മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും ചിലരെങ്കിലും. എന്നാൽ ഒരു കാര്യം അറിയണം. പലർക്കും പഴയതുപോലെ നമ്മോട് സ്നേഹമില്ല. നമ്മോടുള്ള അവരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. നാം അത് അറിയുന്നില്ലെന്നേയുള്ളൂ. പക്ഷേ ഇങ്ങനെ മാറ്റം വന്നതിന് നാം അവരെ കുറ്റംവിധിക്കണ്ട. നമ്മൾ തന്നെയാണ് അതിന്റെ ഉത്തരവാദികൾ. നമ്മുടെ പെരുമാറ്റം കൊണ്ടാണ് അവർക്ക് ഇപ്പോൾ നമ്മളോട് സ്നേഹം കുറഞ്ഞുതുടങ്ങിയിരിക്കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു? സ്വയം കണ്ടെത്താം വ്യക്തിത്വത്തിലെ ഈ പിഴവുകൾ. ബോധപൂർവ്വം ശ്രമിക്കാം പഴയസ്നേഹം വീണ്ടെടുക്കാൻ…
മറ്റുള്ളവരെ കേൾക്കാതെ എപ്പോഴും ഞാൻ മാത്രം സംസാരിച്ചുകൊണ്ടിരിക്കുകയാണോ?
മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കാതെ അവരെ എപ്പോഴും കേൾവിക്കാരാക്കി നിർത്തുകയാണോ ചെയ്യുന്നത്? ഇവിടെ ഓരോരുത്തരുടെയും അധീശത്വമനോഭാവമാണ് പ്രകടമാകുന്നത്. ഞാൻ സംസാരിക്കേണ്ട ആളും നീ കേൾക്കേണ്ട ആളും. ഇതാണ് ഇത്തരക്കാരുടെ രീതി. ഈ രീതി തുടർച്ചയായി ആവർത്തിക്കുകയാണെങ്കിൽ അത്തരക്കാർ ആരുമായിരുന്നുകൊള്ളട്ടെ അവരിൽ നിന്ന് ബോധപൂർവ്വം അകന്നുനില്ക്കാനേ മറ്റുള്ളവർ ശ്രമിക്കുകയുള്ളൂ.
പരിഹാരം:
മറ്റുള്ളവരെ കേൾവിക്കാരാക്കാതെ അവരെ വക്താക്കളാക്കാൻ കൂടി ശ്രമിക്കുക. അവർക്കും കൊടുക്കണം സംസാരിക്കാനൊരു അവസരം. നല്ലൊരു കേൾവിക്കാരനായി മാറുമ്പോൾ കൂടുതൽ ആളുകൾ നിങ്ങളിലേക്ക് വരും. നിങ്ങൾ കൂടുതൽ സ്നേഹിക്കപ്പെടുന്ന വ്യക്തിയാകും.
നിങ്ങളെ നോക്കി ചിരിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടോ?
നിങ്ങളെ നോക്കി ചിരിക്കാനോ നിങ്ങളോട് തമാശുകൾ പറയാനോ ആളുകൾ പ്രയാസം നേരിടുന്നുണ്ടോ? ഒരുമിച്ചുകൂടിയിരിക്കുന്ന വേളയിൽ നിങ്ങളോട് വേണ്ടത്ര താല്പര്യം കാണിക്കാതെ, നിങ്ങൾക്ക് മുഖം കൊടുക്കാതെ അല്ലെങ്കിൽ ബദ്ധ പ്പെട്ട് ചിരിവരുത്താൻ ശ്രമിക്കുകയാണോ മറ്റുള്ളവർ? അവർക്ക് നിങ്ങൾ അഭിമതനാവുന്നില്ല എന്നാണ് സൂചന.
പരിഹാരം:
മറ്റുള്ളവരുടെ ചിരിക്കുവേണ്ടി കാത്തുനില്ക്കാതെ അവരെ നോക്കി ചിരിക്കാൻ തുടങ്ങുക. നിങ്ങളോട് അടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇതോടെ നിങ്ങളിലേക്കെത്താൻ ഒരു വഴി തുറന്നുകിട്ടും.
എല്ലാറ്റിന്റെയും അവസാനവാക്ക് ഞാനാണോ?
മറ്റുള്ളവർ എന്തും പറ ഞ്ഞോട്ടെ പക്ഷേ എന്റേതാണ് അവസാനവാക്കെന്നും ഞാൻ മാത്രമാണ് ശരിയെന്നുമുള്ള പിടിവാശിയുണ്ടോ? ഒരു മുറി പങ്കിടുമ്പോഴോ തൊഴിലിടത്തിൽ സഹകരിച്ചുപ്രവർത്തിക്കുമ്പോഴോ ഇതേ സ്വഭാവം തുടരുന്നുണ്ടെ ങ്കിൽ മറ്റുള്ളവർക്ക് നിങ്ങളോട് അടുക്കാൻ തോന്നുകയില്ല.
പരിഹാരം:
മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും മാനിക്കുക. ഉചിതമായ മറുപടിയോ പ്രതികരണമോ അല്ല അവരുടേതെങ്കിൽ പോലും സഹിഷ്ണുത കാണിക്കുക. എനിക്കും തെറ്റുപറ്റാം എന്ന് സമ്മതിക്കുക.
എപ്പോഴും പോസിറ്റീവായ ഫീഡ്ബാക്ക് മാത്രം പ്രതീക്ഷിക്കുന്നുണ്ടോ?
എപ്പോഴും പോസിറ്റീവായ ഫീഡ്ബാക്കുകൾ, ആരെങ്കിലും വിമർശിച്ചാൽ പൊട്ടിത്തെറി, ചീത്തവിളിക്കൽ, പ്രതികാരചിന്ത ഇത്തരം ശീലങ്ങളുള്ള വ്യക്തിയാണെങ്കിൽ ആരെങ്കിലും നിങ്ങളെ ഇഷ്ടപ്പെടുമോ?
പരിഹാരം:
വിമർശനങ്ങളെ ക്രിയാത്മകമായി കാണുക. അവരുടെ വിമർശനത്തിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ അംഗീകരിക്കുക. കൂടുതൽ മെച്ചപ്പെടാൻ എന്തെങ്കിലും അതിലുണ്ടെന്ന വിശ്വസിക്കുക. വിമർശനങ്ങളിൽ നിന്ന് ഒരിക്കലും പേടിച്ചോടാതിരിക്കുക.
മനസ്സിൽ നിന്ന് അനുകമ്പ പടിയിറങ്ങിയോ?
മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളാനും കഴിയുന്നത് വലിയൊരു ഗുണമാണ്. അതിന്റെ പ്രതിഫലനങ്ങളിലൊന്നാണ് മറ്റുള്ളവരോടുളള സഹാനുഭൂതി, അനുകമ്പ. അതില്ലാതാകുമ്പോൾ നാം മനുഷ്യരല്ലാതായി മാറിക്കൊണ്ടിരി്ക്കുകയാണെന്നാണ് സൂചന. മനുഷ്യരല്ലാത്തവരെ ആരു സ്നേഹിക്കും
പരിഹാരം:
മറ്റുള്ളവരോട് അനുകമ്പയുള്ളവരായിരിക്കുക. കഴിവതുപോൽ സഹായിക്കാൻ തയ്യാറാവുക.
മറ്റുള്ളവരെ പെട്ടെന്ന് വിധിക്കുന്ന രീതിയുണ്ടോ?
മുൻപിൻ നോക്കാതെയും അറിയാതെയും ഒരാൾക്കെതിരെ അന്ധമായ വിധിപ്രസ്താവങ്ങൾ നടത്താറുണ്ടോ? അവൻ ഇങ്ങനെയാണ്, അവൾ ഇങ്ങനെയാണ് എന്ന മട്ടിൽ.. ഇത്തരം അഭിപ്രായങ്ങൾ പലപ്പോഴും മുൻവിധികളിൽ നിന്നായിരിക്കും. ഇത്തരത്തിലുള്ള വിധിപ്രസ്താവങ്ങൾ നടത്തുന്നവരെ ആളുകൾ ഇഷ്ടപ്പെടാറില്ല.
പരിഹാരം:
വിധി പ്രസ്താവിക്കാൻ ധൃതിപിടിക്കാതിരിക്കുക. മറ്റുള്ളവർ ആരാണെന്ന് നമുക്ക അറിയില്ല. നമുക്ക് നമ്മെപോലും പൂർണ്ണമായും അറിയില്ല. അങ്ങനെയെങ്കിൽ മറ്റൊരാളെ എങ്ങനെ മനസ്സിലാക്കാനാണ് വിധിപ്രസ്താവങ്ങൾ ആരെയും മുറിപ്പെടുത്താതെയും അപമാനിക്കാതെയുമിരിക്കട്ടെ.
നന്മകാണാതെ കുറവുമാത്രം കാണുകയാണോ?
മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാതെ, അവരെ പ്രശംസിക്കാതെ ആദ്യം തന്നെ കുറ്റം കണ്ടെത്തുന്ന രീതിയാണോ ഉള്ളത്. എല്ലാവരും നല്ലതു കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ എല്ലാറ്റിനും കുറ്റം പറയുന്നവരെ എങ്ങനെ സഹിക്കും?
പരിഹാരം:
മറ്റുള്ളവരിലെ നന്മ കാണുക. അഭിനന്ദിക്കാൻ മടിക്കാതിരിക്കുക. ആത്മാർത്ഥമായി പ്രശംസിക്കുക. തിരുത്തലുകൾ നടത്താനുദ്ദേശിക്കുന്നെങ്കിൽ അത് ഏറ്റവും സൗമ്യതയോടെയായിരിക്കട്ടെ.