പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ, തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ ചൂടു ലഭിക്കുമ്പോൾ കിട്ടുന്ന ആശ്വാസം പോലെ, ഇരുട്ടിൽ പെട്ടെന്ന് ഒരു മെഴുകുതിരി തെളിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പോലെയാണ് ചില സാമീപ്യങ്ങൾ. അവർ ചേർന്നുനില്ക്കുമ്പോഴും അവരോട് ചേർന്നുനില്ക്കുമ്പോഴും ഈ ലോകത്തിലേക്കുവച്ചേറ്റവും ശക്ത നും കരുത്തനുമാണെന്ന തോന്നൽ ഉണ്ടാകുന്നു. ഇത് നിങ്ങൾക്ക് തോന്നുന്ന പ്രത്യേകത മാത്രമല്ല നിങ്ങളോട് മറ്റുള്ളവർക്കും തോന്നിയിട്ടുണ്ടോ?
ഒരുമിച്ചിരുന്ന് സംസാരിച്ചു യാത്ര ചോദിക്കുമ്പോൾ കുറച്ചുകൂടി കഴിഞ്ഞിട്ടു പോകാം എന്ന് ആത്മാർത്ഥമായി പറയുന്ന വിധത്തിൽ, നിങ്ങളോട് സംസാരിക്കാനും നിങ്ങളുടെ അടുത്തായിരിക്കാനും ആഗ്രഹിക്കുന്ന വിധത്തിൽ ആരെങ്കിലുമൊക്കെ സംസാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ആകർഷണീയരായ വ്യക്തികളായിരിക്കുമെന്ന് ഉറപ്പിക്കാം. നിങ്ങളുടെ സാന്നിധ്യം അവർ ഇഷ്ടപ്പെടുന്നുണ്ടെന്നും.. ആരോടും പറയാത്തതു നിങ്ങളോടു മാത്രം പറയുമ്പോഴും സങ്കടവും സന്തോഷവും മറയില്ലാതെ പങ്കുവയ്ക്കപ്പെടുന്നതും നിങ്ങളുടെ അടുത്താണെങ്കിൽ അവിടെയും നിങ്ങൾ വ്യക്തിയെന്ന നിലയിൽ വിജയമാണ്, നിങ്ങളിലുളള വിശ്വാസം നിങ്ങളുടെ ആകർഷണീയതയ്ക്കുള്ള അംഗീകാരമാണ്.
അതുപോലെ ഒരാൾ നിങ്ങളുടെ ദേഹത്ത് സ്പർശിക്കാറുണ്ടോ.. തോളത്ത് കൈകൾ വയ്ക്കുക, കൈകൾ കോർത്തുപിടിക്കുക അങ്ങനെയെന്തെങ്കിലും… വാക്കുകളെക്കാൾ ആയിരം മടങ്ങ് സംസാരിക്കുന്നവയാണ് സ്പർശനം. സ്പർശനത്തിലൂടെ അവർ നിങ്ങളെ സ്‌നേഹിക്കുകയാണ്. നിങ്ങളെ അവർ ആകർഷിക്കുന്നുണ്ടെന്നാണ് അർത്ഥം.
നിങ്ങളെ കാണുമ്പോഴുള്ള കണ്ണുകളിലെ തിളക്കം, നിങ്ങളെ കേൾക്കുന്നതിലുള്ള സന്തോഷം, നിങ്ങളുടെ അടുത്തിരിക്കുമ്പോൾ അവരിലുണ്ടാകുന്ന സംതൃപ്തി ഇവയും നിങ്ങളുടെ ആകർഷണീയതയുടെ പ്രതിഫലനങ്ങളാണ്.
പുഞ്ചിരി ഒരു ആഗോളഭാഷയാണെന്ന് നമുക്കറിയാം. സന്തോഷത്തിന്റെയും ബന്ധത്തിന്റെയും പാലമാണ് അവിടെ ഉയരുന്നത്. നിങ്ങളുടെ സാന്നിധ്യത്തിലൂടെ ഒരാളുടെ ചുണ്ടിൽ ഹൃദയത്തിൽ നിന്നുള്ള ചിരി പരക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ആകർഷണീയതയിൽ അവർ കുടുങ്ങിയിട്ടുണ്ടെന്നാണർത്ഥം.