പ്രകൃതിയെ നശിപ്പിച്ചാൽ ഒരുപാട് കാലം കഴിഞ്ഞാണെങ്കിലും പ്രകൃതി തിരികെ പ്രതികരിക്കും. വൃദ്ധരായ മാതാപിതാക്കളെ വഴിയിലേക്കിറക്കിവിട്ടാൽ െൈവകാതെ മക്കൾ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. അതുപോലെ പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതിയിൽ നിന്ന് തന്നെ തിരിച്ചടി കിട്ടാതിരിക്കില്ല. പ്രകൃതിയെ സംരക്ഷിക്കേണ്ടതാണെന്ന വലിയൊരു തിരിച്ചറിവാണ് ഈ ദുരന്തം എനിക്ക് നല്കിയത്. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ നമുക്ക് കഴിയണം. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഒന്നും നാം ഇനി ചെയ്യരുത്. അനധികൃതമായ ക്വാറികളും വനനശീകരണവും അവസാനിപ്പിക്കണം. യുവാക്കളുടെ നന്മ അറിയാൻ ഇടയാക്കി എന്നതാണ് മറ്റൊന്ന്. ക്വട്ടേഷനാണെന്നും സോഷ്യൽ മീഡിയായ്ക്ക് അഡിക്ടാണെന്നും ന്യൂജെൻ ആണെന്നുമൊക്കെ നാം പരിഹസിച്ചിരുന്ന യുവജനങ്ങൾ എത്രയോ ആത്മാർത്ഥതയോടെയാണ് ഈ പ്രളയത്തിൽ സഹായമനസ്‌ക്കരായത് എന്നും മറക്കരുത്. അതുപോലെ മത്സ്യത്തൊഴിലാളികളും. ആരെയും ചെറുതായി കാണരുത്.ആരിൽ നിന്നാണ് സഹായം ഉണ്ടാവുകയെന്ന് നമുക്ക് പറയാൻ കഴിയില്ല
എ. കെ പുതുശ്ശേരി
(നാടകപ്രവർത്തകൻ, എറണാകുളം)
ടിവിയിൽ പ്രകൃതിദുരന്തത്തിന്റെ ദൃശ്യങ്ങൾ കണ്ടിരുന്നത് വല്ലാത്തൊരു അനുഭവമായിരുന്നു. എത്ര സമ്പത്ത് ഉണ്ടാക്കിയാലും അതൊക്കെ നിമിഷനേരം കൊണ്ട് തീരാവുന്നതേയുള്ളൂവെന്നൊരു ചിന്തയാണ് മനസ്സിലുണ്ടായത്. കോടികൾ ഉണ്ടാക്കിയവനും കഞ്ഞികുടിക്കാൻ വകയില്ലാത്തവനും ഒരുനിമിഷം കൊണ്ട് തുല്യരാകുന്നു. ഉളളത് ഇല്ലാത്തവനായി പങ്കുവയ്ക്കണമെന്നും തനിക്ക് മാത്രമായി സ്വരുക്കൂട്ടി വയ്ക്കരുതെന്നും മനസ്സിൽ തോന്നുന്നു. സമാനമായ ചിന്ത പലർക്കുമുണ്ടായിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാണ് എല്ലാവരും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങുന്നത്. ഇവിടെ ഞങ്ങൾ അഞ്ചാറ് പേർ
ചേർന്ന് ഇടുക്കിയിൽ ഒന്നോ രണ്ടോ വീട് നേരിട്ട് പണിതുകൊടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനകം നാലഞ്ച് ലക്ഷം രൂപ സമാഹരിക്കാനും സാധിച്ചു. ഏറ്റവും അത്ഭുതപ്പെടുത്തിയത് മലയാളിയായ ഒരു ഓട്ടോഡ്രൈവറുടെ സഹകരണമാണ്. അദ്ദേഹം ഓഫർ ചെയ്തിരിക്കുന്നത് അമ്പതിനായിരം രൂപയാണ്. അതിൽ കുറച്ചുരൂപ തന്നുകഴിഞ്ഞു. മനുഷ്യരുടെ ഉള്ളിലെ നന്മ പുറത്തുവരാൻ ഈ ദുരന്തം കാരണമായെന്ന് ഞാൻ വിശ്വസിക്കുന്നു.
സിറിയക് കടുതോടിൽ
(ഡെന്റൽ സിറാമിസ്റ്റ്, ബാംഗ്ലൂർ)
ജീവൻ മറ്റെന്തിനെക്കാളും വലുതാണ് എന്നതാണ് ഈ പ്രളയം എന്നെ പഠിപ്പിച്ചത്. തങ്ങൾ അന്നുവരെ സമ്പാദിച്ചതിനെയെല്ലാം സങ്കടത്തോടെയാണെങ്കിലും വിട്ടുപേക്ഷിച്ച് രക്ഷപ്പെടാൻ അവർ തയ്യാറായത് ജീവൻ അത്രമേൽ വലുതായിരുന്നതുകൊണ്ടാണല്ലോ. ജീവൻ നഷ്ടപ്പെടാൻ പോകുന്നു എന്ന് മനസ്സിലാവുന്ന നിമിഷത്തിൽ മാത്രമാണ് നാം അതിന്റെ വില മനസ്സിലാക്കുന്നത്. അതിനു മുമ്പുവരെ നാം പണം, പ്രതാപം, വീട്, കാറ് തുടങ്ങിയ വെറും ഭൗതികമായ കാര്യങ്ങളുടെ പുറകെ പോകുന്നവരും അതിന്റെ പേരിൽ അഹങ്കരിക്കുന്നവരുമായിരുന്നു. ജീവന് മുമ്പിൽ ഇതെല്ലാം എത്രയോ നിസ്സാരം. ആത്മഹത്യയിലൂടെയും ഭ്രൂണഹത്യയിലൂടെയുമെല്ലാം നാം നശിപ്പിക്കുന്നതും വിലയേറിയ ജീവനുകളെതന്നെയാണല്ലോയെന്നും ഓർത്തുപോയി.
ഷീജമോൾ തോമസ്
(വീട്ടമ്മ, കോഴിക്കോട്)
(വീട്ടമ്മ, കോഴിക്കോട്)
ദൈവത്തിന് പക്ഷഭേദമില്ലെന്ന പാഠമാണ് ഈ പ്രളയം എന്നെ പഠിപ്പിച്ചത്. പണ്ഡിതനെയും പാമരനെയും ദരിദ്രനെയും സമ്പന്നനെയും ഒന്നുപോലെ പിടികൂടിയ പ്രളയത്തിൽ നിന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങളെയും ആയിരങ്ങൾക്ക് അഭയം നല്കിയ സ്ഥാപനങ്ങളെയും ദൈവം ഒഴിവാക്കിയില്ല എന്നത് എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഏതുകാലത്തും പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി കാണണമെന്നും മുൻകരുതലുകൾ എടുക്കണമെന്നുകൂടി ഈ ദുരന്തം നമുക്ക് പാഠം നല്കുന്നുണ്ട്.
ആന്റോ
(പ്രൊഡ്യൂസർ, ഗുഡ്നെസ് ടിവി, തൃശൂർ)
(പ്രൊഡ്യൂസർ, ഗുഡ്നെസ് ടിവി, തൃശൂർ)
ആസാമിലും ഉത്തരാഖണ്ഡിലുമൊക്കെ ഉണ്ടാകുന്ന പ്രളയദുരന്തങ്ങളെ നിസ്സംഗതയോടെ വായിച്ചുതള്ളുന്ന, ഇതൊന്നും തങ്ങളെ ബാധിക്കുകയില്ലെന്ന് ധരിച്ചുവശായ മലയാളികളുടെ അഹങ്കാരത്തിനേറ്റ കനത്ത അടിയായിട്ടാണ് ഈ പ്രളയത്തെ ഞാൻ കാണുന്നത്. നമ്മളും ഇനി സുരക്ഷിതരല്ലെന്ന ചിന്ത മനസ്സിൽ വേരോടിത്തുടങ്ങിയിട്ടുണ്ട്. പ്രളയം നമുക്ക് നല്കിയ സാഹോദര്യത്തിന്റെ മനോഹരമായ കാഴ്ചകളുമുണ്ട്. ഹൈന്ദവസഹോദരന് പള്ളിസെമിത്തേരിയിൽ അന്ത്യവിശ്രമമൊരുക്കിയതും ദേവാലയത്തിലെ വിശുദ്ധരൂപം വെള്ളത്തിൽ ഒഴുകിവന്നപ്പോൾ അതെടുത്ത് സ്വന്തം പൂജാമുറിയിൽ തന്റെ ആരാധനാമൂർത്തികൾക്കൊപ്പം പ്രതിഷ്ഠിച്ച് ആരതിയുഴിഞ്ഞതും മറ്റും മതവും ജാതിയുമൊന്നും അത്രമേൽ പ്രധാനപ്പെട്ടതല്ല എന്ന ചിന്തയാണ് നല്കിയത്. പക്ഷേ വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോൾ എത്ര പെട്ടെന്നാണ് എല്ലാവരുടെയും ഉള്ളിലേക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തിൽ ജാതിയും മതവും വിഭാഗീയതയും കടന്നുവന്നത്! ഈ ദുരന്തത്തിന് പോലും നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, ഇനിയും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽത്തല്ലാനാണ് താല്പര്യമെങ്കിൽ നാം എന്നാണ് ശരിക്കും നന്നാവുക?
ഹരികൃഷ്ണൻ
(അസി. പ്രഫസർ, ദേവമാതാ കോളജ്, കുറുവിലങ്ങാട്)
കേരളത്തിൽ ഇപ്പോൾ രണ്ടുതരം ആളുകളേയുള്ളൂ. അതിജീവിച്ചവരും കൈ കൊടുത്തവരും. അതുകൊണ്ടുതന്നെ പ്രളയം = ശുദ്ധി എന്ന് പറയാൻ എനിക്ക് തോന്നുന്നു. പല ദുരിതാശ്വാസക്യാമ്പുകളിലും ഞാൻ പോയിരുന്നു. അപ്പോൾ ചില അമ്മമാരൊക്കെ അവരുടെ മക്കളോട് ചോദിക്കുന്നത് കേൾക്കാമായിരുന്നു മോനേ അവര് വിളിച്ചോടാ, ഇവര് വിളിച്ചോടാ എന്നൊക്കെ. ദുരിതത്തിൽ അകപ്പെട്ടുകഴിയുന്നവരെ ദൂരെയെവിടെയെങ്കിലുമൊക്കെ ഉള്ള ബന്ധുക്കൾ വിളിച്ചുചോദിക്കാത്തതിലെ സങ്കടമായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. കയ്യിലുണ്ടായിരുന്ന മൊബൈലിന് വലിയ ഭാരം എനിക്ക് അനുഭവപ്പെട്ട നിമിഷം കൂടിയായിരുന്നു അത്. ആരോഗ്യമുള്ളപ്പോൾ എന്നെ ആരും സഹായിച്ചില്ലെങ്കിലും സാരമില്ല. പക്ഷേ നിസ്സഹായവസ്ഥയിൽ എല്ലാവരും ആരുടെയെങ്കിലുമൊക്കെ സഹായവും സാന്നിധ്യവും സാന്ത്വനവും ആഗ്രഹിക്കുന്നുണ്ട്. അത് അവരുടെ അവകാശമാണ്. എല്ലാ ദിവസവും മരുന്ന് കഴിക്കുന്നവരൊക്കെ ദുരിതാശ്വാസക്യാമ്പുകളിൽ മരുന്നു കഴിക്കാൻ തന്നെ മറന്നുപോയിരുന്നു. അവരൊന്നും അതേക്കുറിച്ച് ആലോചിച്ചതുമില്ല. ഇതെന്നെ വല്ലാതെ ചിന്തിപ്പിച്ചു.
കാക്കനാടുള്ള ഏതോ വീട്ടിലെ ഒരമ്മ അടുക്കളയിൽ പാകം ചെയ്തെടുത്ത പൊതിച്ചോറ് ഹെലികോപ്റ്ററിൽ നിന്ന് ചെങ്ങന്നൂരുള്ള ഒരു ബാലന് ഇട്ടുകൊടുത്തപ്പോൾ ‘ഓരോ ധാന്യമണിയിലും അത് കഴിക്കേണ്ടവരുടെ പേര് എഴുതിവച്ചിട്ടുണ്ട്’ എന്ന ഗുരുമൊഴി ഞാനോർത്തു. നിയതി എന്ന് പറയുന്നത് ഇതിനെയാണ്. എഡി, ബിസി എന്ന് ക്രിസ്തുവിനെ ജനനത്തോടെ ലോകം രണ്ടായി തിരിഞ്ഞതുപോലെ പ്രളയത്തിന് ശേഷം പ്രളയത്തിന് മുമ്പ് എന്ന് കേരളം രണ്ടായി മുറിഞ്ഞതുപോലെ എനിക്ക് തോന്നുന്നു.
മരിയാ റാൻസം
(മാധ്യമപ്രവർത്തക)
(മാധ്യമപ്രവർത്തക)