മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു തയ്യാറാണ്. ഉദാഹരണത്തിന് അല്പം ഫാഷനബിളായ ഡ്രസ് ധരിക്കുന്നതിലോ എതിർലിംഗത്തിൽ പെട്ട സുഹൃത്തുമൊത്ത് ആരോഗ്യകരമായ ബന്ധം പുലർത്തുന്നതിലോ ഒരുമിച്ചു യാത്ര ചെയ്യുന്നതിലോ അവർ പ്രശ്നക്കാരായി മാറുന്നില്ല. കാരണം അവർക്കറിയാം മക്കൾ എന്താണെന്നും ആരാണെന്നും.. എങ്കിലും അത്തരം സ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്നതിൽ പരസ്യമായി അവർ വിമുഖത കാണിക്കും. അതിന് പറയുന്ന ന്യായീകരണം ഇതാണ്. നാട്ടുകാരെന്തു വിചാരിക്കും’
നാട്ടുനടപ്പ് അനുസരിച്ച് ജീവിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇങ്ങനെയൊരു വർത്തമാനത്തിലൂടെ മക്കളുടെ മനസിലേക്ക് ചില സാമൂഹികധാരണകൾ നിഷേധാത്മകമായി അടിച്ചേല്പിക്കുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്. സ്വന്തം ആഗ്രഹങ്ങൾ അടക്കിനിർത്താനും സമൂഹത്തിന്റെ പൊതുബോധത്തിന് അനുസരിച്ച് ജീവിക്കാനും ഇവിടെ മക്കൾ നിർബന്ധിതരാകുന്നു. സമൂഹത്തെ നാം മാനിക്കുകയും ആദരിക്കുകയും വേണം.സാമൂഹികനിയമങ്ങൾ പാലിക്കുകയും വേണം. പക്ഷേ അത്തരം ക്രമങ്ങളെയൊന്നും തട്ടിമറിക്കാതെ തന്നെ സമൂഹത്തിൽ ആത്മവിശ്വാസത്തോടെയും സ്വന്തം ഇഷ്ടങ്ങളെ മാനിച്ചും ജീവിക്കാനുള്ള പരിശീലനവും പ്രോത്സാഹനവുമാണ് മാതാപിതാക്കളെന്ന നിലയിൽ മക്കൾക്ക് നൽകേണ്ടത്.
മക്കളുടെ പല കാര്യങ്ങളിലും ഇപ്പോഴും മാതാപിതാക്കളാണ് തീരുമാനമെടുക്കുന്നത്. വസ്ത്രം മുതൽ വിവാഹജീവിതം വരെ മാതാപിതാക്കൾ തങ്ങളുടെ തീരുമാനങ്ങൾ മക്കളിലേക്ക് അടിച്ചേല്പിക്കുന്നു. സ്വന്തമായ ഒരു തീരുമാനം തങ്ങളെ ആശ്രയിച്ചുജീവിക്കുന്ന കാലംവരെയും നടപ്പിലാക്കാൻ അനുവദിക്കുന്ന മാതാപിതാക്കന്മാർ കുറവാണ്. ചില തീരുമാനങ്ങൾ വഴി തെറ്റുകൾ തിരുത്താനോ കുറെക്കൂടി ജാഗ്രത വരുംഅവസരങ്ങളിൽ പുലർത്താനോ പോലുമുള്ള അവസരം മാതാപിതാക്കൾ മക്കൾക്ക് നല്കാറില്ല. മക്കളുടെ ജീവിതം സന്തുഷ്ടകരമാക്കാനും അപകടരഹിതമായിജീവിക്കാനുമാണ് തങ്ങൾ അവരുടെ മേൽ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നാണ് ഇക്കാര്യത്തിൽ മാതാപിതാക്കളുടെ വാദമുഖം. സ്വന്തം തീരുമാനങ്ങളുടെ റിസ്‌ക്കും റിസൾട്ടും എന്തുതന്നെയായാലും അതേറ്റെടുക്കാൻ പ്രാപ്തരാകത്തക്കവിധത്തിൽ ചെറുപ്രായം മുതൽ തന്നെ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാൻ അവരെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.
മക്കളുടെ ഇഷ്ടം സാധിച്ചുകൊടുക്കുകയും അവർക്ക് സാധനങ്ങൾ വാങ്ങിച്ചുകൊടുക്കുകയും ചെയ്യുന്നതു മാത്രമാണ് സ്നേഹംപ്രകടിപ്പിക്കാനുള്ള മാർഗ്ഗമെന്നാണ് പല മാതാപിതാക്കന്മാരുടെയും ധാരണ. വസ്തുക്കളിലൂടെ സ്നേഹം പ്രകടിപ്പിക്കാനാണ് ഇത്തരം മാതാപിതാക്കന്മാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും മക്കൾക്ക് അവർ സംലഭ്യരായിരിക്കുകയുമില്ല. മക്കൾക്കൊപ്പം സമയംചെലവഴിക്കുകയും അവരെ കേൾക്കുകയും ചെയ്യാൻ തയ്യാറാവുക. പരസ്പരം ആഴമായ ഹൃദയബന്ധം രൂപപ്പെടുത്തിയെടുക്കാൻ അതുവഴി സാധിക്കും.
ഇന്ന് സ്ഥാപിച്ചെടുക്കുന്ന ഈ ബന്ധം മാതാപിതാക്കന്മാരുടെ വാർദ്ധക്യകാലത്തിൽ മക്കൾക്ക് അവരോടുള്ള സ്നേഹം നഷ്ടപ്പെടാതെ സൂക്ഷിക്കാനും കാരണമാകുമെന്നാണ് മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്.
മക്കളെ മാറ്റിയെടുക്കാനാണ് എല്ലാ മാതാപിതാക്കളും ശ്രമിക്കുന്നത്. നിരന്തരമായി അവരെ അതിനായി അവർ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. മക്കളുടെ തെറ്റുകൾതിരുത്തരുതെന്നോ അവരെ നല്ലവഴിയെ ചരിക്കാൻ പ്രേരണ നല്കരുതെന്നോ അല്ല വിവക്ഷ. മറിച്ച് മോശക്കാരാണെന്ന് മുദ്രകുത്തി അവരെ തിരുത്തിയെടുക്കുന്ന രീതി തെല്ലും ആശാസ്യമല്ല. മക്കൾ വ്യക്തികളാണ്.അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ മാനിക്കുക. അവരുടെ തെറ്റുകൾ തിരുത്തുന്നത് സഹിഷ്ണുതയോടെയാകട്ടെ.
മാർക്കുനോക്കി മക്കൾക്ക് വിലയിടുന്ന രീതി പൊതുവെ എല്ലാ മാതാപിതാക്കന്മാരിലുമുണ്ട്. പരീക്ഷയിലെ മാർക്ക് തുടർപഠനത്തിനും ജോലിക്കും നല്ലതാകുമ്പോഴും ആ മാർക്കു മാത്രമല്ല ജീവിതത്തിൽ മക്കൾ വിജയിക്കുന്നതിനുള്ള മാനദണ്ഡം. പരീക്ഷയിൽ തോറ്റതോ മാർക്കുകുറഞ്ഞതോ ജീവിതത്തിൽ നിന്ന്ു തന്നെ എഴുതിത്തള്ളാനുളള മാർഗ്ഗമായികണക്കാക്കരുത്. മക്കൾക്ക് നല്ല മാർഗ്ഗനിർദ്ദേശം നല്കുക. അവരുടെ പരാജയത്തിന്റെ പേരിൽ വിലയില്ലാത്തവരായി ചുരുക്കാതിരിക്കുക.
അവനെ/ അവളെ കണ്ടുപഠിക്ക്.. ഇങ്ങനെ ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തം മക്കളോട് പറയാത്ത മാതാപിതാക്കന്മാരുണ്ടാവില്ല. അയൽവക്കത്തെയോ ക്ലാസിലെയോ ബന്ധുക്കളുടെയോ മക്കളുമായി താരതമ്യം നടത്തിയായിരിക്കും ഇത്തരം പ്രസ്താവനകൾ. ഇത് മക്കളിലേല്പിക്കുന്ന ആന്തരികക്ഷതങ്ങളെയും, സൃഷ്ടിക്കപ്പെടുന്ന അപകർഷതകളെയും കുറിച്ച് മാതാപിതാക്കന്മാർ അജ്ഞരായിരിക്കും.
നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കൾ മാത്രമാണ്.അവർക്ക് ചിലപ്പോൾ കഴിവുകൂടുതലോ കുറവോ ആയിരിക്കും. ചിലപ്പോൾ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരണമെന്നുമില്ല. പക്ഷേ അവരെ അനാവശ്യതാരതമ്യത്തിന് വിധേയമാക്കി അവരുടെ ആത്മവിശ്വാസത്തിന് ഇടിവുവരുത്താതിരിക്കുക.