ഓഗസ്റ്റ് 10 : തടവറ ദിനം
”സ്വാതന്ത്ര്യത്തെയാണ് തടവറ തടഞ്ഞിട്ടത്.
ആത്മസംഘർഷങ്ങളാണ്
തടവറയ്ക്കുള്ളിലുള്ളത്,
കുരുതിപ്പൂവുകളാണ് തടവറയിൽ വിടരുന്നത്
ചുട്ടെരിക്കാനുള്ള അഗ്‌നിനാവുകൾ
തടവറ കരുതിവയ്ക്കും” – കാരായി രാജൻ
ഒരു ദേശം മുഴുവൻ തടവറയായി മാറ്റപ്പെട്ട അടിയന്തരാവസ്ഥയുടെ ഓർമ്മകൾ അമ്പതാമാണ്ടിലേക്ക് പ്രവേശിക്കുകയാണ്. അന്ന് മനുഷ്യർ അനുഭവിച്ച തടവറവാസം ഇന്ന് ഒരു ഭൂഷണവും ജനാധിപത്യ സംരക്ഷണ പോരാട്ടത്തിലെ സുപ്രധാന ഏടുമായി കരുതപ്പെടുന്നു. സ്വാതന്ത്ര്യ സമരകാലത്തെ നേതാക്കളുടെ ജയിൽവാസങ്ങളെയും അങ്ങനെ തന്നെയാണ് വിലയിരുത്തുന്നത്. എന്നിരുന്നാലും, തടവറയിൽ ഓരോ മനുഷ്യനും അനുഭവിച്ചവ അവരോർക്കാനിഷ്ടപ്പെടുന്നവയാകാൻ തരമില്ല. കാരണം, അനേകം മനുഷ്യരുടെ കണ്ണീരും ചോരയും വീണുകുതിർന്ന ഇടങ്ങളാണ് തടവറയുടെ അകത്തളങ്ങൾ. ഒരായിരം നിലവിളികൾ തൊണ്ടയിൽ കുരുങ്ങിയതും നിരവധി സ്വപ്‌നങ്ങൾ ചവിട്ടിയരയ്ക്കപ്പെട്ടതും തടവറകൾക്കുള്ളിൽ തന്നെ. ഒരിക്കലും മടങ്ങി വരാനാവില്ലെന്നറിയാതെ ചിലരൊക്കെ വിട പറഞ്ഞു കയറിപോയതും തടവറയ്ക്കുള്ളിലേക്കാണ്.
വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പേരിലായിരിക്കാം ഓരോരുത്തരും ജയിലിൽ എത്തപ്പെടുന്നത്. നിഷ്‌കളങ്കരും നിസ്സഹായരും വഞ്ചിതരും അക്കൂട്ടത്തിലുണ്ടാവാം. സാമൂഹിക നന്മയ്ക്ക് വേണ്ടി ഉറച്ച നിലപാടുകളെടുത്തതിന്റെ പേരിലും ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിലും ജയിലിലകപ്പെടുന്നവർ ഉണ്ടെകിലും അവർ ഇന്ന് വംശനാശഭീക്ഷണി നേരിടുന്നുണ്ട്. രാഷ്ട്രീയ നേതാക്കൾ പോലും അഴിമതിയുടെ പേരിലാണ് ഇന്ന് ജയിൽവാസമനുഭവിക്കുന്നത്. രാഷ്ട്രീയ പകപോക്കലുകളുടെ വേദിയായി കൂടി തടവറകൾ ഇന്ന് രൂപാന്തരപ്പെട്ടിട്ടുണ്ട്. അപ്പോഴും സമ്പത്തും അധികാരവുമുള്ളവർക്ക് തടവറ തറവാട് പോലെയായിരിക്കും. നിയമത്തിലും നീതിന്യായ വ്യവസ്ഥകളിലും അവർക്കായി പഴുതുകൾ സൃഷ്ടിക്കപ്പെടും. തെളിവുകളുടെ അഭാവമെന്നൊക്കെ പറഞ്ഞ് ഒടുവിൽ അവർക്കെതിരെയുള്ള കേസുകളെല്ലാം ചവറ്റുകൂട്ടയിൽ സ്ഥാനം പിടിക്കുകയും ചെയ്യും. പക്ഷേ, എല്ലാവരുടെയും കാര്യങ്ങൾ അങ്ങനെയല്ല. ഒരു ജാമ്യക്കാരനെ കിട്ടാത്തതുകൊണ്ടോ, ജാമ്യത്തുക സ്വരൂപിക്കാൻ കഴിയാത്തതുകൊണ്ടോ, അഭിഭാഷകനെ നിയോഗിക്കാനുള്ള പ്രാപ്തി ഇല്ലാത്തതുകൊണ്ടോ ഒരു ചെറുമോഷണ കേസിൽ പോലും വർഷങ്ങളോളം ജയിലിൽ കഴിയാനാണ് സാധാരണക്കാരന്റെ വിധി. കള്ളക്കേസിലോക്കെ കുടുങ്ങി ഒരുവൻ തടവിലാകുമ്പോൾ, താളം തെറ്റുന്ന അവന്റെ കുടുംബത്തെ കുറിച്ചൊന്നും ആരും ഓർക്കാറുമില്ല.
ജയിൽ വാസത്തിനിടയിൽ, സന്തോഷിക്കാൻ വക നല്കുന്നതെല്ലാം മനുഷ്യരിൽ നിന്ന് അപഹരിക്കപ്പെടും. പ്രത്യക്ഷമായ ശാരീരിക പീഡകളെക്കാൾ മാനസിക പീഡനങ്ങൾക്കാണ് ജയിലുകളിൽ പ്രാധാന്യം. ഗ്വാണ്ടിനോമയായാലും തീഹാറായാലും വിയ്യൂരായാലും ഇതിൽ വ്യത്യാസമില്ല. എവിടെയും തടവറകൾ മനുഷ്യാവകാശങ്ങളുടെ നിഷേധഭൂമികയാണ്.
ജീവിതത്തിൽ അത്യാവശ്യമെന്നും അനിവാര്യമെന്നുമൊക്കെ കരുതുന്ന പലതും തടവറയിൽ ആർഭാടങ്ങളാണ്. ഒരു തുണ്ടു പേപ്പർ,ഒരു പേന, മുഖം നോക്കാൻ ഒരു കണ്ണാടി, ഇരിക്കാൻ ഒരു കസേര ഇവയുടെയൊക്കെ വില അറിയണമെങ്കിൽ ജയിൽ വാസികളോട് ചോദിക്കണം. ഉയർന്ന മതിൽ കെട്ടിനും വലിയ കവാടത്തിനുമപ്പുറമുള്ള ലോകത്തിലെ ഇത്തരം വിശേഷങ്ങൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും. നീണ്ട ഇരുപത്തിയേഴു വർഷങ്ങൾ തടവറയിൽ കഴിഞ്ഞ നെൽസൺ മണ്ടേലക്ക് ആദ്യ 18 വർഷങ്ങളിൽ, വർഷത്തിൽ ഒരു തവണ മാത്രം കത്തെഴുതാനും ഒരു സന്ദർശകനെ മാത്രം കാണാനുമാണ് അനുവാദം ഉണ്ടായിരുന്നത്. വെള്ളം കുടിക്കാൻ ഒരു സ്‌ട്രോ ലഭിക്കാൻ സ്റ്റാൻ സ്വാമിക്ക് സുപ്രീംകോടതി വരെ അപേക്ഷ നൽകേണ്ടി വന്നു എന്നതും ചരിത്ര സത്യമാണ്.
തടവറകൾ പീഡനാലയങ്ങളല്ല,തിരുത്തൽ കേന്ദ്രങ്ങളായി പരിണമിക്കണം എന്നതാണ് ആധുനിക സങ്കൽപം.ജയിൽവാസികൾ അവർക്കു ലഭിക്കുന്ന ശിക്ഷകളെ ഭയപ്പെട്ട് തെറ്റുകളിൽ നിന്നും പിന്തിരിയുമെന്ന പുരാതന ചിന്തയിൽ നിന്നും മാറി അപരാധിയുടെ ഹൃദയപരിവർത്തനം സാധ്യമാകുന്ന രീതിയിലേക്ക് ശിക്ഷണനടപടികൾ മാറണം എന്നതാണ് ആധുനിക സിദ്ധാന്തം. പ്രായോഗിക തലത്തിൽ ഇതിനെ വിജയിപ്പിക്കാൻ ആരും പരിശ്രമിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.ജയിൽ ഉദ്യോഗസ്ഥരുടെ പരുക്കൻ പെരുമാറ്റങ്ങളും അസ്വസ്ഥത സൃഷ്ടിക്കുന്ന ജയിൽ സാഹചര്യങ്ങളും വൻകുറ്റവാളികളുമായുള്ള ഇടപെടലുകളും ഒരുവനെ കുറ്റകൃത്യങ്ങളുടെ ലോകത്ത് ഉറപ്പിച്ചു നിറുത്തുന്ന കാഴ്ചയാണ് ഇന്നുള്ളത്.
ഒരു കുറ്റം ചെയ്യുമ്പോൾ സ്വന്തം ആത്മാവിനെ വഞ്ചിക്കുകയായിരുന്നു എന്ന തിരിച്ചറിവിലേക്കും മാനസാന്തരത്തിലേക്കും ഒരുവൻ കടന്നുവരുമ്പോഴേ തെറ്റിന്റെ പാതയിൽ നിന്നുള്ള വ്യതിചലനം സംഭവിക്കൂ.അത്തരം മാറ്റക്കാഴ്ചകൾക്ക് ജയിലഴികൾ സാക്ഷ്യം വഹിക്കണമെങ്കിൽ പെരുമാറ്റത്തിലെ ആർദ്രതയും വാക്കുകളിലെ സ്‌നേഹസ്പർശവും ആത്മീയമായ ചൈതന്യവും തടവറകളിൽ നിറയാൻ അധികാരികൾ ജാഗ്രത പുലർത്തണം. കുറ്റവാളികൾ ജനിക്കുന്നതിൽ സമൂഹത്തിന് പങ്കുണ്ടെന്നിരിക്കെ അവരെ നന്മയിലേക്ക് നയിക്കാനും സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്.
വിജയ് പി. ജോയ്