മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. വാർദ്ധക്യസംബന്ധമായ രോഗങ്ങൾ, ത്വക്കിലുണ്ടാകുന്ന മാറ്റങ്ങൾ, അവയവസംബന്ധമായ പ്രശ്നങ്ങൾ ഇതെല്ലാം സ്വഭാവികമാണ്. എന്നാൽ ശരീരത്തിന് പ്രായം വർദ്ധിച്ചാലും മനസ്സിന് പ്രായം കൂടുകയില്ല. ബോധപൂർവ്വമായ ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടാവുകയാണെങ്കിൽ. അതുകൊണ്ട് ശരീരത്തിൽ പ്രായം അടയാളങ്ങൾ പതിപ്പിച്ചാലും മനസ്സിൽ പ്രായത്തിന്റെ അടയാളങ്ങൾ വീഴ്ത്താതിരിക്കാൻ ചില പോംവഴികൾ നിർദേശിക്കാം.
നാവിന്റെ രുചിയല്ല, തലച്ചോറിന്റെ ചെറുപ്പത്തിന് പ്രാധാന്യം കൊടുക്കുക
ഭൂരിപക്ഷവും ഭക്ഷണം കഴിക്കുന്നത് നാവിന്റെ രൂചിക്കുവേണ്ടിയാണ്. നാവിനെ തൃപ്തിപ്പെടുത്താൻ കണ്ണിൽ കണ്ടതെല്ലാം കഴിക്കുന്നവർ ഒരേ സമയം ശരീരത്തോടും മനസ്സിനോടും ദ്രോഹം ചെയ്യുകയാണ്. നാവിനല്ല തലച്ചോറിനാണ് പോഷണം കൊടുക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ ക്ഷേമവും ആരോഗ്യവും നിലനിർത്താൻ വേണ്ടിയായിരിക്കണം. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമ്പോൾ അത് ശരീരത്തിനും മനസ്സിനും ഊർജ്ജം പ്രദാനം ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുക. കൂടാതെ മത്സ്യം, ഒലീവ് ഓയിൽ, പരിപ്പ് തുടങ്ങിയവും ഉൾപ്പെടുത്തുക. തലച്ചോറിന്റെ ആരോഗ്യം ഉറപ്പുവരുത്തുക വഴി അൽഷിമേഴ്സ് രോഗം ഇല്ലാതാക്കാൻ കഴിയും.
ശരീരത്തിന്റെ ബലം തലച്ചോറിന്റെയും
ശാരീരികാരോഗ്യം എന്ന ഒറ്റലക്ഷ്യത്തോടെയാണ് പലരും വ്യായാമം ചെയ്യുന്നത്. എന്നാൽ അതുവഴി മനസ്സിനുകൂടിയാണ് ഗുണം ലഭിക്കുന്നത്. വ്യായാമം ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിക്കും. പുതിയ ന്യൂറോണുകളുടെ വളർച്ചയുണ്ടാകും. തലച്ചോർ കാര്യക്ഷമമായി നില്ക്കുന്നതിലൂടെ ബുദ്ധിക്ക് പരിക്കുകൾ സംഭവിക്കുന്നില്ല. മുമ്പ് പറഞ്ഞതുപോലെ അൽഷിമേഴ്സ് രോഗം വരാതിരിക്കാനും ഇതു സഹായിക്കും. കഠിനമായ വ്യായാമം ചെയ്യാൻ സാധിക്കാത്തവർ പോലും ദിവസവും നടക്കുന്നതും സൈക്ലിങ് പോലെയുള്ളവ ദിവസം മുപ്പതു മിനിറ്റ് ചെയ്യുന്നതും മനസ്സിന്റെ ആരോഗ്യം സുരക്ഷിതമാക്കാനുള്ള മാർഗ്ഗമാണ്.
തലച്ചോറിന് ഇടവേള കൊടുക്കുക
തലച്ചോറിനു കൊടുക്കുന്ന ഇടവേളയാണ് ഉറക്കം. മതിയായി ഉറങ്ങിയില്ലെങ്കിൽ ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രായം വർദ്ധിക്കും. ആവശ്യത്തിനുള്ള ഉറക്കം കിട്ടാതെ വന്നാൽ ബുദ്ധിശക്തി കുറയും മറവിരോഗം പിടിപെടും. പുതിയ ആശയങ്ങളുണ്ടാകുന്നതും ഉചിതമായ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നതും ക്രിയാത്മകമായി ഇടപെടാൻ സാധിക്കുന്നതുമെല്ലാം ആവശ്യത്തിന് ഉറക്കം കിട്ടുമ്പോഴാണ്. സ്ട്രെസ് കുറയ്ക്കാനും ഉത്കണ്ഠകൾ പരിഹരിക്കാനും ഉറക്കം സഹായിക്കുന്നുണ്ട്. മുതിർന്നവർക്ക് മികച്ചരീതിയിൽ പ്രവർത്തിക്കാൻ കഴിയണമെങ്കിൽ ഏഴു മുതൽ ഒമ്പതുവരെ മണിക്കൂർ ഉറക്കം ആവശ്യമാണ്. തലച്ചോർ നവീകരിക്കപ്പെടുകയും മനസ്സ് ഊർജ്ജ്വസ്വലമാവുകയും ചെയ്യാൻ മെച്ചപ്പെട്ട രീതിയിലുള്ള ഉറക്കശീലം ഉറപ്പുവരുത്തിയിരിക്കണം.
പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുക
പ്രായം വർദ്ധിച്ചാലും പഠിക്കുന്ന കാര്യത്തിൽ മടിവിചാരിക്കാതിരിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെ തലച്ചോറിന്റെ മൂർച്ച കൂട്ടുകയാണ് ചെയ്യുന്നത്. പസിലുകൾ, സംഗീതോപകരണങ്ങൾ, വായന, ഭാഷ ഇതൊക്കെ തലച്ചോറിനെ കാര്യക്ഷമമായി നിലനില്ക്കാൻ സഹായിക്കുന്നവയാണ്. ഇതി ലൂടെ മനസ്സ് സജീവമായും പ്രവർത്തനക്ഷമമായും നിലനില്ക്കും. അതിന്റെ ഫലമായി മറവിരോഗം പിടിപെടാതെയുമിരിക്കും. ചെയ്യാൻ സാധിക്കുകയില്ലെന്ന് കരുതുന്ന കാര്യങ്ങളോ ജോലികളോ ചെയ്ത് തലച്ചോറിനെ വെല്ലുവിളിക്കുക, മനസ്സിനെ വെല്ലുവിളിക്കുക.
കൂട്ടുകൂടുക
സാമൂഹികജീവിതം ഇല്ലാത്തത് പലരെയും അകാലവാർദ്ധക്യത്തിലേക്കു തള്ളിവിടാറുണ്ട്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരായിരിക്കും അവർ. സാമൂഹികബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ലാത്തവർ. നല്ല സൗഹൃദബന്ധങ്ങൾ ഉള്ളവരും സാമൂഹികജീവിതം പുലർത്തുന്നവരും മനസ്സിന്റെ ചെറുപ്പം സ്വന്തമാക്കിയവരാണ്.
ധ്യാനിക്കുക
മനസ്സും ശരീരവും ഒന്നുപോലെ മുരടിപ്പിക്കുന്നവയിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ആകുലതകൾ. പലതരത്തിലുള്ള സമ്മർദങ്ങളിലൂടെ കടന്നുപോകുന്നവർ അകാലജരാനരകൾക്ക് വിധേയരാകും. ശരീരത്തിനും മനസ്സിനും ഒന്നുപോലെ പ്രായം വർദ്ധിക്കും. ഇതിനുള്ള പരിഹാരമാർഗ്ഗമാണ് ധ്യാനം. ദിവസവും മെഡിറ്റേഷനുവേണ്ടി സമയം ചെലവഴിക്കുക. അതുവഴി ഓർമ്മശക്തി വർദ്ധി ക്കും. തലച്ചോറിന് മൂർച്ച കൂടും.
മറക്കാതിരിക്കുക, ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് നമ്മുടെ കൈപ്പിടിയിൽ നില്ക്കുന്ന കാര്യമല്ല. പക്ഷേ, മനസ്സിന് പ്രായം വർദ്ധിക്കാതിരിക്കാൻ നമുക്കു കഴിയും. മനസിന് പ്രായം ചെന്നാൽ പിന്നെ നാമെന്തു ചെയ്യും?