ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു ഒരു കാക്ക. കുയിലുമായി താരതമ്യം നടത്തിയാണ് കാക്ക വിഷമിച്ചതെല്ലാം. തന്റെ സങ്കടം കുയിലിനോട് പങ്കുവച്ചപ്പോൾ അതേ സങ്കടം കുയിലിനുമുണ്ടായിരുന്നു. തത്തമ്മയുടെ ചുവന്ന ചുണ്ടും നിറവുമെല്ലാം കാണുമ്പോൾ തനിക്ക് വല്ലാത്ത അപകർഷത തോന്നുന്നുവെന്നും ചത്തുകളഞ്ഞേക്കാം എന്നുവരെ തോന്നുന്നുവെന്നുമായിരുന്നു കുയിലിന്റെ മറുപടി. അങ്ങനെയെങ്കിൽ തത്തമ്മയെ ചെന്നുകണ്ട് അഭിപ്രായം ചോദിക്കാം എന്നു വിചാരിച്ച് കാക്ക അവിടേക്ക് പറന്നു. തത്തമ്മയ്ക്കുമുണ്ടായിരുന്നു ഒരു സങ്കടം. കൊറ്റിയെ പ്രതിയായിരുന്നു അത്. എന്തൊരു നിറമാണ്, എന്തൊരു ഉയരമാണ് എന്നൊക്കെയായിരുന്നു ആ സങ്കടം. കാക്കയ്ക്ക് ഒരു കാര്യം മനസ്സിലായി. എല്ലാവർക്കും സങ്കടങ്ങളുണ്ട്. എന്നാൽ എല്ലാവരുടെയും സങ്കടങ്ങൾക്ക് അവനവർ തന്നെയാണ് കാരണക്കാർ. താൻ നോക്കുമ്പോൾ സന്തോഷിക്കാൻ ഏറ്റവും അർഹതയുള്ളവരെന്ന് കരുതുന്നവർക്കുപോലും മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോൾ സന്തോഷിക്കാൻ കഴിയുന്നില്ല. തനിക്ക് താനായാൽ മതിയെന്ന് കാക്ക തീരുമാനിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
എല്ലാവരുടെയും സങ്കടങ്ങൾക്ക് കാരണം അവനവർ തന്നെയാണ്. ആർക്കും സ്വയം അംഗീകരിക്കാനോ സ്വന്തം കഴിവുകളിൽ സന്തോഷിക്കാനോ സാധിക്കുന്നില്ല. മറ്റുള്ളവരെ നോക്കിയും അവരുമായി താരതമ്യം നടത്തിയും ചിന്തിക്കുമ്പോൾ സ്വന്തം കഴിവുകൾ അപ്രസക്തമാകുന്നു. അതുകൊണ്ടാണ് സ്വയം മതിപ്പ് അനുഭവപ്പെടാത്തതും സന്തോഷിക്കാൻ കഴിയാതെ പോകുന്നതും ഏതവസ്ഥയിലാണോ നാം ഉള്ളത് ആ അവസ്ഥയെ അംഗീകരിക്കാൻ കഴിയുമ്പോഴാണ് നമ്മൾ സന്തുഷ്ടരും സംതൃപ്തരുമാകുന്നത്. പലപ്പോഴും മറ്റുള്ളവരല്ല നാം തന്നെയാണ് നമ്മുടെ ദു:ഖങ്ങൾക്ക് കാരണക്കാർ . കാരണം നമുക്ക് നമ്മെ ഉൾക്കൊള്ളാനാവുന്നില്ല.
മാറ്റാൻ കഴിയാത്ത ബാഹ്യസാഹചര്യങ്ങളെയും ഘടകങ്ങളെയും ഉൾക്കൊള്ളുക. മാറ്റിയെടുക്കാൻ കഴിയുന്നവയെ മാറ്റിയെടുക്കുക.. സ്വയം വരുത്തിവയ്ക്കുന്ന ദു:ഖങ്ങളിൽ നിന്ന് ബോധപൂർവ്വം പുറത്തുകടക്കുക. നമുക്ക് നമ്മെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ മറ്റാര് നമ്മെ അംഗീകരിക്കും?
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്