അംഗീകാരത്തിന്റെ അടിസ്ഥാനം അയാളുടെ യോഗ്യതകളാണ്. ഒരാളെ പര സ്യമായി അംഗീകരിക്കുക എന്നു പറയുമ്പോൾ അയാളുടെ കഴിവുകളെ അംഗീകരിക്കുന്നുവെന്നാണ് അർത്ഥം. അംഗീകാരത്തിന്റെ അടയാളങ്ങളാണല്ലോ അവാർഡുകളും പ്രശസ്തിപത്രങ്ങളും പൊന്നാടകളും സ്വീകരണച്ചടങ്ങുകളുമെല്ലാം. മറ്റുള്ളവരിൽ നിന്ന് നീ വേറിട്ടുനില്ക്കുന്നവനാണെന്നും മറ്റെല്ലാവരെയുംകാൾ ചില പ്രത്യേക ഘടകങ്ങളാൽ നീ ഉന്നതനാണെന്നുമാണ് അവയെല്ലാം പറയുന്നത്.
അംഗീകരിച്ചുകിട്ടാനാണ് പാട്. ഒരുപാട് നീണ്ടവർഷങ്ങളുടെ അദ്ധ്വാനത്തിനും പരിശ്രമത്തിനും കഴിവുതെളിയിക്കലിനും ശേഷം മാത്രമായിരിക്കും ചിലരൊക്കെ അംഗീകരിക്കപ്പെടുന്നത്. മറ്റു ചിലരാവട്ടെ താരതമ്യേന ബദ്ധപ്പാടുകൾ ഒന്നും ഇല്ലാതെയും അംഗീകരിക്കപ്പെട്ടേക്കാം. ഒരാൾ പരസ്യമായി അംഗീകരിച്ചുകഴിഞ്ഞാൽ മറ്റുള്ളവർക്കും അയാളെ അംഗീകരിക്കാൻ തരമില്ലാതെവരും. അംഗീകാരം വലുതാണ്. കാരണം അംഗീകരിക്കപ്പെടുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. എന്നാൽ അംഗീകാരം നേടിയെടുക്കാൻ വേണ്ടി പരക്കം പായാതിരിക്കുന്നതാണ് നല്ലത്. നീ അംഗീകരിക്കപ്പെടേണ്ടവനാണെന്ന് പ്രകൃതിക്കൊരു തീരുമാനമുണ്ടെങ്കിൽ ആ അംഗീകാരം നിന്നെ തേടിയെത്തുക തന്നെ ചെയ്യും. അതുവരെ കാത്തിരിക്കാനുള്ളമനസ്സും ക്ഷമയോടും സഹിഷ്ണുതയോടും കൂടി പെരുമാറാനുമുളള കഴിവുമാണ് അത്യാവശ്യം. അംഗീകാരങ്ങൾ പരസ്യമായവ ആയിരിക്കണമെന്നില്ല. കുടുംബജീവിതത്തിൽ പോലും വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോകുന്ന എത്രയോ പേരുണ്ട്. ഭാര്യ ഭർത്താവിനെ അംഗീകരിക്കുന്നില്ല. ഭർത്താവ് ഭാര്യയെ അംഗീകരിക്കുന്നില്ല. മക്കളെ മാതാപിതാക്കൾ അംഗീകരിക്കുന്നില്ല, മാതാപിതാക്കളെ മക്കൾ അംഗീകരിക്കുന്നില്ല. മറ്റുള്ളവർ അംഗീകരിക്കാതെ പോകുമ്പോഴും സ്വന്തം കഴിവുകളിൽ മതിപ്പും വിശ്വാസവും പുലർത്തുക എന്നതാണ് ഒരാൾ അവനവനെതന്നെ അംഗീകരിക്കുന്നതിന്റെ അടയാളം.സ്വന്തം സ്നേഹം അംഗീകരിച്ചുകിട്ടാൻ വേണ്ടി യാചകനെപോലെ മറ്റുള്ളവർക്കുപിന്നാലെ അലയുന്നവരുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് വാചാലതയോടെ സംസാരിച്ചുകൊണ്ട് സ്നേഹം സ്ഥാപിച്ചെടുക്കാനും അതുവഴി അംഗീകാരം നേടിയെടുക്കാനുമായി അവർ അലയുന്നത്. കൂടുതൽ സംസാരിച്ചുവെന്നതുകൊണ്ടോ ശബ്ദമുയർത്തുന്നതുകൊണ്ടോ അംഗീകരിക്കപ്പെടണമെന്നുണ്ടോ?
ഒരേ ഫീൽഡിൽ നിലനില്ക്കുകയും ഒരേ നിലവാരംപുലർത്തുകയും ചെയ്യുന്ന രണ്ടുപേർക്ക് പരസ്പരം അംഗീകരിക്കാൻ കഴിയണമെന്നില്ല. ഞാനോ നീയോ വലുത് എന്ന ചോദ്യം അവർക്കിടയിൽ നീറിപ്പുകയുന്നതുകൊണ്ടാണ് അത്. സ്വയം അംഗീകരിക്കുക എന്നതാണ് ഇതിലെല്ലാം പ്രധാനം. എനിക്ക് എന്നെ എന്റെ എല്ലാ കുറവുകളോടും നന്മകളോടും കൂടി അംഗീകരിക്കാൻ കഴിയുന്നതിലും വലിയ മറ്റൊരു അംഗീകാരമില്ല.