ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല. ഒരു പുഞ്ചിരിയാവാം, നന്ദി യെന്ന ഹൃദയം നിറഞ്ഞ വാക്കാകാം. സ്നേഹപൂർവ്വമായ അണച്ചുപിടിക്കലാവാം, ഏറ്റവും ഒടുവിൽ പണവുമാകാം.
കൂലിക്കുള്ള വേതനം പണമാകുമ്പോഴാണ് പ്രതിഫലം വലിയ പ്രശ്നമായി മാറുന്നത്. അത് ഒരു വ്യക്തിയുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമാണ്. അതുകൊണ്ടാണ് പ്രതിഫലമായി പണം തന്നെ വേണമെന്ന കാര്യത്തിൽ തർക്കമില്ലാത്തത്. ആവശ്യങ്ങൾ എല്ലാം നിവർത്തിച്ചുകൊടുക്കുന്നത് പണമാകുന്നതുകൊണ്ടാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ പലതരത്തിലുള്ള തർക്കങ്ങളും മുറുമുറുപ്പുകളും വാഗ്വാദങ്ങളും ഉണ്ടാകുന്നത്. കാരണം പണമില്ലെങ്കിൽ ജീവിക്കാനാവില്ല
എന്നാൽ ചിലർക്ക് പണം മാത്രമായിരിക്കില്ല പ്രതിഫലമായി വേണ്ടത്. കാരണം പണത്തെക്കാൾ അവർ മൂല്യം കൊടുക്കുന്നത് മറ്റു പലതിനുമാണ്. ഒരാളെ സഹായിച്ചതിന്റെ പ്രതിഫലമായോ അതിന്റെ സന്തോഷസൂചകമായോ ചില പാരിതോഷികങ്ങൾ കൊടുക്കുമ്പോൾ അതൊന്നും സ്വീകരിക്കാതെ നെഞ്ചുവിരിച്ച് ആത്മാഭിമാനത്തോടെ നടന്നുപോകുന്ന ചിലരെ കണ്ടിട്ടില്ലേ..എന്തൊരു പ്രകാശമാണ് അവരുടെ ശിരസിന് പിന്നിലുളളത്!
പ്രതിഫലം കൊടുത്തൊന്നും അവരെ ഒതുക്കാനാവില്ല. അവർ ചെയ്തത് അവരുടെ സന്തോഷത്തിന് വേണ്ടിയായിരുന്നു. ആ സന്തോഷമാണ് അവരുടെ പ്രതിഫലം. അവർക്കത് കിട്ടിക്കഴിഞ്ഞു. ഇനിയൊരു പ്രതിഫലം കൊണ്ടും അവരെ ഒതുക്കാനാവില്ല.
ഒരു ചെടി കുഴിച്ചുവയ്ക്കുന്നത്, ഒരു മരത്തിന് വളമിടുന്നത് അതിൽ നിന്ന് പ്രതിഫലം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ്. ഒരു തെങ്ങ്, മാവ്, പ്ലാവ്.. എല്ലാറ്റിൽ നിന്നും കായ്ഫലം പ്രതീക്ഷിക്കുന്നു. ഒരുപാട് വളവും വെള്ളവുമൊഴിച്ച് പരിപാലിച്ചിട്ടും ഒരുപാടു കാലം കാത്തിരുന്നിട്ടും ആഗ്രഹിക്കുന്നതുപോലെ ഫലം കിട്ടാതെവരുമ്പോഴുണ്ടാകുന്ന നിരാശ നിസ്സാരമല്ല. പക്ഷേ മക്കളെ മാതാപിതാക്കൾ വളർത്തുന്നത് എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചാണോ? പ്രതിഫലം പ്രതീക്ഷിച്ചായിരിക്കരുത്.
അല്ലെങ്കിൽ മക്കൾക്ക് മാതാപിതാക്കൾക്ക് എങ്ങനെയാണ് പ്രതിഫലം കൊടുത്തുതീർക്കാനാവുക? ഗർഭധാരണംമുതൽ സ്വന്തം കാലിൽ നില്ക്കാനും സ്വന്തം ചിറകുവിരിച്ച് ആകാശയാത്രകൾ നടത്താനും കഴിയുന്ന വിധത്തിൽ ആകുംവരെയുള്ള ത്യാഗങ്ങൾക്കും കഷ്ടപ്പാടുകൾക്കും എത്ര പ്രതിഫലം കൊടുത്താലാണ്.. വീട്ടിത്തീർക്കാനാവാത്ത കടങ്ങൾ പോലെയാണ് അത്.
ഓരോ പ്രവൃത്തിക്കും ഫലമുണ്ട്. എന്നാൽ ചില പ്രവൃത്തികളെങ്കിലും തിരിച്ചടികളുമാകാറുണ്ട്. കിട്ടേണ്ട പ്രതിഫലം കിട്ടേണ്ട സമയത്ത് കിട്ടേണ്ടതുപോലെ കിട്ടുമ്പോഴാണ് പ്രതിഫലം പൂർണ്ണമാകുന്നത്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനിൽ സ്നേഹം നിക്ഷേപിക്കുന്നതു പോലും തിരികെ സ്നേഹം കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. ജോലി ചെയ്തിട്ട് കിട്ടാതെ വരുന്ന വേതനവും സ്നേഹം നിക്ഷേപിച്ചിട്ട് മുതൽ പോലും കിട്ടാതെ വരുന്ന സാഹചര്യവും ഒന്നുതന്നെയാണ്. വെറും കയ്യോടെ മടക്കി അയക്കപ്പെടുന്നവർ. പ്രതിഫലം കൊടുക്കുന്നത് അവൻ ആ ജോലിക്ക് അർഹനാണെന്ന തിരിച്ചറിവുളളതുകൊണ്ടാണ്. അർഹിക്കുന്ന പ്രതിഫലംകിട്ടാതെ വരുന്നത് നിന്റെ ജോലിക്ക് അവൻ അത്രയേ വില കല്പിക്കുന്നുള്ളൂവെന്നതു കൊണ്ടാണ്.
കൂലിയായാലും സ്നേഹമായാലും അർഹിക്കുന്ന പ്രതിഫലം കിട്ടാനും വേണം ഭാഗ്യം.