സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

Date:

spot_img


പേഴ്സണൽ ഗ്രോത്ത്… സെൽഫ് ഇംപ്രൂവ് മെന്റ്… വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ് ഇവ. ഓരോ ദിവസവും മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നിരിക്കിലും ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നവിധത്തിലുളള ജീവിതം നയിക്കാൻ നമുക്ക് സാധിക്കണമെന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മെച്ചപ്പെട്ട വ്യക്തിയാകാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുന്നത്. വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക.

സ്വന്തം ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും അപഗ്രഥിക്കുക

വ്യക്തിപരമായ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് സ്വയം അപഗ്രഥനം. ഒരു സാഹചര്യത്തിൽ ഞാനെങ്ങനെ പ്രതികരിക്കുന്നു,എന്റെ ഇടപെടൽ എങ്ങനെയാണ്, എന്റെ ചിന്തകൾ എന്തൊക്കെയാണ് എന്ന് സ്വയം വിലയിരുത്തുക. തന്റെ കഴിവും കഴിവുകേടും പരാജയത്തിനുള്ള കാരണവും വിജയം ഉറപ്പിച്ച ഘടകങ്ങളും നിരന്തരമായി വിലയിരുത്തിക്കൊണ്ടിരിക്കുക. എവിടെയാണ് കൂടുതൽ മെച്ചപ്പെടേണ്ടത് എന്ന് മനസ്സിലാക്കാനും എവിടെയാണ് പിഴവുകൾ സംഭവിച്ചത് എന്ന് തിരിച്ചറിയാനും ഇത്തരത്തിലുളള അപഗ്രഥനം സഹായിക്കും.

മെച്ചപ്പെട്ട നേട്ടങ്ങൾക്കുവേണ്ടി ലക്ഷ്യങ്ങൾ കേന്ദ്രീകരിക്കുക

ജീവിതത്തിൽ എത്തിച്ചേരേണ്ട വഴികളെക്കുറിച്ച് കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരിക്കുക. അതിനു വേണ്ടി വ്യക്തമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുക. എന്നെങ്കിലും നേടിയെടുക്കാൻ കഴിയുന്ന വിധത്തിലുള്ള ലക്ഷ്യങ്ങളായിരിക്കരുത് സമയബന്ധിതമായി ചെയ്തുതീർക്കാനും കൈവരിക്കാനും കഴിയുന്നതായ ലക്ഷ്യങ്ങളായിരിക്കണം ഉണ്ടാവേണ്ടത്. പല ലക്ഷ്യങ്ങളിൽ നിന്ന് പ്രധാനപ്പെട്ടത് വേർതിരിച്ചറിയാനും കഴിഞ്ഞിരിക്കണം. തുടർച്ചയായ,നിരന്തരമായ ശ്രമങ്ങളാണ് വിജയം വരിക്കുന്നത് എന്ന് മറക്കരുത്. തുടങ്ങിവച്ചിട്ട് പാതിവഴിയിൽ അവസാനിപ്പിക്കുകയോ പൂർത്തിയാക്കാതിരിക്കുകയോ ചെയ്യരുത്.

വെല്ലുവിളികളെ നേരിടാൻ സന്നദ്ധമായിരിക്കുക

ജീവിതം എപ്പോഴും പൂവിരിച്ച പാതകളല്ല സമ്മാനിക്കുന്നത്. മുള്ളുകളും കല്ലുകളും ആ പാതയിൽ കണ്ടേക്കാം. അത്തരമൊരു മുൻവിധിയോടും ധാരണയോടും കൂടി പ്രവർത്തിക്കാൻ ഇറങ്ങിത്തിരിക്കുന്നത് വെല്ലുവിളികളെ നേരിടാൻ കൂടുതൽ സഹായിച്ചേക്കും. ഓരോ വെല്ലുവിളികളും കരുത്തരാക്കാനുള്ള സാഹചര്യമാണ്  നല്കുന്നതെന്ന് മനസ്സിലാക്കുക. അവ നമ്മെ ജ്ഞാനികളും  ശക്തരുമാക്കിമാറ്റും.

സ്വന്തം മാനസികാരോഗ്യത്തിന്  മുൻതൂക്കം കൊടുക്കുക

സെൽഫ് കെയറും മാനസികാരോഗ്യവും വ്യക്തിപരമായ ഉന്നമനത്തിന് അത്യാവശ്യമാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്തുക, കാത്തുസൂക്ഷിക്കുക. ഇതിനായി വ്യായാമം, ഹോബികൾ തുടങ്ങിയവയിൽ ഏർപ്പെടുക. മാനസികാരോഗ്യം തകരാറിലാവുന്നതായി സംശയിക്കുന്നുവെങ്കിൽ  വിദഗ്ദ സഹായം തേടാനും മറക്കരുത്.

പോസിറ്റീവ് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക

 ചുറ്റുപാടുകൾ മാത്രമല്ല ഇടപെടുന്ന വ്യക്തികളും നമ്മുടെ ജീവിതത്തെ പലതരത്തിൽ സ്വാധീനിക്കാറുണ്ട്. പോസിറ്റീവ് ഔട്ട്ലുക്ക് പുലർത്തുന്നവരുമായി ബന്ധം സ്ഥാപിക്കുക. അവർ തുറന്ന ചിന്താഗതിക്കാരും തുറന്ന് സംസാരിക്കുന്നവരുമായിരിക്കണം. എമ്പതിയും സിമ്പതിയുമുള്ളവരായിരിക്കണം. ഇത്തരത്തിലുളള ആളുകളുടെ സഹവാസവും സൗഹൃദവും നമുക്കു പ്രചോദനാത്മകമാണ്. അത് വ്യക്തിപരമായ വളർച്ചയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും.

മാനസികചക്രവാളം വികസിപ്പിക്കുക

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ് നീയെന്ന് ഉറച്ചുവിശ്വസിക്കുക. സ്വന്തം കഴിവിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുക. പുതിയ കാര്യങ്ങൾ പഠിക്കാനുള്ളകഴിവ്, വെല്ലുവിളികളിലും സാധ്യതകൾ കണ്ടെത്താനുള്ള കഴിവ് ഇതെല്ലാം നിനക്കുമാത്രം കിട്ടിയിരിക്കുന്ന സവിശേഷതകളാണെന്ന് ഉറച്ചുവിശ്വസിക്കുക. സ്വന്തം വിജയങ്ങൾ അതു ചെറുതോ വലുതോ ആയിരുന്നുകൊളളട്ടെ സ്വയം ആഘോഷിക്കുക. ആരും അതിൽ പങ്കുചേരണമെന്നില്ല.. ക്രിയാത്മകമായ വിമർശനങ്ങളോട് തുറവികാണിക്കുക., സുരക്ഷിതലാവണങ്ങളിൽ നിന്ന് ഒരുപടിയെങ്കിലും പുറത്തുകടക്കാൻ തയ്യാറാവുക.

സ്വയം അംഗീകരിക്കുകയും സ്വയം അനുകമ്പ പുലർത്തുകയും ചെയ്യുക

ദയവോടും സ്നേഹത്തോടും കൂടി സ്വയം അംഗീകരിക്കുക. സ്വന്തം അപൂർണ്ണതകളെ, കുറവുകളെ സ്വീകരിക്കുക. കടുത്ത ആത്മവിമർശകനും ആത്മനിന്ദകനുമാകാതെ അവയ്ക്ക് പകരം സ്വയം അനുകമ്പ പുലർത്തുക.

സ്വന്തം മൂല്യങ്ങൾ മുറുകെപിടിക്കുക

ഒരാളെ മെച്ചപ്പെട്ട വ്യക്തിയാക്കുന്നത് അയാൾ പുലർത്തിപ്പോരുന്ന മൂല്യങ്ങളും ജീവിതപ്രമാണങ്ങളുമാണ്. മൂല്യങ്ങൾ ബലി കഴിക്കാതിരിക്കുക. തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും സ്വന്തം മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. ലോകത്ത് മറ്റു പലരും ചെയ്യുന്നത് തനിക്ക് ഗുണകരമല്ലെന്ന് മനസ്സിലാക്കുക. അവരിൽ നിന്ന് മാറിനില്ക്കുന്നതാണ് സ്വയം അടയാളപ്പെടുത്താനുള്ള മാർഗ്ഗം.

അർത്ഥവത്തായി ജീവിതത്തെ സമീപിക്കുക

നാം കൊടുക്കുന്ന അർത്ഥമാണ് നമ്മുടെ ജീവിതത്തിന്റെ അർത്ഥം. ജീവിതത്തിന് എന്താണോ നാം കൊടുക്കുന്നത് അതുതന്നെയാണ് നമ്മുടെ ജീവിതത്തിലേക്ക് തിരികെ വരുന്നതും. ജീവിതത്തിന് അർത്ഥമുണ്ടെന്ന് തിരിച്ചറിയുക. മറ്റുള്ളവരുടെ ജീവിതങ്ങളിലും കഴിയുന്നതുപോലെ പ്രകാശം പരത്താൻ സാധ്യതകളുണ്ടെന്ന് മനസ്സിലാക്കുക

സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക

ഓരോരുത്തർക്കും  അവരവർ ചെയ്യേണ്ട കടമകളും നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളുമുണ്ട്. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാതിരിക്കുക. വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതിന്റെ അർത്ഥം സംഭവിക്കാൻപോകുന്ന നല്ലതിന്റെയും ചീത്തയുടെയും ഫലം ഏറ്റെടുക്കുക എന്നുകൂടിയാണ്.

More like this
Related

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...
error: Content is protected !!