LIFE IS GOOD

Date:

spot_img

‘ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?’

സുഹൃത്തിന്റെ ആ ചോദ്യത്തിന് മുമ്പിൽ വല്ലാതെ വിറച്ചുപോയിരുന്നു
 പുതിയൊരു ബിസിനസ് തുടങ്ങുന്നു, പുതിയ ജോലി അന്വേഷിക്കുന്നു, പുതിയ കോഴ്‌സ് പഠിക്കാൻ ആലോചിക്കുന്നു ഇങ്ങനെയുള്ള നൂറുകൂട്ടം കാര്യങ്ങൾക്ക് അഭിപ്രായം പറയാനാവും. എന്നാൽ ഒരാൾ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്ക് എന്താണഭിപ്രായം പറയുന്നത്?

നീയെന്തു വിഡ്ഢിത്തമാണ് ഈ പറയുന്നതെന്ന് പറഞ്ഞ് അവനെ നിസ്സാരവല്ക്കരിക്കാനോ അവഗണിക്കാനോ ആവുമോ?  അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരമൊരു ചിന്തയിലൂടെ കടന്നുപോയിട്ടില്ലാത്ത ആരാണ് ഉളളത്?

നല്ല കാര്യം എന്നു പുറത്തുതട്ടി അഭിനന്ദിക്കാനാവുമോ.. അതുമില്ല. ജീവിതത്തിൽ അപൂർവമായി മാത്രം കടന്നുപോകുന്ന ചില സന്ദിഗ്ദാവസ്ഥകൾ.  
ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ അവനെ സംബന്ധിച്ച് പലപല കാരണങ്ങളുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ മരണം ഏല്പിച്ച വിഷാദം മുതൽ കടബാധ്യതകൾ വരെ. അടുത്തയിടെ ആരംഭിച്ച രോഗങ്ങൾ മുതൽ ബന്ധങ്ങളിൽ സംഭവിച്ച വിള്ളലുകൾ വരെ.

 ജീവിതപങ്കാളി, മക്കൾ,സുഹൃത്തുക്കൾ, കൂടപ്പിറപ്പുകൾ, തൊഴിലിടങ്ങൾ.. ഒരു മാലപ്പടക്കം കത്തിത്തീരുന്നതുപോലെ ഓരോന്നോരോന്നായി ഇങ്ങനെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ്. ശരിയാണ്, ആത്മഹത്യ ചെയ്യാൻ നിരവധി കാരണങ്ങളുമുണ്ട്. അവരവരെ സംബന്ധിച്ച് ന്യായീകരണവുമുണ്ട്. പക്ഷേ ഒന്നു പറയാതിരിക്കാനാവില്ല.

മരണത്തെ സ്‌നേഹിച്ചുകൊണ്ട് ഒരുവൻ തിരഞ്ഞെടുക്കുന്ന ഒറ്റയടിപ്പാതയല്ല ആത്മഹത്യ. ജീവിതം ആഗ്രഹിച്ചതുപോലെ ജീവിക്കാൻ കഴിയാത്തതുകൊണ്ട് ഒരുവൻ എത്തിച്ചേരുന്ന തുരങ്കമാണ് ആത്മഹത്യ. കാരണം ഒരു മനുഷ്യനും മരിക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ പറയൂ, എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിട്ടും പിന്നെയും മരിക്കാൻ അല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ ആരെങ്കിലും തയ്യാറാവുമോ?പ്രശ്‌നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടത്തിന് കണ്ടെത്തുന്ന മാർഗ്ഗമാണ് ആത്മഹത്യ. എല്ലാം സ്വന്തം ഇഷ്ടപ്രകാരം നടക്കുമ്പോൾ ഒരാളും മരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ല, മരിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം  മരണം ഭീതിദമായ അനുഭവമാണ്.

ജീവിതത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയാമെങ്കിലും മരണത്തെക്കുറിച്ച് നമുക്ക് തെല്ലും അറിയില്ല. അതെവിടേയ്ക്കുള്ള യാത്രയാണ്? അതിന് ശേഷം എന്താണ് സംഭവിക്കുന്നത്? ഒന്നു മറിയില്ല. എത്ര പ്രായം ചെന്ന വ്യക്തിയോടും ചോദിച്ചുനോക്കൂ ഇത്തിരിയൊക്കെ പരിഗണനയും പരിചരണവും കിട്ടുന്നുണ്ടെങ്കിൽ അവർ പോലും പറയും എനിക്ക് ജീവിച്ചു മതിയായിട്ടില്ല.

 ഇനിയും ജീവിക്കാൻ ആയുസ് ബാക്കിനില്‌ക്കെ പൂർണവിരാമം ഇടുന്നത് ജീവിതം നമ്മുടെ കൈപ്പിടിയിൽ നാം ആഗ്രഹിക്കുന്നതുപോലെ നില്ക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ടുമാത്രമാണ്. ആഗ്രഹിച്ചതുപോലെ എല്ലാം സംഭവിക്കുന്നു. പണത്തിന് പണം… പ്രശസ്തിക്ക് പ്രശസ്തി.. ആരോഗ്യത്തിന് ആരോഗ്യം… സ്‌നേഹിക്കാൻ ക്യൂനില്ക്കുന്നവർ… ആരെങ്കിലും പറയുമോ മരിക്കുന്നതാണ് ഇഷ്ടമാണെന്ന്? മരണമാണ് മനോഹരമെന്ന്? ഇനി ഞാൻ ജീവിച്ചിരിക്കില്ലെന്ന്. ഇല്ല, ആരും പറയില്ല. കാരണം ഭൂമിയോടുള്ള സ്‌നേഹം അത്രയധികമാണ്.

ജീവിതം മനോഹരമാണെന്ന് പറയാൻ കഴിയി ല്ല. കാരണം ചിലപ്പോഴെങ്കിലും അത് സുന്ദരമല്ലാതെയും മാറും. സുന്ദരമായ മുഖത്ത് പെട്ടെന്നുണ്ടായ വടുക്കൾ പോലെ. എന്നാൽ ജീവിതം നല്ലതാണ്. അക്കാര്യം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ജീവിതത്തെ വെറുക്കുമ്പോഴാണ്  ജീവിതത്തിന്റെ നന്മയെക്കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടത്. ആദ്യമായും അവസാനമായും ജീവിതം വച്ചുനീട്ടുന്നത് നന്മ മാത്രമാണ്, നല്ലതു മാത്രമാണ്. 

മനസ് കലങ്ങിയിരിക്കുമ്പോൾ, ഇനിയൊരു പ്രതീക്ഷയും ഇല്ലെന്ന് മനസ് ആവർത്തിക്കുമ്പോൾ, അത്ഭുതങ്ങൾ വഴിയരികിൽ കാത്തുനില്ക്കുന്നില്ലെന്ന് ബോധ്യമാകുമ്പോൾ  അപ്പോഴൊക്കെ ജീവിത ത്തിന്റെ നന്മയെക്കുറിച്ചും ജീവിതത്തിലെ നല്ലതിനെക്കുറിച്ചുമൊക്കെ ആലോചിക്കാൻ കഴിയുമെങ്കിൽ അതെത്രയോ വലിയ കാര്യമാണ്. 

 എല്ലാ നിരാശകൾക്കുമപ്പുറം എവിടെയോ  പ്രതീക്ഷയുടെ ഒരു പച്ചിലത്തുമ്പ് കാറ്റിൽ ഇളകുന്നുണ്ട്. എല്ലാ ഇരുട്ടിനുമപ്പുറം ഒരു കവാടത്തിൽ ഒരു മൺവിളക്ക് തിരി നീട്ടുന്നുണ്ട്. എല്ലാ ഒറ്റപ്പെടുത്തലുകൾക്കുമപ്പുറം സൗഹൃദത്തിന്റെ പൊൻവീണ സംഗീതാത്മകമായി മീട്ടുന്നുണ്ട്. ഒരു പുഞ്ചിരി, ഒരു വാക്ക്, ഒരു സ്പർശം.. അതൊക്കെ ഇനിയും ബാക്കിനില്ക്കുന്നിടത്തോളം കാലം മനസിൽ നിരാശയെ കൂട്ടുകൂട്ടാൻ നാം എന്തിനാണ് അനുവദിക്കുന്നത്? അവയൊക്കെ ഉള്ളിടത്തോളം നമ്മളാരും തനിച്ചല്ല. നാം ആരും ഇല്ലാത്തവരുമല്ല. 

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയുന്ന മാന്ത്രികദണ്ഡ് നമ്മുടെ പക്കലുണ്ടാവില്ല. പക്ഷേ ജീവിതത്തെ സ്‌നേഹത്തോടെയും അതിശയത്തോടെയും നോക്കാൻ കഴിയുന്ന ഒരു മൂന്നാം കണ്ണ് നമുക്കുണ്ടായേ തീരൂ. അല്ലെങ്കിലെങ്ങനെയാണ് ഹ്രസ്വമായ ഈ ജീവിതം നമുക്ക് ഭാരങ്ങളില്ലാതെ ജീവിച്ചുതീർക്കാനാവുന്നത്?

ജീവിതം നല്ലതാണെന്ന് തിരിച്ചറിയുന്നത് ഒരുപക്ഷേ  കെട്ടകാലത്തിലൂടെയും നെറികെട്ട അനുഭവങ്ങളിലൂടെയും മനസ്സു മടുക്കുന്ന ആളുകൾക്കിടയിലൂടെയും കടന്നുപോയതിന് ശേഷമായിരിക്കും.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.
error: Content is protected !!