ഇന്ന് ഭൂരിപക്ഷ ബന്ധങ്ങളും ഗീവ് ആന്റ് ടേക്ക് ബാർട്ടർ വ്യവസ്ഥയിലുള്ളവയാണ്. എനിക്ക് ലഭിക്കുന്നത് എന്തോ അത് തിരിച്ചുകൊടുക്കുക.അല്ലെങ്കിൽ എനിക്കാവശ്യമുള്ളത് ആവശ്യമായ അളവിൽ കൊടുക്കുകയും വാങ്ങുകയും ചെയ്യുക. ഇതിനപ്പുറത്തേക്ക് വളരുന്നില്ല പല ബന്ധങ്ങളും. ബന്ധങ്ങൾക്ക് ഒരു പരിധിവരെ വ്യക്തികളുടെ ആത്മീയനിലവാരവുമായികൂടി ബന്ധമുണ്ട്. ആത്മീയമായി അടിത്തറയുള്ളവ്യക്തികൾ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ മാത്രമല്ല അത് നിലനിർത്തിക്കൊണ്ടുപോകുന്നതിനും വളർത്തുന്നതിനും കൂടുതൽ കഴിവുള്ളവരായിരിക്കും.
അതുപോലെ സാമൂഹ്യജീവിതവുമായി യാതൊരുതരത്തിലും ബന്ധമില്ലാതിരിക്കുന്ന വ്യക്തികൾ ഏതെങ്കിലുമൊക്കെ മതവുമായി സമ്പർക്കം പുലർത്തുന്നതോടെ ബന്ധങ്ങളുടെ അർത്ഥവും ജീവിതത്തിന്റെ മൂല്യവും കൂടുതലായി മനസ്സിലാക്കാൻ കഴിയുന്നുവെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ജേർണൽ ഓഫ് പേഴ്സണാലിറ്റിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മതപരമായ വിശ്വാസങ്ങൾ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ടവർക്ക് അത് കണ്ടെത്താനും സാമൂഹ്യപരമായ ബന്ധങ്ങൾ സ്ഥാപിക്കാനും ഏറെ ഗുണം ചെയ്യുന്നുണ്ടത്രെ. രണ്ടായിരത്തോളം ആളുകളെ തിരഞ്ഞെടുത്താണ് പഠനം നടത്തിയത്.
ബന്ധങ്ങൾ നിലനിർത്തുകയും വളർത്തുകയും ചെയ്യുന്നത് ജീവിതത്തിന്റെ അർത്ഥം വെളിവാക്കാൻ കൂടി സഹായകമാണ്. ഒരേ രീതിയിലുള്ള ആത്മീയ നിലവാരം പുലർത്തുന്ന ദമ്പതികളോ സുഹൃത്തുക്കളോ ആരുമായിക്കൊള്ളട്ടെ ആ ബന്ധത്തിൽ നിന്ന് ഇരുവർക്കും സന്തോഷം ലഭിക്കുന്നുണ്ട്, അത് വർദ്ധിക്കുന്നുമുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനപ്രകാരം ആത്മീയതയുള്ള ബന്ധങ്ങൾ വൈകാരികമായും ആരോഗ്യമുള്ളവയാണ്. അതുപോലെ ഡിപ്രഷൻ പോലെയുള്ള മാനസികാവസ്ഥകളെ അതിജീവിക്കാനും ഇത്തരക്കാർക്ക് കൂടുതലായി കഴിയും.