ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

Date:

spot_img


മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില ധാരണകൾ നമ്മുടെ ഉള്ളിൽ കയറിക്കൂടിയിട്ടുണ്ട്. അത്തരം ധാരണകളെ നീക്കിക്കളയുന്നതാണ് സ്വന്തംജീവിതത്തിൽ സന്തോഷിക്കാനും ്അവനവരുടെ ജീവിതം സമാധാനപൂർവ്വം ജീവിക്കാനും വഴിയൊരുക്കുന്നത്. അത്തരം ചില അബദ്ധധാരണകളെ നമുക്ക് പരിചയപ്പെടാം

എല്ലാവരെയും സന്തോഷിപ്പിക്കണം, സംതൃപ്തരാക്കണം

മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് നാം കാരണക്കാരാകുന്നത് നല്ലതുതന്നെ. ചില സുഖങ്ങൾ വേണ്ടെന്നു വച്ചും ചില ത്യാഗങ്ങൾ സഹിച്ചുമുള്ള സന്തോഷങ്ങൾ അമൂല്യവുമാണ്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. എന്നാൽ എല്ലാവിധത്തിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സംതൃപ്തരാക്കാനും വേണ്ടി സ്വന്തം സന്തോഷങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള സന്തോഷങ്ങൾ അത്ര നല്ലതാണോ? തീർച്ചയായും അല്ല. ചുറ്റിനുമുള്ളവരിൽ നിന്നെല്ലാം നല്ല വാക്കു കിട്ടാൻ, അഭിനന്ദനം വാങ്ങിയെടുക്കാൻ, നല്ലവരാണെന്ന് പറയിപ്പിക്കാൻ അനാവശ്യമായി ചില ഭാരങ്ങൾ തലയിൽ ഏറ്റെടുക്കുന്നവരുണ്ട്. അവർക്ക് വഹിക്കാൻ കഴിയുന്നതോ  ചെയ്തുതീർക്കാൻ കഴിയുന്നതോ ആണ് അവയെങ്കിൽ പ്രശ്നമില്ലായിരുന്നു.പക്ഷേ പലപ്പോഴും കണ്ടുവരുന്നത് നോ പറയാനുള്ള ബുദ്ധിമുട്ടുകൊണ്ടും അവരെന്തുവിചാരിക്കും, ഇവരെന്തുവിചാരിക്കും എന്ന ഭീതി കൊണ്ടും യെസ് പറഞ്ഞുപോകുന്നതാണ്. ഈ യെസ് പറച്ചിൽ പിന്നീട് അവനവരുടെ തന്നെ സ്വസ്ഥതയും ശാന്തതയും നശിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സംതൃപ്തരാക്കാനും വേണ്ടി ഒരുതവണ ഒരു ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന് കരുതുക. അതിന്റെ പേരിൽ സംഘർഷങ്ങളും അനുഭവിച്ചുവെന്നിരിക്കട്ടെ. നാളെയും അതിന്റെ പേരിൽ നാം ചൂഷണത്തിന് വിധേയരായെന്നിരിക്കാം. അതുകൊണ്ട് മനസിൽ ഇഷ്ടമില്ലാതെയും സന്തോഷം  ഇല്ലാതെയും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ശ്രമിക്കരുത്. ഇവിടെ ആർക്കും ആരെയും തൃപ്തിപ്പെടുത്താനാവില്ല. സ്വയം സംതൃപ്തിയും സ്വയം സന്തോഷവുമാണ് പ്രധാനകാര്യം.

എല്ലാം പെർഫെക്ടായിരിക്കണം

പരിപൂർണ്ണതയോടെ എല്ലാം ചെയ്യണം, എല്ലാം അങ്ങേയറ്റം പെർഫെക്ടായിരിക്കണം. ഇങ്ങനെ ചിന്തിക്കുന്നവർ പലരുണ്ട്. പരിപൂർണ്ണതാവാദികൾ അഥവാ പെർഫെക്ഷനിസ്റ്റുകൾ ആണ് അവർ. ഇത്തരക്കാർക്ക് ഒന്നിലും തൃപ്തിയുണ്ടാവില്ല. അതുകൊണ്ടുതന്നെ എല്ലാകാര്യങ്ങളിലും അവർ കുറ്റം കണ്ടെത്തും. അസ്വസ്ഥത പ്രകടിപ്പിക്കും. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനോ അഭിനന്ദിക്കാനോ അവർ തയ്യാറാവുകയുമില്ല. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. പെർഫെക്ഷൻ എന്നത് ഒരു മിഥ്യയാണ്. അപൂർണ്ണതയിലും ഒരു സൗന്ദര്യമുണ്ട്. ആളുകളുമായുള്ള ബന്ധത്തിൽ വിള്ളലുകൾ സംഭവിക്കുന്നതും ഇടർച്ചകൾ ഉണ്ടാകുന്നതും എല്ലാം അതിരുകടന്ന  പെർഫെക്ഷനിസം കാരണമാണ്. ആരും ഈ ലോകത്തിൽ നൂറുശതമാനം പെർഫെക്ടല്ല. ഈ ലോകത്തിൽ ഒന്നിനും നൂറുശതമാനം പെർഫെക്ഷൻ ഉണ്ടായിട്ടുമില്ല.

അവനവനെ സ്നേഹിക്കുന്നത് തെറ്റാണ്

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത്, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത്, തനിച്ചൊരു യാത്ര പോകുന്നത് ഇതൊക്കെ ജീവിതപങ്കാളിയോടോ മക്കളോടോ അല്ലെങ്കിൽകുടുംബാംഗങ്ങളോടോ ചെയ്യുന്ന സ്നേഹക്കുറവിന്റെയും അനീതിയുടെയും ഭാഗമായിട്ടാണ് ചിലരെങ്കിലും കരുതുന്നത്. വീട്ടിൽ നിന്നിറങ്ങിയാൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളം പോലും വാങ്ങികുടിക്കുകയില്ലെന്ന് പറയുന്നവരും തനിച്ചൊരു സിനിമ കാണാൻ പോകില്ലെന്ന് പറയുന്നവരുമെല്ലാമുണ്ട്. അങ്ങനെ ചെയ്യുന്നത് തന്റെ പ്രിയപ്പെട്ടവരോട് ചെയ്യുന്ന വലിയ അപരാധമായിട്ടാണ് അവർ കരുതുന്നത്. 
ഇത് തെറ്റായ ധാരണയാണ്. അവനവന്റെ സന്തോഷങ്ങൾ അത് വലുതോ ചെറുതോആയിരുന്നുകൊള്ളട്ടെ അത് അവനവർക്ക് വലുതാണ്. ആ സന്തോഷങ്ങൾകൊണ്ട് ആർക്കും ഉപദ്രവമോ അവനവർക്ക് തന്നെ മാനഹാനിയോ ഉണ്ടാവുന്നില്ലെങ്കിൽ പ്രത്യേകിച്ചും. സെൽഫ് കെയർ ഇന്നത്തെ കാലത്ത് വ്യക്തിജീവിതത്തോട് ചേർത്തു വിലയിരുത്തപ്പെടേണ്ട ഒരു അവസ്ഥയാണ്.

അതൊരിക്കലും ലക്ഷ്വറിയല്ല. 

ഓരോ വ്യക്തിയും അവനവരുടെ മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യം നിലനിർത്താനും പരിപോഷിപ്പിക്കാനും അവനവർക്കായി കണ്ടെത്തുന്ന സമയമോ ചെലവഴിക്കുന്ന സമയമോ ആയി മാത്രം ഇതിനെ കണ്ടാൽ മതി. സെൽഫ് കെയറിന് സന്നദ്ധമാവുന്നതിലൂടെ ജീവിതം  കൂടുതൽ ക്രിയാത്മകവും സന്തോഷകരവുമാകുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്.

തോറ്റുപോയോ പിന്നെയൊരു രക്ഷയുമില്ല!

പരാജയപ്പെട്ടുപോയാൽ പിന്നെ ജീവിതത്തിൽ വിജയിക്കാൻ കഴിയില്ലെന്നത് ഒരു അബദ്ധധാരണയാണ്. അത്തരം ധാരണകളുടെ വിഴുപ്പു ചുമന്നുജീവിക്കുന്നവർ ധാരാളമുണ്ട്. ഇപ്രകാരമൊരു ധാരണ പ്രബലമായതുകൊണ്ടു ജീവിതത്തിൽ പലരും റിസ്‌ക്കുകൾ ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുന്നു. പരാജയപ്പെട്ടുപോയാലോ.. ഇതാണ്അവരുടെ വേവലാതി. 
തോൽവി ഒരിക്കലും ജീവിതത്തിന്റെ അവസാനമൊന്നുമല്ല. വളർച്ചയിലേക്കുളള ഒരു ഘട്ടത്തിന്റെ ഭാഗം മാത്രമാണ് തോൽവി. ആ തോൽവിയാണ് പിന്നീട് വലിയ വിജയമായി മാറുന്നതും.

More like this
Related

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....

ഫീനിക്‌സിന്റെ  ഫിലോസഫി

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ...
error: Content is protected !!