ഹാപ്പിയാണോ, ഹാപ്പിയാകണ്ടെ?

Date:

spot_img

ബിബിമോൻ ഹാപ്പിയാണോ…? അടുത്തയിടെ ഹിറ്റായ ആവേശം സിനിമയിലെ അമ്മ ചോദിക്കുന്ന ചോദ്യമാണ് അത്. സ്വന്തം മകനോട് മാത്രമല്ല, കണ്ടുമുട്ടുന്ന മറ്റുള്ളവരോടെല്ലാം ആ അമ്മയ്ക്ക് ചോദിക്കാനുള്ളതും അതുതന്നെയാണ്. മോൻ ഹാപ്പിയാണോ?

അത്തരമൊരു ചോദ്യം നേരിടുമ്പോഴാണ് ഓരോരുത്തരും അവരവർ ഹാപ്പിയാണോ എന്ന്  ചിന്തിക്കുന്നത്.  പുറമേ  നല്ല രീതിയിൽ പ്രത്യക്ഷപ്പെടുമ്പോഴും നമ്മുടെ ഉള്ളിൽ യഥാർഥ സന്തോഷം ഉണ്ടാവണമെന്നില്ല. സന്തോഷിക്കാൻ മറന്നുപോവുന്നവരോ സന്തോഷിക്കാൻ കാരണമില്ലെന്ന് കരുതുന്നവരോ ആണ് പലരും. ഒരു പരസ്യത്തിൽ പറയുന്നതുപോലെ ‘സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്?’ എന്നാൽ  എത്രത്തോളം സന്തോഷം അനുഭവിക്കാൻ നമുക്ക് സാധിക്കുന്നുണ്ട്? പലപ്പോഴും  സന്തോഷിക്കാനുള്ള കാരണങ്ങൾ നാം മറ്റുള്ളവരിലും ചുറ്റുപാടുകളിലുമാണ് അന്വേഷിക്കുന്നത്. അതുകൊണ്ടാണ് അത്തരം ഘടകങ്ങളെ ആശ്രയിച്ചുമാത്രം നമ്മൾ സന്തോഷിക്കുന്നത്. പക്ഷേ ചെറിയ ചെറിയ കാര്യങ്ങളിൽ മനസ്സും ശ്രദ്ധയും പതിപ്പിക്കുകവഴി,  ജീവിതത്തിൽ ബോധപൂർ വം സന്തോഷം നിറയ്ക്കാൻ നമുക്ക് കഴിയും.

അതിനായി ആദ്യം ചെയ്യേണ്ടത് നന്ദിയുള്ള ഒരു മനസ്സുണ്ടായിരിക്കുക എന്നതാണ്. നന്ദിയുള്ള മനസ്സുകളിൽ സന്തോഷമുണ്ടായിരിക്കുമെന്നാണ് മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്. ഇക്കഴിഞ്ഞ കാലത്തിനിടയിൽ എത്രയെത്ര അനുഗ്രഹങ്ങളാണ് ഓരോരുത്തർക്കും ലഭിച്ചിരിക്കുന്നത്. ആ അനുഗ്രഹങ്ങളെപ്രതി ഒരിക്കലെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോ? നന്ദി പറയുന്ന മനസ്സുകളിൽ സന്തോഷമുണ്ടായിരിക്കും.

അവരവരെ വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കുകയാണ് രണ്ടാമത്തെ വഴി. പലപ്പോഴും പലരും സ്വയം വിലയിരുത്തുന്നത് വിലയില്ലാത്തവരായിട്ടാണ്. അപകർഷതാബോധം ചുമന്നുനടക്കുന്നവർക്ക് ജീവിതത്തിൽ സന്തോഷിക്കാനാവില്ല അപകർഷതാബോധത്തെ ദൂരെയകറ്റി സ്വയം അംഗീകരിച്ചും വിലമതിച്ചും മുന്നോട്ടുപോവുമ്പോൾ സന്തോഷിക്കാനാവും.
നന്ദിയുള്ള മനസ്സുപോലെതന്നെ ദയയുള്ള മനസ്സുണ്ടായിരിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അവരവരോടും മറ്റുള്ളവരോടും ദയയുണ്ടായിരിക്കുക. സ്വന്തം തെറ്റുകളും പാളിച്ചകളുമോർത്ത് പരിതപിക്കാതെ അവരവരോടുതന്നെ ദയയുണ്ടായിരിക്കുക. അപ്പോൾ നമുക്ക് സന്തോഷിക്കാനാവും. പലരുടെയും സന്തോഷം കെടുത്തുന്നത് കുറ്റബോധവും നിരാശയുമാണ്.

സന്തോഷം നല്കുന്ന കാര്യമാണ് മതിയായ ഉറക്കം. വേണ്ടത്ര ഉറക്കമില്ലാതെ പോവുന്നവർ മടുപ്പും തളർച്ചയും നേരിടുന്നവരും അതുമൂലം സന്തോഷമില്ലാത്തവരുമായി മാറും.
സന്തോഷം കണ്ടെത്താനുള്ള മറ്റൊരു മാർഗം ഏതെങ്കിലും ഹോബി കണ്ടെത്തുകയാണ്. സോ ഷ്യൽ മീഡിയായിൽ അമിതമായി സമയം ചെലവഴിക്കുന്നവർക്ക് അവരുടെ ജീവിതത്തിലും സന്തോഷം കണ്ടെത്താനാവില്ല. കാരണം ചുറ്റിനുമുള്ള സന്തോഷങ്ങൾ അനുഭവിക്കാനോ സന്തോഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്താനോ അവർക്ക് കഴിവില്ല.

പോസിറ്റീവായി സംസാരിക്കുകയും പ്രോത്സാഹിപ്പിക്കുകയും നന്മ കണ്ടെത്തുകയും ചെയ്യുന്നവരുടെ സാമീപ്യത്തിലായിരിക്കുന്നതും  സന്തോഷിക്കാനുള്ള അവസരം നല്കുന്നു.
അന്വേഷിക്കുന്നതാണ് നമ്മൾ കണ്ടെത്തുന്നത്. സന്തോഷം അന്വേഷിക്കുന്നവരാകുക.സന്തോഷം നമ്മൾ കണ്ടെത്തും. 

More like this
Related

 നിന്റെ സന്തോഷം എവിടെയാണ്?

ചോക്കുമലയുടെ മുകളിൽ നിന്ന് ചോക്ക് അന്വേഷിക്കുന്നവരെക്കുറിച്ച് ഒരു കഥയുണ്ട്. ആ കഥ...

നിങ്ങൾ സന്തോഷമുള്ള വ്യക്തിയാണോ?

എന്തിന്റെയൊക്കെയോ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. ജോലിക്കയറ്റം,  പുതിയ വീട്, കാർ,...

താരതമ്യങ്ങൾ കെടുത്തുന്ന വെളിച്ചങ്ങൾ

സന്തോഷമാണോ ആഗ്രഹിക്കുന്നത്... എങ്കിൽ അതിന് വിഘാതമായി നില്ക്കുന്നവയിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ്...
error: Content is protected !!