ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. വായ യുടെ അനാരോഗ്യമാണ് വായ്നാറ്റത്തിനു കാരണമെന്നാണ് പൊതുധാരണ. അതു ശരിയുമാണ്. എന്നാൽ വിഷാദവും വായ്നാറ്റത്തിനു കാരണമാകാറുണ്ട്.
വിഷാദരോഗങ്ങളും മാനസികസമ്മർദ്ദത്തിനു കഴിക്കുന്ന മരുന്നുകളും വായ്നാറ്റത്തിന് കാരണമാകാറുണ്ട്. സീറോസ്റ്റോമിയ മൂലം വായയുടെ അകം വളരെയധികം വരണ്ടുപോവുകയും തന്മൂലം പല്ലുകളുടെ ഇടയിലും മറ്റും കടന്നുകൂടിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ അണുക്കൾ വർദ്ധിക്കുകയും ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത് വായ്‌നാറ്റത്തിന് വഴിതെളിക്കുന്നു. വിഷാദരോഗവും അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കൂടാതെ നിർജലീകരണം, ഉത്കണ്ഠ, കൂർക്കംവലി, മദ്യപാനം, പുകവലി എന്നിവ മൂലവും വായ്നാറ്റം ഉണ്ടാകാം. കരൾരോഗം, വൃക്കരോഗം, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, സൈനസ് അണുബാധ, പ്രമേഹം തുടങ്ങിയവകൊണ്ടും വായ്നാറ്റം അനുഭവപ്പെടാറുണ്ട്.
എന്നാൽ ഇതൊക്കെ അപൂർവ്വം ചിലരിൽ മാത്രമേ വായ്നാറ്റത്തിനു കാരണമാകാറുള്ളൂ. ഭൂരിപക്ഷത്തിന്റെയും വായ്നാറ്റത്തിന് പിന്നിലുള്ളത് മറ്റു ചില കാരണങ്ങളാണ്. ദന്തക്ഷയം, മോണരോഗം, മോണപ്പഴുപ്പ്, കേടായ പല്ലുകൾ, നാവിനെ ബാധിക്കുന്ന പൂപ്പൽബാധ,പല്ലെടുത്ത ഭാഗത്തെ ഉണങ്ങാത്ത മുറിവ്, പഴുപ്പ്, പല്ല് വൃത്തിയായി സൂക്ഷിക്കാത്തത്. ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് എന്നിവയെല്ലാമാണ് അവ. നാം കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളും വായ്നാറ്റം ഉണ്ടാക്കുന്നുണ്ട്. പാൽ, പാൽക്കട്ടി, ഐസ്‌ക്രീം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുമ്പോൾ വായിൽ നിന്ന് ദുർഗന്ധം പുറപ്പെടാറുണ്ട്.
ഏതുകാരണം കൊണ്ടാണ് വായിൽ ദുർഗന്ധം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി ചികിത്സ തേടുകയും വായ് ഏതു സാഹചര്യത്തിലും വൃത്തിയായി സൂക്ഷിക്കുകയുമാണ് അഭികാമ്യം.
ഉറങ്ങി എണീറ്റുവരുമ്പോൾ വായ്നാറ്റം അനുഭവപ്പെടുന്നതു എന്തുകൊണ്ട് ?
രാവിലെ എഴുന്നേറ്റ് വരുമ്പോൾ ചെറിയ തോതിലെങ്കിലും വായ്നാറ്റം അനുഭവപ്പെടാത്ത ആരുമുണ്ടാവില്ല. രാത്രികാലങ്ങളിൽ പല്ലു തേച്ചു വായ് ശുചിയായി സൂക്ഷിക്കുന്നവർക്കു പോലും ഇതിൽനിന്ന് ഒഴികഴിവില്ല. എന്തുകൊണ്ടാണ് ഇത്? ഉറങ്ങുന്ന സമയം ഉമിനീരിന്റെ പ്രവർത്തനം കുറയുകയും തന്മൂലം വായിലെ കീടാണുക്കളുടെ പ്രവർത്തനങ്ങൾ കൂടുകയും തൽഫലമായി രാസസംയുക്തങ്ങളുടെ പ്രവർത്തനഫലമായി ദുർഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നു. മെഡിക്കൽ ഷോപ്പുകളിൽ കിട്ടുന്നതു മാത്രമല്ല മൗത്ത് വാഷ്. ഉമിനീരും ഒരു മൗത്ത് വാഷാണ്. തികച്ചും സ്വാഭാവികമായ മൗത്ത് വാഷ്. വായ്നാറ്റത്തിന് കാരണമായ രോഗാണുക്കളെ ഇല്ലാതാക്കാൻ കഴിവുള്ള ആന്റി ബാക്ടീരിയൽ പദാർത്ഥങ്ങൾ ഉമിനീരിൽ അടങ്ങിയിട്ടുണ്ട്. കിടന്നുറങ്ങുമ്പോൾ ഉമിനീർ ഉല്പാദനം നടക്കുന്നില്ല. അതുകൊണ്ടാണ് ഉറങ്ങിയെണീറ്റുവരുമ്പോൾ വായ്നാറ്റം അനുഭവപ്പെടുന്നത്. ഉപവാസം നോക്കുന്നവരിലും ഏറെ സമയം വെള്ളം കുടിക്കാതിരിക്കുന്നവരിലും വായ്നാറ്റം അനുഭവപ്പെടാറുണ്ട്.