ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി പറഞ്ഞത് വിവാഹിതരാണോ എങ്കിൽ നിങ്ങൾ യുദ്ധം ചെയ്യാൻ റെഡിയായിരിക്കണം എന്നാണ്. ചില ദമ്പതികൾ പറയാറുണ്ട് ഞ
ങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല, വഴക്കുകൂടലുമില്ല എന്ന്. അങ്ങനെയാണ് പറയുന്നതെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ ഭാര്യയും ഭർത്താവും അല്ല എന്നതാണ്. ഭാര്യയും ഭർത്താവുമാകുമ്പോൾ പല കാര്യങ്ങളെച്ചൊല്ലിയും അഭിപ്രായഭിന്നതകളും തർക്കങ്ങളും സാധാരണമാണ്. പക്ഷേ ആ തർക്കങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലും അതിനെ എങ്ങനെ സമീപിക്കുന്നുവെന്നതിലുമാണ് ദമ്പതികളുടെ വിവേകം അടങ്ങിയിരിക്കുന്നത്.
ദാമ്പത്യജീവിതം എന്നുപറയുന്നത് ഒരേ സമയം കൊടുക്കലും വാങ്ങലുമാണ്. കൊടുക്കാനും തയ്യാറാകണം, വാങ്ങാനും തയ്യാറാകണം. പരിപൂർണ്ണത എന്നത് ദാമ്പത്യജീവിതത്തിൽ അസാധ്യമാണ്. പൂർണ്ണതയുള്ള ജീവിതമോ പൂർണ്ണതയുള്ള ദമ്പതികളോ ഇല്ല. ഈ അപൂർണ്ണതകൾതന്നെയാണ് ജീവിതത്തിന്റെയും ബന്ധങ്ങളുടെയും സൗന്ദര്യം നിശ്ചയിക്കുന്നത്. ഓരോ ദമ്പതികൾക്കും അവനവരുടേതായ പ്ലസും മൈനസും ഉണ്ടാവും. ഭാര്യ ചില കാര്യങ്ങളിൽ മൈനസായിരിക്കും. പക്ഷേ അതേ കാര്യത്തിൽ ഭർത്താവ് പ്ലസായിരിക്കും. ചില കാര്യങ്ങളിൽ ഭർത്താവ് മൈനസായിരിക്കും. പക്ഷേ ഭാര്യ പ്ലസായിരിക്കും.
ഭർത്താവിനില്ലാത്ത അനേകം കഴിവുകൾ ഭാര്യയ്ക്കും തിരിച്ചും ഉണ്ടായിരിക്കും. പരസ്പരപൂരകങ്ങളാണ് ദമ്പതികൾ എന്നു പറയുന്നതു അതുകൊണ്ടാണ്.
ഒരാളുടെ മൈനസും മറ്റെയാളുടെ പ്ലസും കൂടിച്ചേരുമ്പോഴാണ് ദാമ്പത്യജീവിതം വിജയകരമാകുന്നത്. ദമ്പതികൾതമ്മിൽ വാഗ്വാദങ്ങളും വിയോജിപ്പുകളും ഉടലെടുക്കുമ്പോൾ അതേപ്രതി നിരാശപ്പെടാതിരിക്കുക. ദമ്പതികൾ പരസ്പരം സഹായിക്കുന്നവരായിരിക്കണം. ഭാരങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധരായിരിക്കണം.
എല്ലാകാര്യങ്ങളും ഭാര്യ ഒറ്റയ്ക്ക് ചെയ്യട്ടെയെന്ന് ഭർത്താക്കന്മാർ കരുതരുത്. പ്രത്യേകിച്ച് ഇന്ന് പല സ്ത്രീകളും ഉദ്യോഗസ്ഥകളായിരിക്കുന്ന സാഹചര്യത്തിൽ. അതുപോലെ ഭർത്താവിന്റെ മാത്രം കടമയാണ് വീട്ടുകാര്യങ്ങൾ എന്ന മട്ടിൽ ഭാര്യയും കൈഒഴിയരുത്. പരസ്പരം സഹായിക്കുകയും സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുക.