പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

Date:

spot_img


ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര വില കല്പിക്കാറില്ല. ഫലമോ ബന്ധങ്ങൾക്ക് പരിക്കേല്ക്കും, മനസ്സുകൾ തമ്മിൽ അകന്നുപോവും.

ബന്ധങ്ങൾക്ക് ഇടർച്ചകളും പതർച്ചകളും സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് പെരുമാറ്റങ്ങളിലെയും അതിൽ തന്നെ വ്യക്തിത്വത്തിലെ ചില വൈകല്യങ്ങളാണ്. തൊഴിലിടങ്ങളിലാണ് ഇതേറെ ഉടലെടുക്കുന്നത്. അല്ലെങ്കിൽ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങളാണ് ബന്ധങ്ങളിൽ വലിയ തോതിൽ പരിക്കേല്പിക്കുന്നത്.
ആധിപത്യത്തോടെയാണ് ചിലർ സംസാരിക്കുന്നത്. എല്ലാറ്റിനും മേധാവിയും അധികാരിയും താനാണെന്ന മട്ടിലും മറ്റുള്ളവരെല്ലാം തന്നെക്കാൾ താഴെക്കിടയിലാണെന്ന വിധത്തിലും. ഇത്തരം ആധിപത്യസ്വഭാവപ്രവണത പുലർത്തുന്നവരോട് അകലം പാലിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. തൊഴിലിടങ്ങളിൽ മാത്രമല്ല കുടുംബത്തിലും ഇത് ബാധകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ അടിച്ചമർത്തി ഏകാധിപത്യസ്വഭാവം പ്രകടിപ്പിക്കുന്നവരെ- അത് ഭാര്യയായാലും ഭർത്താവായാലും അച്ഛനായാലും അമ്മയായാലും- അതിന് വിധേയരാകുന്നവർക്ക് അംഗീകരിക്കാനാവില്ല

ബോധപൂർവ്വം സ്ഥിരമായി താമസിച്ചുമാത്രം ഓഫീസിലെത്തുന്ന ചിലരുണ്ട്. മറ്റൊരാൾക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് സമയം. എന്നാല ചിലർ പതിവായും തുടർച്ചയായും വളരെ വൈകി മാത്രം ഓഫീസിലും മീറ്റിംങുകളിലും എത്തുന്നവരാണ്. മറ്റുള്ളവരുടെ സമയത്തിന് വില കല്പിക്കാത്തവരാണ് ഇക്കൂട്ടർ.  കൃത്യതയുണ്ടായിരിക്കണം.പറയുന്ന വാക്കുകൾ പരമാവധി പാലിക്കാൻ ശ്രമിക്കണം. പത്തുമണിക്ക് വരും എന്ന് പറഞ്ഞാൽ പത്തുമണിക്ക് എത്തിയിരിക്കണം. പത്തുമണിക്കാണ് വരേണ്ടത് എന്നുണ്ടെങ്കിൽ പത്തുമണിക്ക് ഹാജരായിരിക്കണം. സ്ഥിരമായി വൈകിമാത്രം ഓഫീസിലെത്തുന്ന ഒരു സ്റ്റാഫിനോട് മറ്റുളളവർക്ക് പുച്ഛവും പരിഹാസവുമായിരിക്കും തോന്നുന്നത്.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്തവരെ ആർക്കും ഇഷ്ടമാവില്ല. എംമ്പതിയുണ്ടായിരിക്കുക പ്രധാനപ്പെട്ട കാര്യമാണ്, മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവയോട് അനുഭാവപൂർവ്വം ഇടപെടുകയുമാണ് എംപതി. അർത്ഥവത്തായ ബന്ധങ്ങളുടെ മൂലക്കല്ലാണ് എമ്പതി. തന്റെ വികാരങ്ങൾ മാനിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത ഒരാളുമായുള്ള ബന്ധം പതുക്കെപതുക്കെ അറ്റുപോകും.

ചിലർക്ക് ഇരകളാകാനാണ് എപ്പോഴും താല്പര്യം. താൻ നിരപരാധി..കുറ്റമില്ലാത്തവൻ. തന്നെ മറ്റുള്ളവർ വേട്ടയാടുന്നു ഇങ്ങനെ ഇരയുടെ സ്ഥാനം സ്ഥിരമായി അലങ്കരിക്കുന്നവരുണ്ട്. അവർക്കത് അലങ്കാരമായി തോന്നുന്നുണ്ടെങ്കിലും സ്ഥിരമായുള്ള ഇരവേഷം  ആവ്യക്തിയോട് അകലം പാലിക്കാനാണ് മറ്റുളളവർക്ക് പ്രേരണയാകുന്നത്.

ബന്ധങ്ങളെക്കാളും സ്വഭാവഗുണങ്ങളായ ആത്മാർത്ഥത,സത്യസന്ധത തുടങ്ങിയവയെക്കാളും സമ്പത്തിനും സൗന്ദര്യത്തിനും പദവികൾക്കും പ്രാധാന്യം കൊടുക്കുന്നവരെയും ആളുകൾക്ക് ഇഷ്ടമാകാറില്ല. കാരണം അവർ വ്യക്തിത്വത്തെയല്ല മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത്. മറിച്ച് സമ്പത്തിനെയാണ്. സമ്പത്തിനെ മാത്രം സ്‌നേഹിക്കുകയും വ്യക്തിത്വത്തെ അവഗണിക്കുകയും ചെയ്യുന്നവരിൽ നിന്ന് അകന്നുനില്ക്കാനാണ് ഇഷ്ടപ്പെടുന്നത്.

സഹപ്രവർത്തകരുടെയോ സുഹൃത്തുക്കളുടെയോ  വിജയങ്ങളെയോ നേട്ടങ്ങളെയോ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്ത ചിലരുണ്ട്. ഒരു കോപ്ലിമെന്റുപോലും പറയാത്തവർ. ഇത്തരക്കാർ വ്യക്തികളെന്ന നിലയിൽ പരാജയങ്ങളാണ്. എല്ലാ മനുഷ്യരും അവരുടെ അദ്ധ്വാനം മറ്റുളളവരാൽ അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. പത്തും അമ്പതും വർഷം നീണ്ട ദാമ്പത്യജീവിതത്തിൽ പോലും പരസ്പരം അഭിനന്ദനം നല്കാൻ മറന്നുപോകുന്ന ദമ്പതികളുണ്ട്. വർഷങ്ങളോളം ഒരേ ഓഫീസിൽ ജോലി ചെയ്തിട്ടും ഒരു ചെറിയ വാക്കുകൊണ്ടുപോലും അഭിനന്ദനം കിട്ടാത്തവരുണ്ട്. ഇവർക്ക് തങ്ങളുടെ മേലധികാരിയോടും ഇണയോടുമൊക്കെ മനസ്സിൽ തോന്നുന്നത് അകൽച്ച മാത്രമായിരിക്കും.

മേൽപ്പറഞ്ഞവയെല്ലാം ഒരു വ്യക്തിയുടെ സ്വാർത്ഥതയുടെ കൂടി പ്രകടനങ്ങളാണ്. സ്വാർത്ഥതയുള്ള വ്യക്തിയെ ആർക്കും അംഗീകരിക്കാനോ സ്‌നേഹിക്കാനോ കഴിയുകയില്ല.

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...
error: Content is protected !!