കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ തുടക്കകാലത്ത് കുറെ നാൾ പ്രവർത്തിച്ചിരുന്നു. അന്ന് ഒരു സുപ്പീരിയറും കീഴ് ജീവനക്കാരനുമെന്ന നിലയിൽ തികച്ചും ഔദ്യോഗികമായ ബന്ധം മാത്രമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോൾ അത്തരം ഔപചാരികതകളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. കാലം ഞങ്ങൾക്കിടയിൽ അത്രമാത്രം മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞുപോയ ജീവിതം മുഴുവൻ ഏറ്റവും സത്യസന്ധതയോടെ അദ്ദേഹം എന്നോട് സംസാരിച്ചപ്പോൾ എവിടെയൊക്കെയോ എന്റെ ഉള്ളം നീറുന്നുണ്ടായിരുന്നു. കാരണം അത്രത്തോ ളം സംഭവബഹുലമായിരുന്നു ആ ജീവിതം. അതിൽ ഒഴിവാക്കലുകളുണ്ടായിരുന്നു. തിരസ്‌ക്കരണങ്ങളുണ്ടായിരുന്നു, തെറ്റിദ്ധാരണകളുണ്ടായിരുന്നു, അപവാദങ്ങളുണ്ടായിരുന്നു. ചെയ്ത നന്മ മുഴുവൻ തിന്മയായി ചിത്രീകരിക്കപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. വ്യക്തിഹത്യയും സ്വഭാവഹത്യയുമുണ്ടായിരുന്നു.
എല്ലാം പറഞ്ഞവസാനിപ്പിച്ചതിന് ശേഷം അദ്ദേഹം എന്നോട് പറഞ്ഞു, ‘ഇതൊക്കെ കൂടി ചേർന്നതാണ് ജീവിതം. ഒരുപക്ഷേ എന്റെ യൗവനത്തിൽ അവയോടൊന്നും എനിക്ക് ഇപ്പോഴത്തേതുപോലെ ഉദാരമായി ഇടപെടാനോ എന്നെ തെറ്റിദ്ധരിക്കുകയും എനിക്കെതിരെ ഇല്ലാക്കഥകൾ ചമയ്ക്കുകയും ചെയ്തവരോട് ക്ഷമിക്കാൻ മാത്രമല്ല സഹിഷ്ണുത പുലർത്താനോ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ ഒരു പരിധിവരെ എനിക്കതിന് കഴിയുന്നുണ്ട്…’
ആ വാക്കുകൾ വലിയൊരു തിരിച്ചറിവായിരുന്നു. ജീവിതത്തിന്റെ നല്ല മുഖം മാത്രമാണ് നമ്മൾ കാണാൻ ശ്രമിക്കുന്നത്. അപ്പോൾ മാത്രമേ ജീവിതം സുന്ദരമായി നമുക്ക് തോന്നുകയുമുള്ളൂ. എന്നാൽ എല്ലാ ജീവിതത്തിലും അമാവാസിയും പൗർണമിയുമുണ്ട്. പൂമാലകളും കല്ലേറുകളുമുണ്ട്. ഒരു പക്ഷേ ജീവിതം യൗവനതീക്ഷ്ണമായിരിക്കുന്ന ഒരു സമയത്ത് അങ്ങനെയൊരു ചിന്തയിലേക്ക് വളരാൻ നമുക്ക് കഴിയണമെന്നില്ല. പക്ഷേ അതാണ് സത്യം. ഇതൊക്കെയും കൂടിച്ചേർന്നതാണ് ജീവിതം.
യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ വല്ലാ ത്തൊരു ഭാരമുണ്ടായിരുന്നു. ഞാനും അച്ചനെ തെറ്റിദ്ധരിച്ചിട്ടുണ്ടല്ലോ എന്നോർത്തായിരുന്നു അത്. പിന്നെ മനസ്സ് ആശ്വസിച്ചു. അതെ, ഇതുംകൂടി ചേർന്നതാണ് ജീവിതം.
നന്ദി, സ്നേഹപൂർവ്വം
വിനായക് നിർമ്മൽ