‘വെളുത്ത മുറി’ പീഡനങ്ങൾ

Date:

spot_img

മിഡിൽ ഈസ്റ്റിൽ പ്രതേകിച്ചു  ഇറാൻ പോലുള്ള രാജ്യങ്ങളിൽ കുറ്റവാളികൾക്ക് നേരെ  പ്രയോഗിക്കുന്ന ഒരു പീഡന രീതി അല്പ നാൾ മുൻപ് വലിയ  മാധ്യമ ചർച്ചയായിരുന്നു. വെള്ളമുറി പീഡനം (White Room Torture) എന്നാണ് അതറിയപ്പെടുന്നത്. അതായത്  കുറ്റവാളിയെ വെളുത്ത വസ്ത്രം ധരിപ്പിച്ചു പൂർണമായും ഒരു വെളുത്ത ഒരു മുറിയിലേക്ക് പ്രവേശിപ്പിക്കുന്നു. ആ മുറിയിലെയും ശുചി മുറിയിലെയും  ചുവരുകളും തറയും  കിടക്കാനുള്ള മെത്തയും ധരിക്കാനുള്ള  വസ്ത്രങ്ങളും  കഴിക്കാനുള്ള ഭക്ഷണവും അതു വിളമ്പുന്ന പാത്രവുമെല്ലാം വെളുത്തിരിക്കും .  അതിനു പുറമെ  മുറിയിൽ 24 മണിക്കൂറും കത്തിക്കൊണ്ടിരിക്കുന്ന ഒരു വെളുത്ത പ്രകാശവും ഉണ്ടാകും. അങ്ങനെ  സ്വന്തം നിഴൽ പോലും കാണാനാകാതെ  വലിയ ഏകാന്തതയിലൂടെ കടന്നുപോകുന്ന ആ വ്യക്തിയുടെ   മാനസിക നില പോലും തകരാറിലാവുകയും വിഷാദ രോഗത്തിലേക്കു ആത്മഹത്യയിലേക്ക് വരെ  എത്തുചേരുകയും ചെയ്യുന്ന അവസ്ഥ.   ഒരു വ്യക്തിയുടെ  സഞ്ചാര- സംസാര-ചിന്താ-സാധ്യതകളെ നിയന്ത്രിക്കുന്ന ഈ പീഡനമുറ ശാരീരിക മർദ്ദനങ്ങളെക്കാൾ പതിന്മടങ്  കഠിനമാണ് എന്നുള്ളതാണ് കണ്ടെത്തൽ. 

സത്യത്തിൽ ഈ വെള്ള മുറികൾ മധ്യപൂർവരാജ്യങ്ങളിൽ കണ്ടു വരുന്ന  ഒരു ശിക്ഷാരീതി മാത്രമായി കണക്കാക്കേണ്ടതില്ല. മറിച്ച്  ചിലപ്പോഴെല്ലാം നമ്മുടെ  വീടും കുടുംബങ്ങളും  ഇരത്തിലുള്ള ചില വെളുത്ത മുറികളായി (White Room‑)  മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു? അതായത് കുടുംബത്തിന്റെ അകത്ത് പരസ്പരം സംസാരിക്കാനും ആശയ വിനിമയയും നടത്തുവാനും സാധ്യമല്ലാത്ത വിധം നമ്മുടെ കുടുംബങ്ങൾ മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു . വല്ലാത്ത ഒരു ഏകാന്തതയുടെ വെള്ള മുറികളിലേക്കാണ് ഓരോ കുടുംബവും   കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ ആത്മഹത്യ നിരക്കിൽ കേരള സംസ്ഥാനം തന്നെയാണ് ഏതാണ് മുന്നിൽ. അതിൽ തന്നെ കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും നമ്മൾ ഒട്ടും പിന്നിലല്ല. അതിനുള്ള ഒരു കാരണമായി പഠനങ്ങൾ  പറയുന്നത് പരസ്പരം തുറന്നു സംസാരിക്കുന്നതിനുള്ള  സ്വാതന്ത്ര്യം നമ്മുടെ കുടുംബങ്ങളിൽ നഷ്ടപ്പെടുന്നു എന്നുള്ളതാണ്. മറ്റൊരു മനുഷ്യനുമായി സമ്പർക്കമില്ലാതെ അടക്കിപ്പിടിച്ചും അടക്കം പറഞ്ഞും നമ്മുടെ ബന്ധങ്ങളിങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. പരസ്പരം  ഉള്ളു തുറന്നു സംസാരിക്കുന്നിടത്താണ് സ്വാതന്ത്ര്യം  അതിന്റെ പൂർണതയിൽ അനുഭവിക്കാനാവുന്നത് .  

പരസ്പരം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട്  എത്ര ബന്ധങ്ങളാണ് നമുക്കിടയിൽ ഇടമുറിഞ്ഞു പോയിട്ടുള്ളത്. ഈയിടെ ഇറങ്ങിയ ഒരു  മലയാള ചലച്ചിത്രം അത്തരം  ചില തുറന്നു പറച്ചിലുകളുടെ നന്മയെ  വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. തന്റെ ഭർത്താവിനാൽ അല്ലാതെ  ഒരു കുഞ്ഞിനെ ഉദരത്തിൽ പേറേണ്ടി വരുന്ന ഒരു  പെൺകുട്ടി. തന്റെ ഭർതൃ മാതാവിൽ നിന്നും അതു  പരമാവധി മറച്ചു പിടിക്കാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ അവൾക്ക് ആ അമ്മയോടു തന്റെ പിഴവ് തുറന്നു സമ്മതിക്കേണ്ടി വരുന്നു.  പക്ഷെ അവളത് പറഞ്ഞുകഴിയുമ്പോഴാണ് ആ അമ്മയുടെ ഭാഗത്ത് നിന്നും മറ്റു ചില രഹസ്യങ്ങളുടെ ചുരുളുകളഴിയുന്നത്. അതായത് തന്റെ മകന്റെ കാൻസർ രോഗവിവരം മറച്ചു വച്ചുകൊണ്ടാണ്  അത്തരമൊരു വിവാഹ  ബന്ധത്തിന് ആ സ്ത്രീ മുൻകൈ എടുത്തത് എന്നുള്ള കാര്യം  ഒടുവിൽ അവൾക്കും  തുറന്നു സമ്മതിക്കേണ്ടതായി  വരുന്നു. സ്വന്തം വീഴ്ചകൾ പരസ്പരം ഏറ്റു പറയുമ്പോൾ  അവർ അനുഭവിക്കുന്ന ആന്തരിക സ്വാതന്ത്ര്യം ചിത്രം  ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആ സിനിമ പ്രേക്ഷക മനസ്സിലിടം നേടിയത്  എന്ന് തോന്നുന്നു. 
എന്ന് പറഞ്ഞാൽ നമ്മുടെ  ജീവതത്തിലെ ചില രഹസ്യളെല്ലാം  തുറന്നുപറയാൻ ഒരു സാധ്യത  ഉണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ് .എത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടും മനുഷ്യരിപ്പോഴും കുമ്പസാരക്കൂട്ടിലേക്ക് ഓടിയടുക്കാനുള്ള ഒരു കാരണം എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ആ ‘മരക്കൂട്’ അവർക്ക് നൽകുന്നു എന്നുള്ളതുകൊണ്ടു തന്നെയാണ്. പറയാനുള്ളത് മുഴുവൻ  പറഞ്ഞു കഴിയുമ്പോൾ ഒരു വ്യക്തി അനുഭവിക്കുന്ന ഒരു ആത്മീയ- ആന്തരിക സ്വാതന്ത്ര്യവും മറ്റാർക്കും പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. 

പറഞ്ഞു തുടങ്ങിയത് വെള്ളമുറി പീഡനങ്ങളെ കുറിച്ചാണ്. വെള്ള മുറികളുടെ മറ്റൊരു പ്രശ്‌നം എല്ലാ ദിവസവും സമയവും ഒരേ നിറം തന്നെ ചുറ്റും കാണേണ്ടി വരുന്നു എന്നുള്ളതാണ്. അതായത് വ്യത്യസ്ത കൾ ഇല്ലാതെ എല്ലാം ഒരു പോലെ ( Monotonous‑) ആകുന്ന അവസ്ഥ . നമ്മുടെ ഭവനങ്ങൾ ഇത്തരത്തിൽ ഒരേ അച്ചിൽ വാർത്ത മൺകുടങ്ങൾ പോലെയായി മാറുന്നുണ്ടോ എന്നു പരിശോധിക്കണം. ഇന്ത്യൻ ഭരണഘടനയുടെ ആപ്തവാക്യങ്ങളിലൊന്നു നാനാത്വത്തിൽ ഏകത്വം (Unity in Diversity) എന്നാണ്. അതായത്  വ്യത്യസ്തതകളെ അംഗീകരിക്കാനും വളർത്തുവാനും നാം ശ്രദ്ധിക്കണം. 

യൂണിറ്റി എന്ന് പറഞ്ഞാൽ യൂണിഫോമിറ്റിയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലത്തിലാണ് നമ്മൾ ജീവിക്കുക.  അതായത് വ്യത്യസ്തതകളെ അംഗീകരിക്കിലും അനുവദിക്കലുമാണ് ഒരുതരത്തിന് സ്വാതന്ത്ര്യം എന്ന് പറയുന്നത്. അതുകൊണ്ട് നമ്മുടെ കുടുംബങ്ങളിലെ വ്യത്യസ്തമായ വർണങ്ങൾ, ആശയങ്ങൾ വസ്ത്രങ്ങൾ, ഭക്ഷണ രീതികൾ, യാത്രകൾ ഇതെല്ലാം ബന്ധങ്ങളെ കുറെ കൂടി ഊഷ്മളമാക്കും. അതുകൊണ്ട് വ്യത്യസ്തതകൾ അംഗീകരിക്കുക. നമ്മുടെ വീടുകൾ  വെളുത്ത മുറികളായി മാറാതിരിക്കാൻ നിതാന്ത ജാഗ്രത നമുക്കാവശ്യ
മാണ്….!

നൗജിൻ വിതയത്തിൽ

More like this
Related

കുളിക്കുമ്പോഴും വസ്ത്രം മാറാത്ത പ്രതിഭാശാലി

പ്രതിഭകൾ  പ്രാഗത്ഭ്യം കൊണ്ടുമാത്രമല്ല അവരുടെ അനിതരസാധാരണമായ സ്വഭാവപ്രത്യേകതകളിലൂടെയും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ സാധാരണക്കാർ ചെയ്യാത്തതു പലതും ഈ പ്രതിഭകൾ  അതിസ്വഭാവികമെന്നോണം ചെയ്തുപോന്നിരുന്നു. 

ഒരു കിലോയ്ക്ക് 25 ലക്ഷം രൂപ ! 

ലോകത്തിൽ വച്ചേറ്റവും ആഡംബരഭരിതവും സവിശേഷവുമായ   ഭക്ഷണപദാർത്ഥമാണ് കാവിയർ. സമ്പന്നവിഭാഗങ്ങളുടെ ഭക്ഷ്യവിഭവം....

മുടിക്കുവേണ്ടിയും മ്യൂസിയം!

ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയമാണ് തുർക്കി  കപ്പഡോഷ്യയിലെ അവാനോസ് ഹെയർ മ്യൂസിയം....
error: Content is protected !!