വിമർശനങ്ങൾക്ക് മുമ്പിൽ പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ വിമർശനങ്ങളെ അത്രയധികം പേടിക്കുകയോ അതോർത്ത് തളരുകയോ ചെയ്യേണ്ടതുണ്ടോ?ഇല്ല എന്നുതന്നെയാണ് ഉത്തരം.
വിമർശനങ്ങളെ വൈകാരികമായും വ്യക്തിപരമായും സ്വീകരിക്കുന്നതുകൊണ്ടാണ് വിമർശനങ്ങളെ നാം ഭയക്കുന്നത്. എന്റെ നാശം കാണാൻ ആഗ്രഹിക്കുന്നതുകൊണ്ടും എന്നോടുള്ള വിദ്വേഷം കൊണ്ടുമാണ് ഞാൻ വിമർശിക്കപ്പെടുന്നത് എന്ന് വിചാരിക്കുന്ന ഒരാൾക്ക് വിമർശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കാനാവില്ല വിമർശിക്കുന്ന ആളും വിമർശിക്കപ്പെടുന്ന ആളും തമ്മിലുള്ള ബന്ധവും വിമർശനത്തിലെ പ്രധാന ഘടകമാണ്. വിമർശിക്കപ്പെടുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അയാളെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത് എന്താണ്?
സൂയയാണോ അതോ തന്റെ കാര്യത്തിലുള്ള താല്പര്യമോ? താൻ നന്നാകുന്നതിലുളള അസ്വസ്ഥതയോ അതോ താൻ കൂടുതൽ മെച്ചപ്പെടണമെന്ന ആഗ്രഹമോ? ഇങ്ങനെയൊരു വേർതിരിവ് മനസ്സിലാക്കിയെങ്കിൽ മാത്രമേ വിമർശനങ്ങളെ ആരോഗ്യപരമായി സമീപിക്കാനാവൂ.
വിമർശനത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോ.. വിമർശനത്തിൽ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നുകയാണെങ്കിൽ അത് തിരുത്താൻ, മെച്ചപ്പെടാൻ ശ്രമിക്കുക. ഇനി അതല്ല വാസ്തവരഹിതമാണെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിൽ അതിനെ അതിന്റെ പാട്ടിന് വിട്ടേക്കുക.
അഭിനന്ദനങ്ങൾ നല്ലതാണ്, അതുപോലെ തന്നെ വിമർശനവും.തുടർച്ചയായി എല്ലായിടത്തു നിന്നും അഭിനന്ദനങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ അതൊരുപക്ഷേ ജീവിതത്തിൽ മാറ്റംവരുത്താനോ തിരുത്താനോ തയ്യാറാകണമെന്നില്ല. അംഗീകരിക്കപ്പെടുന്നുണ്ട്, പ്രശംസിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കി അതേ രീതിയിൽ തുടർന്നുപോകാനുള്ളപ്രവണതയായിരിക്കും അതിന്റെ ഫലം. എന്നാൽ വിമർശിക്കപ്പെടുമ്പോൾ എവിടെയോ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാവും. തിരുത്തേണ്ടിടത്ത് തിരുത്താനും പഴയതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ നന്നായിപ്രവർത്തിക്കാനും അതു പ്രേരണ നല്കും.
വിമർശിക്കുന്നവരും ഒരു കാര്യം ഓർത്തിരിക്കുന്നത് നല്ലതാണ്. ക്രൂരവും ഭീകരവുമായ രീതിയിൽ വിമർശിക്കരുത്. ഏതു രീതിയിൽ വിമർശിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നതു അതുപോലെ മറ്റുള്ളവരെയും വിമർശിക്കുക. വിമർശനത്തിലെ ടോൺ പ്രധാനപ്പെട്ടതാണ്. ഒരു കാര്യം പലരീതിയിൽ നമുക്ക് പറയാനാവും.
വിമർശനങ്ങളെ ഒരിക്കലും വൈകാരികമായി എടുക്കരുത്. അങ്ങനെയാകുമ്പോഴാണ് നാം തളർന്നുപോകുന്നത്. വിമർശിക്കപ്പെടുമ്പോൾ തിടുക്കം കൂട്ടി തിരുത്താനോ ന്യായംപറയാനോ പോകരുത്. വിമർശനങ്ങളെ സ്വാഗതം ചെയ്യാൻ കഴിയുന്നത് സ്വന്തം കഴിവിൽ മതിപ്പും ആത്മവിശ്വാസവുമുള്ളവർക്കാണ്.
വിമർശനങ്ങളിൽ പരിധിയിൽ കൂടുതലായി തളർന്നുപോകുന്നുണ്ടെങ്കിൽ അതിന് ഒറ്റകാരണമേയുള്ളൂ. മറ്റുള്ളവരുടെ നാവിലാണ് നാം സന്തോഷം കണ്ടെത്തിയിരുന്നത്. സ്വന്തം കഴിവിനെക്കുറിച്ച് നമുക്കു തന്നെ സംശയമുണ്ടായിരുന്നു.