നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം, ജോലി നഷ്ടപ്പെടാം, വീടു നഷ്ടപ്പെടാം, പ്രിയപ്പെട്ടവരെ നഷ്ടപ്പെടാം, ജീവൻ നഷ്ടപ്പെടാം. നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നത് ധനനഷ്ടവും ജോലിനഷ്ടവുമൊക്കെയായിരിക്കും. അതെ, അവ വലിയ നഷ്ടങ്ങൾ തന്നെയാണ്.
നഷ്ടപ്പെടുന്നതുവരെ നഷ്ടപ്പെടുന്നവയുടെ മൂല്യം തിരിച്ചറിയുന്നില്ലെന്നേയുള്ളൂ. എല്ലാം നഷ്ടങ്ങളാണ്, ഓരോരോ സാഹചര്യങ്ങളിൽ അതിന്റെ വേദനയും തീവ്രതയും ഏറിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം. പല നഷ്ടങ്ങളും അപ്രതീക്ഷിതങ്ങളാണ്. അതുകൊണ്ടുതന്നെ ആ നഷ്ടങ്ങളോട് പൊരുത്തപ്പെടാൻ സമയമെടുക്കും. നഷ്ടപ്പെട്ടവരുടെ വിലാപം ഇനിയും ചുരമിറങ്ങി കഴിഞ്ഞിട്ടില്ല. വയനാട് ഉരുൾപ്പൊട്ടലിന്റെ കാര്യമാണ് പറയുന്നത് എന്നെങ്കിലും അത് തോരുമെന്ന് കരുതാനും വയ്യ. എല്ലാ നഷ്ടങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. നഷ്ടമായവരിൽ മാത്രമേ അതിന്റെ നഷ്ടം നീണ്ടുനില്ക്കുന്നുള്ളൂ. മറ്റുള്ളവരെല്ലാം ആ നഷ്ടങ്ങളോട് തെല്ലൊന്ന് സഹതപിച്ചു തങ്ങളുടെ ജീവിതത്തിലേക്ക് തന്നെ മടങ്ങിപ്പോകും. അതാരുടെയും കുറവോ കുറ്റമോ അല്ല. എല്ലാവർക്കും അങ്ങനെയേ പറ്റൂ. എന്നിട്ടും ഏറ്റവും വലിയ നഷ്ടം ഏതാണ്? എനിക്ക് ഞാൻ നഷ്ടമാകുന്നതാണ് എന്നെ സംബന്ധിച്ച ഏറ്റവും വലിയ നഷ്ടം. എനിക്ക് എന്നെ തിരിച്ചെടുക്കാൻ പറ്റുന്നില്ല. എനിക്ക് എന്നെ പഴയതുപോലെ വീണ്ടെടുക്കാൻ കഴിയുന്നില്ല. എനിക്ക് ഞാൻ എവിടെയോ നഷ്ടമാകുന്നു. പുലർത്തിപ്പോന്നിരുന്ന ആദർശങ്ങൾ.. മൂല്യങ്ങൾ.. നന്മകൾ.. സ്നേഹങ്ങൾ.. ഒരാൾക്ക് അവരവരെ പലരീതിയിൽ നഷ്ടപ്പെടാം. പലർക്കും പലരെയും പലതിനെയും നഷ്ടപ്പെടാം. പക്ഷേ ആർക്കും അവനവരെ നഷ്ടപ്പെടാതിരിക്കട്ടെ. അവരവരെ നഷ്ടമായിക്കഴിഞ്ഞാൽ പിന്നെ നാമാര്?
സ്നേഹപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്