ചെറുപ്രായം മുതൽ മക്കൾ വിവാഹിതരും ഉദ്യോഗസ്ഥരും വരെ ആയിത്തീർന്നാലും അവരെ സ്വന്തമായി ചിന്തിക്കാനോ പ്രവർത്തിപ്പിക്കാനോ തയ്യാറാകാതെ ഇത്തരം മാതാപിതാക്കൾ കൂടെയുണ്ടായിരിക്കും. മക്കളുടെ എല്ലാ കാര്യങ്ങളും എപ്പോഴും സാധിച്ചുകൊടുക്കുന്നതുകൊണ്ട് ജീവിതത്തിലെ ഏറ്റവും ചെറുതുമുതൽ വലിയ കാര്യങ്ങൾക്ക് വരെ മക്കൾക്ക് ഇവരെ ഒഴിവാക്കാനുമാവില്ല. അമ്മേയെന്നോ അപ്പേയെന്നോ എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നവരാണോ നിങ്ങളുടെ മക്കൾ? നിങ്ങൾ അവർക്ക് ഹെലികോപ്റ്റർ പേരന്റ് ആണ് എന്നതിന്റെ സൂചനയാണത്.
ജീവിതത്തിലെ ഏതൊരു തീരുമാനം കൈക്കൊള്ളാനും ഈ മക്കൾക്ക് സാധിക്കാറില്ല. അവരെല്ലാ തീരുമാനങ്ങളും മാതാപിതാക്കൾക്ക് വിട്ടുകൊടുക്കും. അമിതമായ പുത്രവാത്സല്യം കൊണ്ട് മക്കൾക്ക് അർഹിക്കുന്നതിലുമേറെ പരിഗണനയും അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കുകയും ചെയ്യാതെ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിന് പ്രാപ്തരാക്കാനും മാതാപിതാക്കൾ ശ്രമിക്കണം.
മക്കൾക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിന് അവരുടെ അധ്യാപകരുമായി വഴക്കിടാൻ പോകുന്ന ശീലമുണ്ടോ നിങ്ങൾക്ക്? അതും ഹെലികോപ്റ്റർ പേരന്റിന്റെലക്ഷണമാണ്. അതുപോലെ മക്കൾ എവിടെ പോയാലും അവർക്ക് കൂടെ പോകുക. മക്കളെ കൂട്ടുകാർക്കൊപ്പം വിട്ടാലും ഒപ്പം ചെല്ലുക, ഹൈസ്ക്കൂളിലോ കോളജിലോ പഠിക്കുമ്പോൾ പോലും അവരെ സ്കൂളിലാക്കാനും തിരിച്ചുകൊണ്ടുവരാനും പോകുക. ഇതും ശരിയായ രീതിയല്ല. മക്കളുടെ ഹോംവർക്കുകൾ ചെയ്തുകൊടുക്കുന്നത് സഹായിക്കുന്ന അപ്പനമ്മമാരുമുണ്ട്. പ്രോജക്ടുകൾ ചെയ്തുകൊടുക്കുക പോലെയുള്ളവ ഉദാഹരണം. മക്കൾക്കുള്ള സഹായം എന്ന നിലയിലായിരിക്കും മാതാപിതാക്കൾ ഇക്കാര്യം ഉദ്ദേശിക്കുന്നതെങ്കിലും അതിന് മറ്റൊരു വശം കൂടിയുണ്ട്. നിങ്ങൾ മകന്റെയോ മകളുടെയോ ജീവിതം കൂടി ഏറ്റെടുക്കുകയാണ്. മക്കളെ അവരുടെ സാധ്യതകൾ തിരിച്ചറിയാനും അതനുസരിച്ച് വഴിതിരിച്ചുവിടാനും ശ്രമിക്കുകയാണ് വേണ്ടത്.
മക്കൾ വിവാഹിതരായിക്കഴിയുമ്പോൾ അവരുടെ ദാമ്പത്യജീവിതത്തിലെ തീരെ നിസ്സാരമായ കാര്യങ്ങളിൽ പോലും തലയിടുന്ന മാതാപിതാക്കളുണ്ട്. മക്കളെ സ്നേഹിക്കുന്നു എന്നതാണ് ഇതിനെല്ലാം അവരുടെ വിശദീകരണം. ഇതൊന്നും യഥാർത്ഥ സ്നേഹമല്ല പൊസസീവ്നെസ് ആണ് എന്നതാണ് സത്യം. മക്കളുടെ സ്നേഹം പിടിച്ചുപറ്റുക, അവരുടെ സ്നേഹം മറ്റൊരിടത്തേക്കും പോകാതിരിക്കാൻ തടകെട്ടിനിർത്തുക -ഇതിന് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളാണ് ഈ മാതാപിതാക്കൾ ചെയ്യുന്നത്.