വിജയമാണ് ലക്ഷ്യമെങ്കിൽ…

Date:

spot_img

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നവരോട് ഇപ്പോൾ എവിടെയാണ് എത്തിനില്ക്കുന്നത് എന്ന് ചോദിക്കേണ്ടതില്ല, അവരുടെ നോട്ടം എവിടെയാണെന്ന് മനസിലാക്കിയാൽ മതി. നോട്ടം തെറ്റാതെ സൂക്ഷിച്ചാൽ മതി. ഒരു മനുഷ്യനെ വിജയിയായി പരിഗണിക്കേണ്ടത് അയാൾ അത്യധികമായി നേടിയെടുത്ത നേട്ടങ്ങളുടെ പേരിൽ മാത്രമായിരിക്കരുത്. അയാളുടെ പരിശ്രമങ്ങളുടെ പേരിൽകൂടിയാകണം. അയാളിലുള്ള സാധ്യതകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. വിജയികൾക്കും വിജയിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തുന്നവർക്കും പൊതുവായി ചില ലക്ഷണങ്ങളുണ്ട്.

ഒരു വിജയി എപ്പോഴും തുടർച്ചയായ പഠിതാവായിരിക്കും. കടന്നുപോകുന്ന ജീവിതത്തിലെ വിവിധ അവസ്ഥകളിൽ നിന്ന് അയാൾ പാഠം പഠിക്കുന്നുണ്ട്. പുതിയ പാഠങ്ങളാണ് അവ. അതോടൊപ്പം പല പുതിയ കഴിവുകൾ ആർജ്ജിച്ചെടുക്കാനും ശ്രമിക്കും. വസ്തുതകളെക്കുറിച്ചു വ്യത്യസ്തമായകാഴ്ചപ്പാടുകൾ രൂപീകരിക്കാൻ ഇതയാളെ സഹായിക്കും. അറിവിനോടുള്ള ആഗ്രഹമാണ് അയാളെ പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ എത്തിക്കുന്നത്.

പരാജയങ്ങളെ അഭിമുഖീകരിക്കാൻ അവർക്ക് കരുത്തുണ്ടായിരിക്കും. ഒരു ബിസിനസ് ആരംഭിക്കുന്ന വ്യക്തിയുടെ കാര്യംതന്നെയെടുക്കുക. ചിലപ്പോൾ പ്രതീക്ഷിച്ചതുപോലെ ബിസിനസ് നന്നായി പോകുന്നുണ്ടാവില്ല. കനത്ത നഷ്ടങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടാവാം. ചിലരുണ്ട്, പരാജയത്തിന്റെ കാരണം അന്വേഷിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തി ബിസിനസ് വേഗം അവസാനിപ്പിക്കും. അവർ വിജയങ്ങൾക്കുവേണ്ടി മാത്രം കാത്തിരിക്കുന്നവരാണ്. വിജയങ്ങൾക്കിടയിലെ പരാജയങ്ങളെ കാണാൻ മനസ്സിലാത്തവരും. എന്നാൽ മറ്റുചിലർ പരാജയങ്ങളുടെ യഥാർത്ഥകാരണം കണ്ടെത്തി അത് പരിഹരിക്കാൻ തയ്യാറാവുന്നവരാണ്. പരാജയസാധ്യത കണക്കിലെടുത്തും പരാജയങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്തുനേടിയുമായിരിക്കണം വിജയിക്കാൻ വേണ്ടി ശ്രമം നടത്തേണ്ടത്. അല്ലെങ്കിൽ മുമ്പു സൂചിപ്പിച്ചതുപോലെ പാതിവഴിയിൽ അവർക്ക് ശ്രമം അവസാനിപ്പിക്കേണ്ടതായി വരും.

വെല്ലുവിളികൾ ഏറ്റെടുക്കാതെ ആരും വിജയകിരീടം ചൂടിയിട്ടില്ല. ഒരു വെല്ലുവിളി ഉയരുമ്പോൾ രണ്ടു സാധ്യതകളാണ്  മുമ്പിലുള്ളത്. ഒന്നുകിൽ വേണ്ടെന്ന് വയ്ക്കുക. അല്ലെങ്കിൽ രണ്ടും കല്പിച്ച് ഏറ്റെടുക്കുക. ഒരു ഓട്ടമത്സരത്തിന്റെ കാര്യം തന്നെയെടുക്കൂ. ഒരാൾ മാത്രമേ വിജയിയാകുന്നുള്ളൂവെന്ന് അറിഞ്ഞുകൊണ്ടാണ് മറ്റെല്ലാവരും ആ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്.  എന്നിട്ടും മറ്റുള്ളവർ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. വിജയിക്കുമെന്ന മുൻകൂട്ടി വിലയിരുത്തപ്പെട്ടിരുന്നവരെ പിന്നിലാക്കിക്കൊണ്ട്  അപ്രതീക്ഷിതമായി ഒരാൾ ഒന്നാമതെത്തിയെന്നുമിരിക്കും. ഇതാണ് വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ സംഭവിക്കുന്നത്.  വെല്ലുവിളികൾ പരാജയപ്പെടാനും വിജയിക്കാനുമുള്ള സാധ്യതകൾ തുറന്നുതരുന്നു.

വിജയിക്കുന്ന മനുഷ്യർ ബന്ധങ്ങൾക്ക് വില കല്പിക്കുന്നവരായിരിക്കും. ഒരാൾക്കും ഒറ്റപ്പെട്ട തുരുത്തായി കഴിയാനാവില്ല. നമുക്ക് എല്ലാവരുടെയും സഹായം വേണം. പിന്തുണയ്ക്കാനും സഹയാത്രകൾക്കും സഹകരണത്തിനുമെല്ലാം. ലക്ഷ്യങ്ങൾക്കുപിന്നാലെ പായുമ്പോഴും  തന്റെ ബന്ധങ്ങൾക്ക് അയാൾ വില കല്പിക്കുകയും അവയുടെ നിലനില്പിനും പോഷണത്തിനുമായി സമയം ചെലവഴിക്കുകയും ചെയ്യും. സഹായിക്കാൻ വേണ്ടി  നീട്ടിത്തരുന്ന കൈകളിൽ മുറുകെ പിടിക്കാൻ അവരൊരിക്കലും മടിക്കുകയോ ലജ്ജിക്കുകയോ ചെയ്യുന്നില്ല.

തുടർച്ചയായ ശ്രമവും അദ്ധ്വാനവും സമർപ്പണവുമാണ് വിജയികളുടെ മറ്റു പ്രത്യേകതകൾ. രാവും പകലും അധ്വാനിച്ചതുകൊണ്ട് അയാൾ വിജയിക്കണമെന്നില്ല. സമയം ക്രിയാത്മകമായി ചെലവഴിച്ചുകൊണ്ടും സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ടുമാണ് വിജയി വിജയത്തിലേക്ക് നടന്നടുക്കുന്നത്. അതിനിടയിൽ സ്വന്തം സന്തോഷങ്ങളും ആരോഗ്യവും പരിഗണിക്കുകയും ചെയ്യുന്നു.

More like this
Related

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ്...
error: Content is protected !!