ത്രം വിളിക്കുന്നത്.  ക്രമേണ നിങ്ങളുടെ മാനസികാരോഗ്യത്തെ ഈ അവസ്ഥ ദോഷകരമായി ബാധിക്കും.
നൂറു ശതമാനം സന്തോഷവും സംതൃപ്തിയും അനുഭവിക്കാൻ കഴിയുന്ന ബന്ധങ്ങൾ കുറവായിരിക്കാം ഈ ലോകത്തിൽ. ഇനി അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ തന്നെ കുറച്ചെങ്കിലും സന്തോഷവും സംതൃപ്തിയും അനുഭവിക്കാൻ കഴിയേണ്ടതല്ലേ? ഇതിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോൾ അത് ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും പിന്നീട് രോഗാവസ്ഥയിലെത്തുകയും ചെയ്യുന്നു എന്നാണ് മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായം.
 ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളും ഇടർച്ചകളും തുടർക്കഥയാകുമ്പോൾ  ഉത്കണ്ഠ, ഉറക്കപ്രശ്നം, വിഷാദം, ആത്മാഭിമാനക്കുറവ് തുടങ്ങിയവയ്ക്ക് വഴിയൊരുക്കും പോസിറ്റീവ് ചിന്ത ഉണ്ടാക്കുന്നതിന് പകരം  നെഗറ്റീവ് ചിന്തകൾ പ്രബലമാകും. മാനസികാരോഗ്യം തകരാറിലാകും.  വിട്ടുമാറാത്ത തലവേദന, ശരീര വേദന തുടങ്ങിയവയൊക്കെ ചിലപ്പോൾ മനസ്സിൽ അടിഞ്ഞുകൂടികിടക്കുന്ന നിഷേധാത്മകചിന്തകളുടെ പ്രതികരണമാകാം. പങ്കാളി തുടർച്ചയായി അവഗണിക്കുന്നതായി തോന്നുന്നതോ നിരുത്സാഹപ്പെടുത്തുന്നതോ മറ്റേ ആളെ വിഷാദിയും ഏകാകിയുമാക്കിത്തീർക്കും.
നിരന്തരമായി ഇങ്ങനെ ഇണയെ കുറ്റപ്പെടുത്തുന്നവർ ഒരു കാര്യം മനസ്സിലാക്കുക കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരും ഇല്ല. നിങ്ങൾ ഇണയ്ക്ക് നേരെ ചൂണ്ടുന്ന വിരലുകൾ അതുപോലെതന്നെ നിങ്ങളുടെ നേരെയും നീളുന്നുണ്ട്. നിങ്ങളത് മനസ്സിലാക്കുകയോ അവഗണിക്കുകയോ ആണ് ചെയ്യുന്നത് എന്നുമാത്രം. തിരുത്തലുകൾ വേണം. പക്ഷേ മുറിപ്പെടുത്താത്ത രീതിയിലായിരിക്കണം.
വ്യക്തിഹത്യ നടത്താത്ത രീതിയിലും ആത്മാഭിമാനം മുറിയപ്പെടാത്ത രീതിയിലുമായിരിക്കണം. അത്തരമൊരു വിവേകം കാണിക്കണം. നല്ല ബന്ധങ്ങൾ മാനസികാരോഗ്യത്തെ പോഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതൊരു ബന്ധവും കൂടെയുള്ള ആളെ വളർത്തുന്നതായിരിക്കണം, തളർത്തുന്നതാകരുത്.
ദാമ്പത്യം പോലെയുള്ള ബന്ധത്തിൽ ദമ്പതികൾ പരസ്പരം വളർത്തേണ്ടവരും ഒരുമിച്ചു വളരേണ്ടവരുമാണ്. കുറ്റപ്പെടുത്തലുകളും താഴ്ത്തിക്കെട്ടലുകളും കൊണ്ട് ഒരാൾ പോലും  നന്നായിട്ടില്ല എന്ന് അറിയണം. പകരം പങ്കാളിയുടെ നന്മകളെ കണ്ട് വളർത്താനും  പ്രോത്സാഹിപ്പിക്കാനും തയ്യാറാകുക.  മാനസികനില തകരാറിലായ പങ്കാളിയാണെങ്കിൽ ബന്ധങ്ങൾ തകരും, കുടുംബജീവിതം പ്രതിസന്ധിയിലാകും.
വിവാഹശേഷം പങ്കാളിയുടെ ആത്മാഭിമാനം വർദ്ധിച്ചിട്ടുണ്ടോ സന്തോഷം ഇരട്ടിയായിട്ടുണ്ടോ… നിങ്ങൾക്കതിൽ സന്തോഷിക്കാം, അഭിമാനിക്കാം. ഇനി അതല്ല പങ്കാളി മൂഡിയായി മാറുകയാണോ ചെയ്തത്, ആത്മാഭിമാനം നഷ്ടപ്പെട്ട അവസ്ഥയിലാണോ, സ്വയം ചിന്തിക്കുക തിരുത്തുക. പങ്കാളിയുടെ മാനസികാരോഗ്യവും പോസിറ്റീവായ ചിന്താഗതികളും മനോഭാവങ്ങളുമാണ് കുടുംബത്തിന്റെ സമ്പാദ്യം എന്ന് മറക്കരുത്.

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!