ഒരാൾ ജീവിച്ചിരിക്കുന്നുവെന്നതിന്റെ അടയാളമാണ് ആ ഓർമ്മകൾ. അയാളുടെ അസ്തിത്വത്തിന്റെ ഭാഗം. ശരിയാണ് ചില ഓർമ്മകൾ അത്ര സുഖകരമല്ല. വേദനിപ്പിക്കുന്നതും കണ്ണുനനയ്ക്കുന്നതുമായ ഒരുപാടു ഓർമ്മകൾ ഓരോ വ്യക്തിയുടെയും ജീവിതത്തിലുണ്ടാകും. മറക്കാൻ ആഗ്രഹിക്കുന്നവയാണ് ആ ഓർമ്മകൾ. പക്ഷേ അതുപോലെയല്ല ഓർമ്മകൾ മാഞ്ഞുപോകുന്നത്. ഒരോർമ്മയും ഇല്ലാതെയാകുന്നത്. ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ?
മറവിരോഗം അഥവാ അൽഷിമേഴ്സ്
തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് അൽഷിമേഴ്സ്. തലച്ചോറിന്റെ വലുപ്പം ചുരുങ്ങിവരുന്ന അവസ്ഥയാണ് ഇത്. ഒരിക്കൽ നശിച്ചുപോയ ഇവയെ പുനർജ്ജീവിപ്പിക്കുക അസാധ്യമായതിനാലാണ് അൽഷിമേഴ്സ് രോഗത്തിന് ഇതുവരെയും ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കപ്പെടാത്തത്. സ്വന്തം പേരുമുതൽ ജീവിക്കുന്ന ചുറ്റുപാടുവരെ ഇവർ മറന്നുപോവുന്നു. അതുവരെയുള്ള എല്ലാ ഓർമ്മകളും ഇല്ലാതാകുന്നതോടെ ജീവിതത്തിന്റെ താളംതന്നെ തെറ്റിപ്പോകുന്നു.
രോഗപരീക്ഷണങ്ങളുടെ ചരിത്രം
1906ലാണ് ഈ രോഗത്തെക്കുറിച്ചുള്ള ആദ്യ ത്തെ പഠനം നടക്കുന്നത്. ജർമ്മൻകാരനായ ഡോ. അലിയോസ് അൽഷിമറാണ് ഈ വിഷയത്തിൽ ആദ്യത്തെ പഠനം നടത്തിയത്. മരണമടഞ്ഞ ഒരു സ്ത്രീയുടെ തലച്ചോറിൽ പ്രകടമായ ചില വ്യത്യാസങ്ങൾ കണ്ടെത്തിയതിന്റെ അത്ഭുതം ഒരു അന്വേഷണത്തിന് തുടക്കമിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് രോഗത്തിന് പിന്നീട് അൽഷിമേഴ്സ് എന്ന പേരു നല്കിയത്.
എന്തുകൊണ്ട് ?
അൽഷിമേഴ്സ് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. പ്രായമായവരിൽ മാത്രമാണ് ഈ രോഗം കണ്ടുവരുന്നത്. 65 വയസിന് മുകളിലുള്ള 15 പേരിൽ ഒരാൾക്ക് ഈ രോഗമുണ്ട്. ഓരോ പതിറ്റാണ്ടുകഴിയുമ്പോഴും രോഗസാധ്യത വർദ്ധിച്ചുവരുന്നു, 85നു മേൽ പ്രായമുള്ള പകുതിയിലേറെപ്പേർക്കും അൽഷിമേഴ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഈ രോഗം കണ്ടുവരുന്നുമുണ്ട്. ഓരോ ഏഴു സെക്കന്റിലും ഓരോ അൽഷിമേഴ്സ് രോഗി ഉണ്ടാകുന്നതായാണ് കണക്കുകൾ.
ലക്ഷണങ്ങൾ
ഭൂതകാലത്തിൽ നടന്ന ചില സംഭവങ്ങൾ ഇവർ ക്ക് ഓർമ്മയുണ്ടാകാം. എന്നാൽ തൊട്ടുമുമ്പ് നടന്ന പല സംഭവങ്ങളും ഓർമ്മയുണ്ടാവില്ല. സ്ഥലകാലബോധം നഷ്ടപ്പെടുക, പേരു മറന്നുപോവുക. പെരുമാറ്റത്തിലുണ്ടാകുന്ന അസ്വാഭാവികതകൾ എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ. എന്നാൽ വാർദ്ധക്യസംബന്ധമായ അസുഖങ്ങളായി കണ്ട് പലരും ഇതിനെ അവഗണിച്ചുകളയുകയാണ് പതിവ്. പല്ലുതേക്കുന്നതോ മുടിചീകുന്നതോ എങ്ങനെയെന്ന് പോലും ഇക്കൂട്ടർ മറന്നുപോവും. മിഥ്യാധാരണ കളും മിഥ്യാഭ്രമങ്ങളും ഇവരെ പിടികൂടാറുണ്ട്. പലപ്പോഴും വീടുവിട്ടു പുറത്തുപോകാൻ ശ്രമിക്കുന്നതുപോലെയുള്ള സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചുരുക്കം ചിലരിൽ അനുചിതമായ ലൈംഗികസ്വഭാവങ്ങളും പ്രകടമാകും. രോഗലക്ഷണങ്ങൾ പ്രകടമായി പത്തുവർഷത്തിനുള്ളിൽ രോഗി മരണമടയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ലോക അൽഷിമേഴ്സ് ദിനം
1994 സെപ്തംബർ 21ന് എഡിൻബറോയിൽ നടന്ന അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷനൽ വാർഷികസമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് ആദ്യമായി ലോക അൽഷിമേഴ്സ് ദിനം ആചരിച്ചത്. 1984 ൽ സ്ഥാപിതമായ സംഘടനയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു ദിനാച രണം. അൽഷിമേഴ്സ് രോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതേക്കുറിച്ചു അവബോധം വളർത്തുന്നതിനുമാണ് ദിനാചരണം നടത്തുന്നത്.
ലോകത്ത് മറവിരോഗികളായ 55 ദശലക്ഷം പേരുണ്ട്
ഓരോ വർഷവും 10 ദശലക്ഷം പേർ ഇക്കൂട്ടത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നു
മരണകാരണമാകാവുന്ന രോഗങ്ങളിൽ ഏഴാം സ്ഥാനം
എല്ലാത്തരം മറവിയും മറവിരോഗമാണോ?
ചില കാര്യങ്ങൾ ചെയ്യാൻ മറന്നുപോവുക, താക്കോൽ മറക്കുക, കണ്ണടയും മൊബൈലും മറക്കുക എന്നിങ്ങനെ നിത്യജീവിതത്തിൽ പലരും കടന്നുപോകുന്ന പലതരം മറവികളുണ്ട്. എന്നാൽ ഇത്തരം മറവികളെല്ലാം അൽഷിമേഴ്സാണെന്ന് പേടിക്കരുത്. എന്നാൽ ചിലപ്പോഴെങ്കിലും മധ്യവയസിലോ പ്രായക്കൂടുതലുള്ളവരിലോ ആണ് ഈ മറവി രൂക്ഷമായ വിധത്തിൽ കാണപ്പെടുന്നതെങ്കിൽ അത് മറവിരോഗമാകാനുള്ള സാധ്യതയുണ്ടെന്നും മറക്കരുത്. പക്ഷേ അൽഷിമേഴ്സ് കൊണ്ടല്ലാതെയും മറവി പിടികൂടാം.
പലതരം മരുന്നുകൾ കഴിക്കുന്നത്, വിഷാദരോഗം, ശരിയായ ഉറക്കം ലഭിക്കാത്തത് എന്നിവയൊക്കെ ഓർമ്മക്കുറവിന് കാരണമായേക്കാം. ഇതിന് പുറമെ കൂർക്കംവലി, സ്ട്രോക്ക്, പോഷകക്കുറവ്, മാനസികസമ്മർദ്ദം, ഉത്കണ്ഠ എന്നിവയും ഓർമ്മക്കുറവിന് കാരണമാകുന്നുണ്ട്.
നാഡികളുടെ പ്രവർത്തനത്തിനാവശ്യമായ ബി വിറ്റാമിനുകളിൽ ഒന്നായ ബി12 മതിയായ അളവിൽ ശരീരത്തിൽ ഇല്ലെങ്കിൽ അത് വിഭ്രാന്തിയും മതിഭ്രമവും സൃഷ്ടിക്കും. ഉറക്കഗുളികകൾ, അലർജിമരുന്നുകൾ, പെയ്ൻ കില്ലേഴ്സ്, കൊളസ്ട്രോളിനും പ്രമേഹത്തിനുമുള്ള മരുന്നുകൾ എന്നിവ കഴിക്കുന്നവരിലും ഓർമ്മക്കുറവ് കണ്ടുവരാറുണ്ട്. തലച്ചോറിലെ പ്രധാന ധമനികളിൽ രക്തഓട്ടം തടസപ്പെടുന്നതിലൂടെയും ഓർമ്മക്കുറവ് സംഭവിക്കാം. അതുപോലെ, ഓർമ്മക്കുറവുളളവർക്ക് സ്ട്രോക്ക് വരാൻ സാധ്യതയുമുണ്ട്. കൂർക്കം വലിക്കാരിലും ഓർമ്മക്കുറവ് കണ്ടുവരാറുണ്ട്.