സ്‌നേഹമെന്ന താക്കോൽ

Date:

spot_img

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില പിടിപ്പുള്ളവയാണ് പൂട്ടിവയ്ക്കുന്നത്. വീട്, ആഭരണങ്ങൾ, പണം, സർട്ടിഫിക്കറ്റുകൾ..

പൂട്ടിവയ്ക്കുന്നവയാണ് തുറക്കുന്നത്.വീട്, അലമാര, ബാഗ്. വിലപിടിപ്പുള്ളവയ്ക്കാണ് പ്രത്യേക താക്കോലുകൾ.  ആവശ്യത്തിനു തുറക്കാനും പൂട്ടിവയ്ക്കാനുമുള്ള താക്കോലുകൾ. താക്കോലുകൾ ആവശ്യങ്ങളാണ്, അവയൊരിക്കലും ആഡംബരങ്ങളല്ല.കാരണം വിനിമയകൈമാറ്റങ്ങളിൽ താക്കോലുകൾ വേണം. അലമാരയിൽ പണമുണ്ടായതുകൊണ്ട് വിശേഷമില്ല. അത് യാത്രയിൽ സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിക്കണമെങ്കിൽ അലമാരയിൽ നിന്ന് പണമെടുത്ത് പോക്കറ്റിൽ തിരുകിയേ തീരൂ. പക്ഷേ അലമാര തുറക്കാൻ താക്കോൽ വേണം.
സ്നേഹവും ഒരു താക്കോലാണ്. ആരുടെയൊക്കെയോ ഹൃദയങ്ങളിലേക്ക് പ്രവേശിക്കാനുള്ള താക്കോൽ.  ഹൃദയത്തിലെ സ്നേഹവും ആത്മാർത്ഥതയും സൗഹൃദവും പ്രണയവും പൂട്ടി സൂക്ഷിക്കാനുളള താക്കോൽ. അർഹതയില്ലാത്തവർ വന്ന് അപഹരിച്ചുകൊണ്ടുപോകാതിരിക്കാനുള്ള സ്നേഹത്തിന്റെ താക്കോൽ. അർഹതയുളളവർക്കായി ധൂർത്തടിച്ചുനല്കാനുളള താക്കോൽ.

സ്നേഹത്തിന്റെ താക്കോൽ കൊണ്ടാണ് സമാധാനവും സന്തോഷവും കണ്ടെത്തുന്നത്. വിദ്വേഷം ഇല്ലാതാക്കാനും അതുതന്നെയാണ് മാർഗ്ഗം. അതുതന്നെയാണ് ഉപകരണവും.
സ്നേഹത്തിന്റെ താക്കോൽ കൈയിലില്ലാത്തതുകൊണ്ടാണ് മറ്റുള്ളവരുടെ ഹൃദയങ്ങളിലേക്ക് പ്രവേശിക്കാൻ നമുക്ക് കഴിയാത്തത്. ഉപയോഗിക്കാത്തതുകൊണ്ടാണ് നമ്മുടെ സ്നേഹത്തിന്റെ താക്കോലുകളിൽ തുരുമ്പ് പിടിക്കുന്നത്.

ചില ജോലികൾ, ചില സേവനങ്ങൾ, ചില ശുശ്രൂഷകൾ അവയൊക്കെ ഭാരപ്പെട്ടതായി തോന്നുന്നത് എന്തുകൊണ്ടാണ്? സ്നേഹത്തിന്റെ അഭാവത്തിൽ എല്ലാം കഷ്ടപ്പാടുകളായി തോന്നും. മറ്റുള്ളവരോട് സ്വതന്ത്രമായി ഇടപെടാനും സൗഹാർദ്ദത്തോടെ ഇടപഴകാനും കഴിയാത്തത് എന്തുകൊണ്ടാണ്? നമ്മുടെ ഉളളിൽ സ്നേഹത്തിന്റെ കുറവുണ്ട് .ഹൃദയത്തിൽ സ്നേഹം നിറയ്ക്കാത്തിടത്തോളം കാലം ജീവിതം ഭാരമുള്ളതും ദുർഗന്ധം വമിക്കുന്നതുമായി തോന്നും.

ഹൃദയത്തിൽ സ്നേഹമുണ്ടായിട്ടെന്തുകാര്യം. അത് പകരാനും സ്വീകരിക്കാനും കഴിയണം. ചില നിക്ഷേപങ്ങളിൽ പണം സമാഹരിക്കുമ്പോൾ ഇരട്ടിയാകുന്നതുപോലെ കൊടുക്കുമ്പോൾ ഇരട്ടിയായി തിരികെ വരുന്ന നിക്ഷേപമാണ് സ്നേഹവും. ബാങ്കുകൾ നിക്ഷേപസമാഹരണങ്ങൾ നടത്താറില്ലേ? ജീവിതം മുഴുവൻ ഒരു സ്നേഹനിക്ഷേപകാലമാണ്. സ്നേഹിക്കാനും സ്നേഹം നല്കാനും പങ്കുവയ്ക്കാനുമുള്ള കാലം. സ്നേഹിക്കുമ്പോഴാണ് ജീവിച്ചിരിക്കുന്നുവെന്ന് തോന്നലുണ്ടാകുന്നത്. സ്നേഹം നല്കുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടെന്ന തോന്നലുണ്ടാകുന്നത്.

ഒരു പഴയ മലയാളംസിനിമയുണ്ട്, അപരിചിതനഗരത്തിൽ വച്ച് പ്രണയബദ്ധരാകുന്ന നായികാനായകന്മാർ. രണ്ടിടങ്ങളിൽ താമസിക്കുന്ന അവർക്ക് ഒരു പ്രത്യേകസാഹചര്യത്തിൽ നഗരം വിട്ടുപോവേണ്ടിവരുന്നു. വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക അവസരമോ സാഹചര്യമോ ഇല്ലാത്തതുകൊണ്ട് ആശയകൈമാറ്റത്തിന് പബ്ലിക് ടെലിഫോണിനെ ആശ്രയിക്കുക മാത്രമേ നായികയ്ക്ക് മാർഗ്ഗമുള്ളൂ.കൃത്യസമയത്ത് ഫോൺവിളിക്കാൻ നായികയ്ക്കാവുന്നില്ല. നിശ്ചിതസമയം കഴിഞ്ഞിട്ടും നായികയുടെ ഫോൺവിളി വരാത്തതിനാൽ ഇനി അവൾ വിളിക്കില്ലെന്ന് വിചാരിച്ച് നായകൻ നിരാശയോടെ വീടൂപൂട്ടി പുറത്തേക്കിറങ്ങുന്നു. ഇനിയൊരിക്കലും ഈ വീടിന്റെ താക്കോൽ തനിക്കാവശ്യമില്ലെന്ന മട്ടിൽ അയാളത് ദേഷ്യത്തിലും നിരാശയിലും ദൂരേയ്ക്ക് വലിച്ചെറിയുന്നു. ഗെയ്റ്റിങ്കലെത്തുമ്പോഴാണ് അകത്ത് ഫോൺ മുഴങ്ങിയത്. വീടു തുറക്കാൻ നോക്കിയിട്ട് അയാൾക്ക് താക്കോൽ കിട്ടുന്നില്ല. ഒടുവിൽ രണ്ടിടത്തേക്ക് അവർ പിരിഞ്ഞുപോകുന്നു.

താക്കോലുകൾ സൂക്ഷിക്കാനുള്ളവയാണ്. ഒരു താക്കോൽ പോലും  വലിച്ചെറിയരുത്. പ്രത്യേകിച്ച് സ്നേഹത്തിന്റെ ആ താക്കോൽ. അത് നീയൊരിക്കലും വലിച്ചെറിയരുതേ. എപ്പോഴാണ് മണി മുഴങ്ങുന്നതെന്ന് ആരറിഞ്ഞു. എപ്പോഴാണ് താക്കോലിന്റെ ആവശ്യമുണ്ടാവുകയെന്ന് ആരറിഞ്ഞു? വെറുതെ തുറന്നിട്ടു കൊടുക്കുകയുമരുത്. കാരണം അർഹതയില്ലാത്തവർ പോലും നിന്റെ സ്നേഹത്തിന്റെ ധനം കൈപ്പറ്റുകയും പിന്നീടൊരിക്കലും അത് നിനക്ക് തിരികെ കിട്ടാതെപോവുകയും ചെയ്യും.

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...
error: Content is protected !!