A+

Date:

spot_img

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം ക്ലാസ്, പ്ലസ് ടൂ വിജയങ്ങൾ. പ്രിയപ്പെട്ടവരുടെ  A+ വിജയാഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയ നിറയ്ക്കാൻ എല്ലാവരും ഒന്നുപോലെ മത്സരിച്ചിരുന്നു. എന്നാൽ അതിനിടയിൽ ശ്രദ്ധേയമായ ഒരു കുറിപ്പു കാണാനിടയായി. രണ്ട് എ പ്ലസ് മാത്രം നേടിയ മകന്റെ വിജയത്തിൽ സന്തോഷിച്ചും ഫുൾ എ പ്ലസ് വാങ്ങിയ അവന്റെ ചങ്ങാതിമാരെ അഭിനന്ദിച്ചും മുഹമ്മദ് അബാസ് എന്ന അച്ഛൻ എഴുതിയ കുറിപ്പായിരുന്നു അത്.  അതിലെ ഏതാനുംചില വരികൾ.. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്. ഈ പൊരിവെയിലത്ത് ഒറ്റദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും കഴിച്ച പാത്രങ്ങൾ കഴുകുകയും സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്… ഒരു ദിവസത്തെ വീട്ടുചെലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്… ഏറ്റവും സ്നേഹത്തോടെ ഞാനവന്റെ നിറുകയിൽ ഉമ്മ വയ്ക്കുന്നു.

മികച്ച പരീക്ഷാവിജയങ്ങൾ മോശമാണെന്നൊന്നും ഒരിക്കലും പറയുന്നില്ല. മാതാപിതാക്കളുടെ അധ്വാനത്തിനും കഷ്ടപ്പാടുകൾക്കും മക്കൾക്ക് നല്കാൻ കഴിയുന്ന ഏറ്റവും നല്ല മറുപടിയാണ് നല്ല പരീക്ഷാവിജയം. എന്നാൽ പരീക്ഷയിൽ മാത്രം വിജയിച്ചാൽ മതിയോ നമുക്ക്? ഉത്തരക്കടലാസിലെ മാർ്ക്കു മാത്രമാണോ ഒരു വ്യക്തിയുടെ ജീവിതവിജയം നിശ്ചയിക്കുന്നത്? ഒരിക്കലുമല്ല. 

അടുത്തയിടെ പുറത്തിറങ്ങിയ പ്രേമലു സിനിമയിൽ ഒരു ഡയലോഗുണ്ട്, ‘സ്റ്റേറ്റ് സിലബസുകാരോട് കളിക്കരുതെടാ സിബിഎസ്ഇ’ എന്ന്. രണ്ടുതരം അധ്യയനരീതികളുടെ പൊതുപ്രത്യേകതകളും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ജീവിതസമീപനവും ആ ചെറിയ ഡയലോഗിൽ വ്യക്തമാണ്. എന്നുകരുതി സിബിഎസ്ഇ മോശമാണെന്നോ സ്റ്റേറ്റ് സിലബസ് കേമമാണെന്നോ- തിരിച്ചും- അല്ല അർത്ഥം. പാഠപുസ്തകത്തിനപ്പുറം ജീവിതം കൂടി പഠിക്കാൻ, മൂല്യങ്ങളിലും ധാർമ്മികതയിലും വളരാൻ കുട്ടികൾക്ക് സാഹചര്യം കൂടുതലുണ്ടാവണം. 
പരീക്ഷാവിജയങ്ങൾ മാത്രം കണ്ട് മക്കളെയും അവരുടെ ഭാവിയെയും വിലയിരുത്താതെ അവരുടെ സ്വഭാവഗുണം മനസ്സിലാക്കിക്കൊണ്ടുകൂടി ഭാവിയെക്കുറിച്ചു സ്വപ്നങ്ങൾ കാണാൻ കഴിയട്ടെ. പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുമ്പോൾ ഇങ്ങനെയൊരു ചിന്ത അധ്യാപകർക്കും മാതാപിതാക്കൾക്കും ഉണ്ടാകട്ടെ. 

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

നീ നിന്നെ അറിയുന്നുവോ? 

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ...
error: Content is protected !!