Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്, “Family is the smallest unit of the society, and it is the most important social tool in every society.’ അതെ, ഒരു സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ, ലോകത്തിന്റെതന്നെ അടിസ്ഥാനപരമായ വളർച്ചയ്ക്ക്, രൂപീകരണത്തിന് എല്ലാം കാതലായി നിൽക്കുന്നത് കുടുംബമാണ്. “A Healthy family builds a wealthy nation.’ മാതാപിതാക്കളും മക്കളും കൊച്ചുമക്കളും സ്‌നേഹത്തിലും സന്തോഷത്തിലും ഐക്യത്തിലും കഴിയുന്ന ഒരു കുടുംബം അത് മാതൃകാ കുടുംബം ആയിരിക്കും.
കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്കുള്ള യാത്രയിൽ ഈ കഴിഞ്ഞ നൂറ്റാണ്ടുകളിൽ സംഭവിച്ച മാറ്റങ്ങൾ ഏറെയാണ്. കുടുംബങ്ങൾ ചെറുതാക്കപ്പെട്ടപോലെ കുടുംബങ്ങളിലെ വ്യക്തിബന്ധങ്ങളും, ജീവിതരീതികളും, കുടുംബപശ്ചാത്തലവും കാലത്തിനനുസരിച്ച് ഏറെ മാറ്റപ്പെട്ടിരിക്കുന്നു. കുടുംബപ്രശ്‌നങ്ങൾ, വ്യക്തിബന്ധങ്ങളിലെ വിള്ളലുകൾ, പൊരുത്തമില്ലായ്മ, വ്യക്തിസ്വാതന്ത്ര്യം, വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ എന്നിവയെല്ലാം ഇന്ന് കുടുംബപശ്ചാത്തലത്തിന് ഏറെ വെല്ലുവിളികൾ ഉയർത്തുന്നതാണ്.
കേരളത്തിന്റെ ദേശീയപക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ജീവിത രീതികൾ ഏറെ മനോഹരമാണ്. തന്റെ ജീവിതകാലം മുഴുവനും ഒരു ഇണയോട് മാത്രം ചുറ്റിപ്പറ്റി ജീവിക്കുന്ന പക്ഷികളാണ് ഇവ. വളരെ മനോഹരമായ ഒരു കുടുംബപശ്ചാത്തലത്തിന്റെ ചിത്രമാണ് ഈ പക്ഷികൾ നമുക്കുമുന്നിൽ തുറന്നുവെയ്ക്കുന്നത്. കുടുംബ പരിപാലനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ആൺപക്ഷിയും പെൺപക്ഷിയും ഒരുപോലെ ശ്രദ്ധവെയ്ക്കുന്നു. മുട്ടയിടാൻ കാലമാകുമ്പോൾ ഉയരമുള്ള ഒരു മരത്തിന്റെപൊത്തിൽ സ്ഥലം കണ്ടെത്തുകയും തള്ളപ്പക്ഷി അതിൽ മുട്ടയിട്ട് അടയിരിക്കുകയും ചെയ്യുന്നു. മറ്റ് ജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി മരപ്പൊത്തിൽ ചെറിയൊരു ദ്വാരം മാത്രം അവശേഷിപ്പിച്ച് ആൺപക്ഷി പുറത്തുനിന്ന് അടയ്ക്കുന്നു, അതിലൂടെ തള്ളപക്ഷികൾക്കും കുഞ്ഞുങ്ങൾക്കും ആൺപക്ഷി തീറ്റയെത്തിക്കുന്നു.
മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ ചിറകുവെച്ച് പറക്കാനാകുമ്പോൾ തള്ളപക്ഷി ഒരു ശബ്ദം ഉണ്ടാക്കുകയും പുറത്തുനിന്ന് അടച്ച മരപ്പൊത്ത് ആൺപക്ഷി കൊത്തിതുറക്കുകയും അവർ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇതിനോടകം ആൺപക്ഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ മരപ്പൊത്തിലുഉള്ള തള്ളപക്ഷിയും കുഞ്ഞുങ്ങളും ഭക്ഷണം ഇല്ലാതെയും പുറത്തിറങ്ങാൻ വയ്യാതെയും മരണപ്പെട്ടേക്കാം. എത്ര മനോഹരമായ ഒരു കുടുംബ പശ്ചാത്തലത്തിന്റെ ചിത്രമാണ് ഈ പക്ഷികളുടെ ജീവിതം നമുക്കുമുന്നിൽ തുറന്നുവെയ്ക്കുന്നത്.
കവി പറഞ്ഞുവെക്കുന്നു,
വിവാഹം വിനോദമായാൽ
വിവാഹം വിവാദമാകും
മണിയറ കല്ലറകൾ ആകും
തലമുറ തല തിരിയും
കുടുംബം കുമ്പളമാകും.
തലമുറകളെ വളർത്തുന്നതിനും, തളർത്തുന്നതിനും കുടുംബപശ്ചാത്തലങ്ങൾക്ക് ഒരു പങ്കുണ്ട്, അതുകൊണ്ടാണ് പറയുന്നത് ജീവിതത്തിന്റെ നല്ല പാഠങ്ങളും മൂല്യങ്ങളും ഒരാൾക്ക് കുടുംബങ്ങളിൽ നിന്നുമാണ് ലഭിക്കേണ്ടതെന്ന്. ഒരു വ്യക്തിയുടെ അടിത്തറ രൂപീകരണത്തിൽ കുടുംബപശ്ചാത്തലത്തിന് മഹത്തായപങ്കുണ്ട്. കുടുംബവളർച്ചയിൽ പരസ്പരം സഹായിക്കുന്ന, തെറ്റുകുറ്റങ്ങളിൽ പരസ്പരം മാപ്പ് ചോദിക്കുന്ന മാതാപിതാക്കളുടെ മാതൃക എങ്ങനെയാണ് മക്കൾക്ക് മറക്കാൻ സാധിക്കുക.
നമുക്കൊന്ന് ആത്മപരിശോധന നടത്താം ന മ്മുടെ കുടുംബങ്ങളും കുടുംബജീവിതവും എപ്രകാരമുള്ളതാണ്. എന്തെങ്കിലും മാറ്റങ്ങൾ നമുക്ക് നമ്മുടെ ജീവിതത്തിൽ അനിവാര്യമാണോ, നല്ലതീരുമാനങ്ങൾക്കും നല്ലമാറ്റങ്ങൾക്കുമായി നാം മാറി ചിന്തിക്കേണ്ടതുണ്ടോ?