രവി ഓഫീസിൽ നിന്ന് ഇറങ്ങിയത് വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും അയാൾക്കോർമ വന്നത്. ബസിൽ നിന്നിറങ്ങി ഗിഫ്റ്റ് വാങ്ങാൻ പോയാൽ ബസും മിസാകും. സമയവും വൈകും.. തല്ക്കാലം വീടിനടുത്തുള്ള കടയിൽ നിന്ന് ഒരു കേക്ക് മാത്രം വാങ്ങാനും നാളെ ഗിഫ്റ്റ് നല്കാനും തീരുമാനമെടുത്തപ്പോൾ അയാൾക്ക് സമാധാനമായി. അങ്ങനെ ബസ് സ്റ്റോപ്പിന് സമീപത്തുള്ള കടയിൽ നിന്ന് ചെറിയൊരു കേക്കും വാങ്ങിയാണ് അയാൾ വീട്ടിലെത്തിയത്. രവി യെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഭാര്യ ഗീതു.
ഇക്കഴിഞ്ഞ പതിനഞ്ചുവർഷമായി തന്റെ ജന്മദിനത്തിൽ അടിപൊളി സമ്മാനങ്ങളും മികച്ച ബെർത്ത്‌ഡേ കേക്കുമായി വരുന്ന ഭർത്താവ് ഇത്തവണയും പതിവു തെറ്റിക്കുകയില്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. പക്ഷേ സംഭവിച്ചതോ… കൈയും വീശി ബാഗിൽ നിന്ന് ചെറിയൊരു പ്ലം കേക്കുമായി ബർത്ത് ഡേ വിഷസുമായി കയറിവന്ന രവിയെ കണ്ടപ്പോൾ അവൾക്ക് സഹിച്ചില്ല. അവൾ ആദ്യം കരയുകയും പിന്നെ രവിയോട് ദേഷ്യപ്പെടുകയും ചെയ്തു. രവിക്കും ഈ പ്രതികരണം ഒരു ഷോക്കായിരുന്നു. ഇത്രയും കാലത്തിനിടയിൽ ഒരിക്കൽപോലും മറന്നുപോവാത്ത കാര്യം ഇന്നാദ്യമായി മറന്നതിന്റെ പേരിൽ ഗീതു എന്തിനാണ് ഇത്രയധികം പിണങ്ങുകയും ദേഷ്യപ്പെടുകയും ചെയ്യുന്നതെന്ന് അയാൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അപ്പോൾ അയാളുടെ മനസ്സിൽ ഉയർന്നുവന്ന ചോദ്യം ഇതായിരുന്നു.
അവൾ എന്നെയല്ലേ എന്റെ സമ്മാനങ്ങളെയാണോ സ്‌നേഹിക്കുന്നത്? യാതൊരുവിധത്തിലുമുള്ള സഹിഷ്ണുതയും പുലർത്താതെ ഇവൾ എന്തിനാണ് ഇങ്ങനെ പ്രകോപിതയാകുന്നത്’ അന്ന് രവിയോട് സംസാരിക്കുകയോ അയാൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുകയോ ചെയ്യാതെ പിണങ്ങിയാണ് ഗീതു ഉറങ്ങാൻ കിടന്നത്. നേരം പുലർന്നിട്ടും പിണക്കം മാറ്റിയില്ലെന്ന് മാത്രമല്ല ദിവസങ്ങൾ കഴിഞ്ഞും പിണക്കവുമായി ഗീതു മുന്നോട്ടുപോവുകയും ചെയ്തു. ഈ സംഭവം രവിക്കു ഗീതുവിനോട് മാനസികമായ അകൽച്ച സൃഷ്ടിക്കുന്നതിന് കാരണമായിത്തീർന്നു. ദാമ്പത്യബന്ധം പരിക്കുകളില്ലാതെ മുന്നോട്ടുപോയെങ്കിലും ഗീതുവിനെ പഴയതുപോലെ സ്‌നേഹിക്കാൻ രവിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടുതുടങ്ങി. ഈ സംഭവത്തെ വിശദമായി അപഗ്രഥിക്കുമ്പോൾ മനസ്സിലാവുന്ന കാര്യം ഗീതുവിന്റെ സ്വാർത്ഥതയാണ് അവരുടെ ബന്ധത്തിൽ വിള്ളലുകളുണ്ടാക്കിയത് എന്നാണ്. തന്റെ സുഖങ്ങളും സന്തോഷങ്ങളും ക്ഷേമവും ഉറപ്പുവരുത്തുകയോ നല്കുകയോ ചെയ്യുന്ന ഒരാളായിമാത്രമാണ് അവൾ ഭർത്താവിനെ കണ്ടിരുന്നത്. തന്റെ സന്തോഷം… തന്റെ സംതൃപ്തി… തന്റെ വികാരങ്ങൾക്ക് സ്ഥാനം കൊടുക്കുമ്പോൾ പങ്കാളിയുടെ വികാരങ്ങൾക്ക് സ്ഥാനം കൊടുക്കാൻ മറന്നുപോവുന്നു. യാതൊരു വിട്ടുവീഴ്ചകൾക്കും അവർ തയ്യാറാവുകയുമില്ല. രവിയിൽ നിന്ന് സമ്മാനങ്ങൾ പ്രതീക്ഷിച്ചതിലോ അതു കിട്ടാതെവന്നതിൽ നിരാശപ്പെട്ടതിലോ ഗീതുവിനെ കുറ്റപ്പെടുത്താനാവില്ല. പതിവായി കിട്ടിക്കൊണ്ടിരുന്നത് ഇല്ലാതെവരുമ്പോൾ ഉണ്ടാകുന്ന സ്വഭാവികമായ ഇച്ഛാഭംഗമായിരുന്നു അത്. അതിനെ അംഗീകരിക്കുമ്പോൾ തന്നെ രവിയുടെ അവസ്ഥകൂടി ഗീതു മനസിലാക്കേണ്ടതുണ്ടായിരുന്നു.
വൈകിയാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത്.
അവസാനത്തെ ബസാണ്.
തിരക്കിനിടയിൽ സമ്മാനം വാങ്ങാൻ മറന്നു.
ബസിറങ്ങിയടത്ത് നല്ലബേക്കറികളോ കടകളോ ഇല്ലാതിരുന്നതുകൊണ്ട് കിട്ടിയതുവാങ്ങി.
രവിയുടെ അവസ്ഥ അവൾ മനസിലാക്കിയില്ല. പകരം അയാളെ കുറ്റപ്പെടുത്തി. ദേഷ്യപ്പെട്ടു. തന്റെ സുഖങ്ങൾക്കും സന്തോഷങ്ങൾക്കും മുൻതൂക്കം കൊടുക്കുന്ന പങ്കാളികൾ സ്വാർത്ഥതയുള്ളവരാണ്. കുടുംബജീവിതത്തെ ശിഥിലമാക്കുന്നത് ഇത്തരം ചെറുതും എന്നാൽ വലുതുമായ പ്രശ്‌നങ്ങളാണ്. പങ്കാളി തനിക്കുവേണ്ടി എല്ലാം ചെയ്തുതരുമെന്ന് അവർ പ്രതീക്ഷിക്കും. താൻ പ്രതീക്ഷിക്കുന്നത് തന്നിൽ നിന്ന് പങ്കാളിയും പ്രതീക്ഷിക്കുന്നുണ്ട് എന്ന തിരിച്ചറിവ് അവർക്കുണ്ടായിരിക്കുകയുമില്ല.
രവിയുടെ വിശദീകരണം ഉൾക്കൊള്ളാൻ ഗീതു തയ്യാറായില്ലെന്ന് മാത്രമല്ല അയാളോട് ക്ഷമാപണം നടത്താൻ പോലും അവൾ തയ്യാറായുമില്ല. തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലാവുമ്പോഴാണല്ലോ ഒരാൾ മറ്റൊരാളോട് സോറി പറയുന്നത്. തന്റെ ഭാഗത്തു തെറ്റില്ലെന്ന് ബോധ്യമുള്ളതിനാൽ ഗീതു സോറി പറഞ്ഞില്ല. സോറി പറയുന്നത് ഈഗോയെ ഇല്ലാതാക്കലാണ്. തന്റെ ഈഗോയെ ബലികഴിക്കാനും ഗീതു തയ്യാറായില്ല. സ്വാർത്ഥതയ്ക്ക് പുറമെ ഈഗോ കൂടി ദാമ്പത്യബന്ധത്തെ പിടിമുറുക്കിക്കഴിയുമ്പോൾ അതു തകരാൻ അധികം സമയം വേണ്ടിവരില്ല. പങ്കാളികളുടെ ഈഗോയും സ്വാർത്ഥതയും മൂലം പ്രത്യക്ഷത്തിലുളള വിവാഹമോചനങ്ങൾ സംഭവിക്കണമെന്നില്ല. രവിയുടെയും ഗീതുവിന്റെയും പോലെ സ്വഭാവികമായ രീതിയിൽ ആ ബന്ധങ്ങൾ മുന്നോട്ടുപോവുകയും ചെയ്‌തേക്കാം. പക്ഷേ അവർ മാനസികമായി ഇരുധ്രുവങ്ങളിലായിരിക്കും. സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാൻ അവർക്കാവുകയില്ല.