മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം അങ്ങനെ തന്നെ കിടക്കുകയായിരുന്നു. വാതിലുകളും ജനാലകളും അടച്ച് വിശുദ്ധ ഗ്രന്ഥത്തിലെ നോഹയുടെ പെട്ടകത്തിലെന്നപോലെ കഴിഞ്ഞനാളുകൾ. അങ്ങനെയിരിക്കെ വീട്ടിലെത്തിയ ഒരു സുഹൃത്ത് പറഞ്ഞു ‘എന്തോ ഒരു മണമുണ്ടല്ലോ.. ഈർപ്പത്തിന്റേതുപോലെ..’ അത് ശരിയായിരിക്കണം. വഹിക്കുന്നവനൊരിക്കലും ദുർഗന്ധം അറിയുന്നില്ല, സഹിക്കുന്നവനാണ് അതറിയുന്നത്. സ്ഥിരപരിചയംമൂലം ചില ദുർഗന്ധങ്ങളും അസ്വസ്ഥകരമായ ഗന്ധങ്ങളും തികച്ചും സ്വഭാവികമായി നമുക്കനുഭവപ്പെടുന്നു. എന്നാൽ പുതുതായി കടന്നുവരുന്ന ഒരാൾ അവയെല്ലാം പെട്ടെന്ന് തിരിച്ചറിയുന്നു. പിന്നെ മഴ നിലച്ചു, ജനാലകൾ തുറന്നിട്ടു. കെട്ടിക്കിടന്ന ദുഷിച്ച വായു പുറത്തേക്ക്… സൂര്യകിരണങ്ങൾ അകത്തേക്ക്. അടച്ചിട്ടിരുന്ന ജനാലകൾ തുറന്നിടാൻ ചെന്നപ്പോൾ മറ്റൊരു കാര്യവും കണ്ടെത്തി. ജനാലകൾ തുറക്കാതിരുന്നതുകൊണ്ട് അവയിലെല്ലാം മാറാലകൾ… പൊടി… സാക്ഷകൾക്ക് പതിവില്ലാത്ത ഞെരുക്കം.
കെട്ടിക്കിടക്കുന്നതെല്ലാം ദുഷിച്ചതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. സാംക്രമികരോഗങ്ങൾ പരക്കുന്നത്.
പുറത്തുളള കാര്യം മാത്രമല്ല അകത്തുളള കാര്യവും അങ്ങനെതന്നെയാണ്. കെട്ടിക്കിടക്കുന്ന വായു ദുഷിച്ചവായുവാണ്. ദുർഗന്ധപൂരിതമാണ്. സമയാസമയങ്ങളിൽ വാഹനങ്ങൾ സർവീസ് ചെയ്യണമെന്ന് പറയാറില്ലേ? എന്തിനാണ് അത്… കേടുപാടുകൾ കണ്ടെത്താൻ… പാതിവഴിയിൽ ഓട്ടം നിലയ്ക്കാതിരിക്കാൻ… ഹെൽത്ത് ചെക്കപ്പുകൾക്കും ഇപ്പോൾ പ്രാധാന്യമുണ്ട്. പല ഗുരുതരരോഗങ്ങളും കണ്ടെത്തുന്നതും പരിഹരിക്കപ്പെടുന്നതും ചെക്കപ്പുകളുടെ ഭാഗമായിട്ടാണ്.
പക്ഷേ മനസ്സിന് സർവീസ് വേണമെന്ന് അധികമാരും പറഞ്ഞുകേട്ടിട്ടില്ല. അത് ഇടയ്‌ക്കൊക്കെ ചെക്കപ്പ് നടത്തണമെന്നും. മനസ്സിനും സർവീസിങും ചെക്കപ്പും ആവശ്യമാണ്. അതാണ് തുറന്നിടൽ. മനസ്സിന്റെ ജാലകങ്ങൾ ഇടയ്‌ക്കൊക്കെ ഒന്ന് തുറന്നിടണം. ആരോടെങ്കിലുമല്ല വിശ്വസ്തനായ ഒരാളോടെങ്കിലും മനസ്സിന്റെ ഭാരങ്ങൾ തുറന്നുപറയണം. ഒന്നും കെട്ടികിടക്കാൻ അനുവദിക്കരുത്. തുറന്നിടാതിരുന്നാൽ മാറാല പിടിക്കും. തുരമ്പുപിടിക്കും. ദുർഗന്ധമുണ്ടാകും. നമുക്ക് വഹിക്കാവുന്നതിനും സഹിക്കാവുന്നതിനും പരിധിയുണ്ട്.
ഓർക്കുന്നില്ലേ മുൻവർഷങ്ങളിൽ കേരളത്തിലെ ഭൂരിപക്ഷ ഡാമുകളും തുറന്നുവിട്ട് ഡാമുകളെ മാത്രമല്ല, കേരളജനതയെയും രക്ഷിച്ചത്. ആകാവുന്നതിൽകൂടുതൽ താങ്ങാൻ ആർക്കും കഴിയില്ല. അതുപുറത്തുകളയേണ്ടത് ആവശ്യമാണ്. അവരവരെ തന്നെ അപകടത്തിലാക്കാതിരിക്കാൻ.. മറ്റുളളവർക്കുതന്നെയും ദ്രോഹം ചെയ്യാതിരിക്കാൻ മനസ്സിനെ ശാന്തമാക്കാൻ, മനസ്സിന്റെ ആരോഗ്യം തിരിച്ചുപിടിക്കാൻ അതൊരു മാർഗ്ഗമാണ്. ചെളിപറ്റിയ കാലുകൾ പുഴയിലിറങ്ങി കഴുകിക്കളയുന്നതുപോലെ അതു നമ്മെ കുറെക്കൂടി ശുദ്ധരാക്കും. സ്‌നാനപ്പെടുത്തും. അതുകൊണ്ട് ജീവിതം ശാന്തമാക്കാൻ മനസ് തുറക്കുക.