ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട് രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല ഏതൊരു ബന്ധവും സർവീസ് ചെയ്യാനും റിപ്പയർ ചെയ്യാനും സമയമായിരിക്കുന്നുവെന്ന് തെളിയിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
നിരന്തരമായ വാഗ്വാദങ്ങളും തർക്കങ്ങളും
തുടർച്ചയായ തർക്കങ്ങൾ, കാരണമില്ലാതെയുള്ള വഴക്കുകൾ, വിട്ടുവീഴ്ച ചെയ്യാനുള്ള വിമുഖത, രമ്യതപ്പെടാനുള്ള മനസ്സില്ലായ്മ ഇവയൊക്കെ ബന്ധത്തകർച്ചയുടെ പ്രകടമായ ലക്ഷണങ്ങളാണ്.
വിശ്വാസത്തകർച്ച
എല്ലാ ബന്ധങ്ങളും നിലനിന്നുപോരുന്നത് വിശ്വാസം എന്ന അടിത്തറയിലാണ്. ദാമ്പത്യത്തിൽ വിശ്വസ്തത വേണം, കൂട്ടുകച്ചവടത്തിൽ വിശ്വസ്തത വേണം, സുഹൃദ് ബന്ധങ്ങളിൽ വിശ്വസ്തത പുലർത്തണം. ഏതെങ്കിലും കാരണം കൊണ്ടോ സാഹചര്യം കൊണ്ടോ വിശ്വസ്തത നഷ്ടമായാൽ ആ ബന്ധം അപകടത്തിലായെന്ന് തന്നെ കരുതണം.
ആശയവിനിമയം ഇല്ലാതാകുക
സത്യസന്ധവും തുറന്നതുമായ ആശയവിനിമയം ബന്ധങ്ങളുടെ സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണ്. പരസ്പരമുള്ള സംഭാഷണം ബോധപൂർവ്വം അവസാനിപ്പിക്കുകയോ പരസ്പരം സംസാരിക്കാൻ ഒന്നുമില്ലാതാവുകയോ ചെയ്യുന്ന അവസ്ഥ ഇരുവർക്കുമിടയിൽ അകലം രൂപം കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്
താല്പര്യക്കുറവ്
സ്നേഹബന്ധങ്ങളെ ദൃഢതരമാക്കുന്നത് പരസ്പരാകർഷണവും ശാരീരികമായ അടുപ്പവും സ്പർശനവുമൊക്കെയാണ്. പരസ്പരം സ്പർശിക്കാൻ പോലും കഴിയാത്തവിധത്തിൽ ശരീരങ്ങൾ അകന്നിട്ടുണ്ടെങ്കിൽ അതിനെക്കാൾ മനസ്സുകൾ തമ്മിൽ അകന്നുകഴിഞ്ഞുവെന്ന് മനസ്സിലാക്കണം.
സന്തോഷമില്ലായ്മ
ഒരു ബന്ധത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ഉള്ളിൽ സന്തോഷം തോന്നണം. അതിന് പകരം സന്തോഷിക്കാൻ കഴിയാത്ത അവസ്ഥയോ കെണിയിൽ അകപ്പെട്ടതുപോലെയോ ആണ് തോന്നുന്നതെങ്കിൽ ആ ബന്ധത്തിന് ആയുസില്ലെന്ന് തിരിച്ചറിയണം.