സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. മറ്റുള്ളവരുടെ മനസ് അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. മനസ് വായിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? ചില സൂചനകൾ ഇക്കാര്യത്തിൽ നല്കാൻ മനശ്ശാസ്ത്രം തയ്യാറാണ്.
ബോഡി ലാഗ്വേജ്
ഉള്ളിലുള്ളത് പുറത്ത അറിയിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ് ശരീരഭാഷ. വാക്കുകൾ കൊണ്ട് എന്നതിനെക്കാളേറെ ശരീരം സംസാരിക്കാറുണ്ട്. ആളുകളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാൻ ശരീരഭാഷയ്ക്ക് കഴിവുണ്ട്. അതുകൊണ്ട് ശരീരഭാഷ മനസ്സിലാക്കി ആളുകൾക്ക് നിങ്ങളോടുള്ള അടുപ്പവും അകലവും ഈർഷ്യയും സനേഹവും തിരിച്ചറിയാൻ കഴിയും. അടുത്തുനിന്നാണോ സംസാരിക്കുന്നത് അതോ അകലം നിലനിർത്തിയാണോ സംസാരിക്കുന്നത് എന്നിവയെല്ലാം ഇതിന്റെ സൂചകങ്ങളാണ്.
ആംഗ്യങ്ങൾ
ഒരാളുടെ ആംഗ്യങ്ങൾ അയാളുടെ മനസ് വായിച്ചെടുക്കാൻ സഹായകരമാണ്. കൈകൾ ഉയർത്തി സംസാരിക്കുന്നത് ഉദാഹരണം. ഇത്തരം ആംഗ്യങ്ങൾ സംസാരിക്കുന്നതിലെ ആധികാരികതയും സംസാരിക്കുമ്പോഴുള്ള ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നവയാണ്.
പുഞ്ചിരി
ആത്മാർത്ഥമായ പുഞ്ചിരി എപ്പോഴും കണ്ണുകൾക്കു ചുറ്റും ചുളിവുകൾ വീഴ്ത്തും. ഒരാളെ കാണുമ്പോൾ നിങ്ങളിലുണ്ടാകുന്നത് ആത്മാർത്ഥമായ സന്തോഷമാണെങ്കിൽ തീർച്ചയായും നിങ്ങളുടെ കണ്ണുകൾക്കു ചുറ്റിനും ചുളിവുകൾ ഉണ്ടായിരിക്കും. ആത്മാർത്ഥതയില്ലാത്ത ചിരിയാണെങ്കിൽ ഇതു കാണുകയില്ലെത്രെ.
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റുകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുക, നോട്ടം മാറ്റുക, വാച്ചുനോക്കുക, കോട്ടുവാ വിടുക ഇങ്ങനെയൊക്കെ ചില സൂചനകൾ ആരിൽ നിന്നെങ്കിലും ഉണ്ടാവുന്നുണ്ടെങ്കിൽ സംസാരം തുടർന്നുകൊണ്ടുപോകാൻ താത്പര്യമില്ല എന്നാണ് അർത്ഥം.