ടോക്‌സിക് മാതാപിതാക്കളാണോ?

Date:

spot_img

‘എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്…’
‘ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ നീ തന്നെയാണ്…’
‘നിനക്കു നല്ല വിദ്യാഭ്യാസം തരാൻ വേണ്ടി ഞാൻ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നറിയാമോ…’
‘പഠിക്കാൻ പറയുമ്പോ പഠിക്കണം. കളിച്ചുനടന്നാൽ  ഇങ്ങനെയിരിക്കും…’
‘നിന്നെക്കൊണ്ട് എന്തിന് കൊള്ളാം…’
‘മണ്ടൻ, പൊട്ടി…’

ഇത്തരം വാചകങ്ങളോ ഇതിനു സമാനമായതോ ആയ വാക്കുകൾ മക്കളോട് പറയാത്തതായി  എത്ര മാതാപിതാക്കളുണ്ടാകും? ഭൂരിപക്ഷം മാതാപിതാക്കളും  മക്കളോട് ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വാക്കുകൾപറഞ്ഞിട്ടുണ്ടാവും. പക്ഷേ അവർ അറിയുന്നതേയില്ല തങ്ങൾ ടോക്സിക് മാതാപിതാക്കളാണെന്ന്. കാരണം അവർ മക്കളെ സ്നേഹിക്കുകയും അവരുടെ വളർച്ച കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. സ്നേഹംമൂലമാണ് ശാസിക്കുന്നതെന്നും ശിക്ഷിക്കുന്നതെന്നുമാണ് അവരുടെ വാദം. എന്നാൽ ഒന്നറിയുക, നിങ്ങൾ ടോക്സിക് മാതാപിതാക്കളാണ്.

ബന്ധങ്ങളിലെല്ലാം ഇന്നേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് ടോക്സിക്. ടോക്സിക് ദമ്പതികളുണ്ട്, പ്രണയിതാക്കളുണ്ട്. സുഹൃത്തുക്കളുണ്ട്. അതുപോലെ ടോക്സിക് പേരന്റുമുണ്ട്. വിഷമയമായിട്ടുള്ളവർ. മാതാപിതാക്കന്മാരുടെ ക്രൂരതകളെക്കുറിച്ചു സംസാരിക്കുമ്പോൾ പലരും ഉദാഹരിക്കുന്നത് ഹിറ്റ്ലറുടെ പിതാവിനെയായിരിക്കും. എന്നാൽ ഹിറ്റ്ലറുടെ പിതാവിനെപോലെ അത്രമാത്രം ദുഷ്ടരോ ക്രൂരരോ അല്ലെങ്കിലും ഏറിയോ കുറഞ്ഞോ രീതിയിൽ പല മാതാപിതാക്കളും ടോക്സിക് ആണെന്നതാണ് സത്യം.

ചിലപ്പോൾ ശാരീരികമായി നമ്മൾ അവരെ വേദനിപ്പിക്കുന്നുണ്ടാവില്ല. എന്നാൽ വാക്കുകൾ കൊണ്ടോ വൈകാരികമായോ അവരെ വേദനിപ്പിക്കുമ്പോൾ, കുട്ടികളെ നിസ്സാരരായി കണക്കാക്കുമ്പോൾ, പരസ്യമായി അവരെ അപമാനിക്കുമ്പോൾ, അവരുടെ നേട്ടങ്ങളെ നിസ്സാരവല്ക്കരിക്കുമ്പോൾ, സ്വാർത്ഥതയോടെ പെരുമാറുമ്പോൾ അപ്പോഴൊക്കെ മാതാപിതാക്കൾ ടോക്സിക്കാണ്.  മക്കളെ കഠിനവും രൂക്ഷവുമായ രീതിയിൽ വിമർശിക്കുന്നതും  യൂസ് ലെസ്, സ്റ്റുപ്പിഡ്, ഇഡിയറ്റ് എന്നിങ്ങനെയുളള ലേബലുകൾ അവരെ പതിപ്പിക്കാൻ ശ്രമിക്കുന്നതുമൊക്കെ ടോക്സിക് പേരന്റിങിന്റെ ഭാഗമാണ്.

മാതാപിതാക്കളുടെ  ഇത്തരം  സ്വഭാവപ്രത്യേകതകൾ അനുഭവിച്ചു ജീവിക്കുന്ന  മക്കളിൽ  അപകർ ഷതാബോധവും അരക്ഷിതാവസ്ഥയും ഉടലെടുക്കും. മുതിർന്നതിന് ശേഷവും അവരിൽ നിന്ന് ഈ നെഗറ്റീവ് ചിന്തകളും വികാരങ്ങളും കടന്നുപോവുകയില്ല. ടോക്സിക് മാതാപിതാക്കൾ ടോക്സിക് ദമ്പതികൾ കൂടിയാകാനുളള സാധ്യതയുണ്ട്. എപ്പോഴും വഴക്കുകുടൂന്ന ദമ്പതികൾ അവരുടെ അമർഷവും നീരസവും വെറുപ്പും പ്രകടിപ്പിക്കാനുള്ള മാർഗ്ഗമായി തിരഞ്ഞെടുക്കുന്നത് മക്കളെയായിരിക്കും. മക്കൾക്ക് തിരുത്തലോ ശിക്ഷണമോ വേണ്ടെന്ന് പറയാനാവില്ല. എന്നാൽ അവരുടെ ശരീരത്തെയും മനസ്സിനെയും കഠിനമായി വേദനിപ്പിക്കുന്ന പേരന്റിംങ് ശൈലി ഗുണത്തെക്കാളേറെ ദോഷമേ വരുത്തൂ.  കൊടുംകുറ്റവാളികൾ മുതൽ അരക്ഷിതാവസ്ഥയിലാകുന്നവർ വരെ അങ്ങനെയാണ് രൂപം കൊള്ളുന്നത്. അതുപോലെ മക്കളെ സുഹൃത്തുക്കളെപോലെ കരുതുന്ന മാതാപിതാക്കളുമുണ്ട്. കുട്ടികൾക്ക് അവരുടെ പ്രായത്തിലുള്ള അനേകം കൂട്ടുകാരുണ്ട്. അതുകൊണ്ട് നിങ്ങൾ അവർക്ക് കൂട്ടുകാരാകേണ്ട കാര്യമില്ല. എന്നാൽ മാതാപിതാക്കളാകാൻ നിങ്ങൾ മാത്രമേയുള്ളൂ. നല്ല മാതാപിതാക്കളാകുക എന്നതാണ് പ്രധാനം. മക്കളെ അറിഞ്ഞും അംഗീകരിച്ചും സ്നേഹിച്ചും അവരുടെ ഒപ്പം നടക്കുക സ്നേഹം,പരിഗണന,അംഗീകാരം, സുരക്ഷിതത്വം, ധാർമ്മികമൂല്യങ്ങൾ പകർന്നുനല്കൽ, ആവശ്യങ്ങൾ നിറവേറ്റൽ ഇങ്ങനെ ഒരുപാടു ഘടകങ്ങൾ സംയോജിക്കുമ്പോഴാണ് പേരന്റിംങ് പൂർണ്ണമാകുന്നത്. മക്കളുടെ മാനസികാരോഗ്യത്തെ ഏതു പ്രായത്തിലും ആഴത്തിൽ മുറിപ്പെടുത്തുന്ന വിധത്തിലുളള മാതാപിതാക്കളുടെ വാക്കുംപെരുമാറ്റവും പ്രവൃത്തികളും ടോക്സിക് തന്നെയാണ്.


മലയാളസിനിമയിലെ ടോക്സിക് മാതാപിതാക്കളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നുവരുന്നത്  ചാക്കോ മാഷായിരിക്കും. ഭദ്രൻ- മോഹൻലാൽ ടീമിന്റെ സ്ഫടികത്തിലെ ചാക്കോമാഷ്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിച്ച്, മകനെ വലിയൊരു ഗണിതശാസ്ത്രജ്ഞനാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അച്ഛനാണ് അയാൾ. മകനെ മറ്റു വിദ്യാർത്ഥികളുമായി താരതമ്യം നടത്തി അവന്റെ ആത്മവിശ്വാസം ചോർത്തിക്കളയുന്ന, കഠിനമായി ശിക്ഷിക്കുന്ന, വലിയ നേട്ടങ്ങളെ പോലും പുച്ഛിക്കുന്ന ചാക്കോ മാഷിന്റെ  പീഡനങ്ങൾ സഹിക്കാനാവാതെ ഒരു നാൾ നാടുവിടുകയാണ് തോമസ് ചാക്കോ. പിന്നീട് അവൻ തിരിച്ചുവരുന്നത് ആടുതോമായായിട്ടാണ്. ടോക്സിക് പേരന്റിംങിന്റെ ഇരയാണെന്നും അത് ഒരു വ്യക്തിയുടെ ജീവിതത്തിൽവരുത്തുന്ന നിഷേധാത്മകപ്രവണതകൾ എന്തൊക്കെയാണെന്നും ഈ ചിത്രം പറഞ്ഞുതരുന്നുണ്ട്. ടോക്സിംങ് പേരന്റിങ് അടിയൊഴുക്കായി മാറിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ പുഴു. സിംഗിൾ പേരന്റാണ് അതിലെ കേന്ദ്രകഥാപാത്രം.  ജാതീയതയ്ക്കൊപ്പം തന്നെ വിഷം തുപ്പുന്ന പേരന്റിങും ആ അച്ഛൻ കഥാപാത്രത്തിലുണ്ട്. തക്കാളി പഴമാണെന്ന് പറഞ്ഞതിനും പല്ലിന്റെ നിറം മഞ്ഞയാണെന്ന് പറഞ്ഞതിനുമെല്ലാം അച്ഛനിൽ നിന്ന് പരിഹാസവും ശിക്ഷയും ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു മകൻ അതിലുണ്ട്. ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ..!

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...
error: Content is protected !!