ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും എല്ലാവരുടെയും ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കുന്നതും ആയ ഒന്നാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ. ഓർക്കാനും ഓർമ്മകളിൽ ജീവിക്കാനും കൊതിക്കുന്ന മനുഷ്യരാണ് നമ്മിൽ പലരും. മദ്ധ്യവേനലവധിക്കാലം കാലങ്ങൾക്കപ്പുറവും ഇപ്പുറവും മാറ്റങ്ങൾക്ക് വിധയമായിരിക്കുന്നു. ഒരു കുട്ടിക്കാലത്തിന്റെ ഭൂതകാലസ്മരണക്കളിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് ഈ ചെറുകുറിപ്പ്.
ചെറുപ്പത്തിൽ മദ്ധ്യവേനൽ അവധി തുടങ്ങി പള്ളിക്കൂടങ്ങൾ അടച്ചാൽ പിന്നിട്ടുള്ള രണ്ട് മാസങ്ങൾ ആഘോഷത്തിന്റെ നാളുകളാണ്. പുഴയിൽ ചാടിയും മീൻപിടിച്ചും മാവേലെറിഞ്ഞും ഏറുപന്തും ക്രിക്കറ്റും കളിച്ചും, മണ്ണപ്പംചുട്ടും കണ്ണ്‌പൊത്തിക്കളിച്ചും കുട്ടിക്കുരങ്ങുകളെപ്പോലെ പറമ്പായ പറമ്പു മുഴുവൻ വിഹരിച്ചിരുന്ന ഒരു കുട്ടിക്കാലം. ആരും തടസം പറഞ്ഞില്ല, ആരും മാറി നിന്നില്ല, എല്ലാ വീടുകളും എല്ലാ മുറ്റങ്ങളും എല്ലാവർക്കും ഒരുപോലെ തന്നെ. കളിയുടെ തിരക്കുകളിൽ ഭക്ഷണം പോലും കഴിക്കാൻ മറന്നിരുന്ന ചെറുപ്പകാലം. ചൂടോ വെയിലോ ഒന്നും വകവെക്കാതെയുള്ള ഓട്ടപ്രദക്ഷിണങ്ങൾ ആയിരുന്നു എല്ലാ ദിവസവും. പേരക്ക, ചാമ്പങ്ങ, നാരങ്ങ, മാങ്ങ, ഞാവൽ, നെല്ലിക്ക ഇവയൊക്കെ ആരുടെ പറമ്പിൽ ആണങ്കിലും നമുക്ക് സ്വന്തമായിരുന്നു. നാട്ടിൻപ്രദേശത്തെ കുട്ടികളുടെ ശരാശരി അവധികൾ ഇപ്രകാരം തന്നെ ആയിരുന്നു.
അവധിക്കാലം കഴിഞ്ഞ് പള്ളിക്കൂടങ്ങൾ തുറക്കുമ്പോൾ പുത്തൻ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി കൂട്ടുകാരോടെപ്പം പുതിയ ക്ലാസുകളിലേക്ക്. ഒപ്പം കൂട്ടിനായ് കാലം തെറ്റാതെ ജൂൺ മാസത്തിന്റെ തുടക്കത്തിൽതന്നെ വന്നെത്തുന്ന പെരുമഴക്കാലവും. മഴനനഞ്ഞ് സ്‌കൂളിലേക്കും തിരിച്ചും ഉള്ള യാത്രകൾ എത്ര മനോഹരമായിരുന്നു. നിറഞ്ഞ് ഒഴുകുന്ന തോടുകളും ഓടകളും. വെള്ളം തെറുപ്പിച്ചും തോട്ടിൽ ചാടിയും മഴ നനഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രകൾ. മടക്കയാത്രയിൽ പലപ്പോഴും കുട ബാഗിൽ തന്നെ. കാലങ്ങൾക്കിപ്പുറം ഇന്നാ സ്‌കൂൾ വരാന്തയിലൂടെയും വർഷങ്ങൾ നടന്നുനീങ്ങിയ ആ നാട്ടുവഴി പാതയിലൂടെയും നടന്നുനീങ്ങുമ്പോൾ ഗൃഹാതുരത്വം മനസ്സിനെ വല്ലാതെ വേട്ടയാടുന്നു. കാരണം മാറ്റങ്ങൾ ഏറെ സംഭവിച്ചിരിക്കുന്നു, അകത്തും പുറത്തും. പുതുതലമുറക്ക് ആകട്ടെ ഇവയെല്ലാം ഇന്ന് അന്യംനിന്ന് പോകുന്നു.
ഒരു കുട്ടിക്കാലത്തിന്റെ നല്ല കുറേയേറെ സ്‌കൂൾ ഓർമ്മകൾ പതിയെ പടിയിറങ്ങുമ്പോൾ മറുവശത്ത് ഓർത്തിരിക്കാൻ ഇന്നത്തെ തലമുറയ്ക്ക് അവധിക്കാലങ്ങളിൽ പോലുമുള്ള സ്‌പെഷ്യൽ ക്ലാസുകളും കോച്ചിങ്ങുകളും ട്യൂഷനുകളും കമ്പ്യൂട്ടറുകളിലും മൊബൈലുകളിലുംആയി നീണ്ടുനിൽക്കുന്ന കുറേയേറെ ഗെയിമുകളുമായി അവരുടെ ലോകം ചുരുങ്ങുന്നു. അവരുടെ അവധിക്കാലങ്ങൾ വീടുകളിലും റൂമുകളിലുംആയി ഒതുങ്ങിക്കൂടുന്നു. വീടുകളിൽനിന്നും സ്‌കൂളുകളിലേക്കും തിരിച്ചും ഉള്ള യാത്രകൾ സ്‌കൂൾ ബസ്സുകളിൽ മാത്രമായി ഒതുങ്ങിക്കൂടുന്നു. അങ്ങനെ ചുറ്റുമുള്ള പലതും അവർ കാണാതെ പോകുന്നു.
മധ്യവേനൽ അവധികൾ കഴിഞ്ഞ് പുതിയൊരു അധ്യായന വർഷത്തിന് നാം തുടക്കം കുറിക്കുകയാണ്. വറ്റിവരണ്ട ഭൂമി മഴക്കായ് ദാഹിക്കുമ്പോൾ നല്ലൊരു മഴക്കാലത്തിനും മഴ ഓർമ്മകൾക്കുമായി നമുക്ക് കാത്തിരിക്കാം. പഴയകാല സ്മരണകൾ അയവിറക്കുമ്പോൾ അനുഭവങ്ങളും ജീവിതയാഥാർത്ഥ്യങ്ങളും പഠിപ്പിച്ച ബാല്യകാലസ്മൃതികൾ പുതുതലമുറയ്ക്കും പകർന്നുനൽകാം… അവർക്കും ഇതൊന്നും ദൂരെയല്ലെന്ന് ഓർമ്മിപ്പിക്കാം. പുതിയ അധ്യയന വർഷത്തിന്റെ എല്ലാ ഭാവുകങ്ങളും മംഗളങ്ങളും ശുഭപ്രതീക്ഷകളും.
ജിതിൻ ജോസഫ്