നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ ക്ഷുഭിതനായി. എന്തൊക്കെയോ മുൻപിൻ നോക്കാതെ വിളിച്ചുപറഞ്ഞു. കേട്ടുകൊണ്ടുനില്ക്കുകയായിരുന്ന ആൾവെറുതെയിരിക്കുമോ അയാളും വായിൽതോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. ആദ്യം വാക്കുകൾകൂട്ടിമുട്ടി.പിന്നാലെ ഉടലുകളും. പിന്നെ ആരൊക്കെയോ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. ആ അകലം ഇരുവരുടെയും സ്‌നേഹത്തിൽ നിന്ന് തന്നെയുളള അകലമായിരുന്നു. പിന്നെയൊരിക്കലും അവർ പഴയതുപോലെയായില്ല.
വൈകാരികവിക്ഷുബ്ധരാകാറുള്ളവരാണ് എല്ലാവരും. തങ്ങൾക്ക് ഇഷ്ടമില്ലാത്തതു മറ്റുള്ളവർ പെരുമാറുകയോ പ്രവൃത്തിക്കുകയോ ചെയ്യുമ്പോഴും തങ്ങളുടെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി അഭിപ്രായം പറയുകയോ ചെയ്യുമ്പോഴെല്ലാം വിയോജിപ്പായി ആരംഭിക്കുന്ന സംസാരം ക്രമേണ വലിയൊരു പൊട്ടിത്തെറിയിലാണ് അവസാനിക്കുന്നത്.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിശ്ശബ്ദത പാലിക്കേണ്ട ചിലസാഹചര്യങ്ങളെക്കുറിച്ച് മനശ്ശാസ്ത്രം വിശദീകരിക്കുന്നത് ഇപ്രകാരമാണ്. വികാരങ്ങളുടെ മേൽ സ്വയം നിയന്ത്രണമില്ലാതിരിക്കുകയും ഉയർന്നതോതിലുള്ള വൈകാരിക ഭാവങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ നിശ്ശബ്ദത പുലർത്തുക. നമുക്കറിയില്ല ആ സമയം നാം എന്തൊക്കെ പറഞ്ഞുപോകുമെന്ന്.. എന്തൊക്കെയാണ് നമ്മുടെ വായിൽ നിന്ന് ചാടിവീഴുന്നതെന്ന്..ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നതായിരിക്കും ആ സമയത്തെ നമ്മുടെ വാക്കുകൾ.
അതൊഴിവാക്കാൻ മിണ്ടാതെയിരിക്കുക. മറിച്ച് ചൂടുപിടിച്ച സന്ദർഭങ്ങളിൽ ദീർഘമായി ശ്വാസോച്ഛാസം നടത്തുക വാക്കുകളെക്കാൾ നിശ്ശബ്ദതയെ കൂട്ടുപിടിക്കുക.. ഇവിടെ ഒരിക്കലും നാം വികാരങ്ങളെ അടിച്ചമർത്തുകയല്ല ചെയ്യുന്നതെന്ന് മനശ്ശാസ്ത്രം പ്രത്യേകമായി ഓർമ്മിപ്പിക്കുന്നുണ്ട്. മറിച്ച് ക്രിയാത്മകമായ നിശ്ശബ്ദത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതിന് ശേഷം വിവേകപൂർവ്വവും ശാന്തപൂർവ്വവുമായി മറുപടി പറയാനുള്ള താല്ക്കാലിക ഇടവേള മാത്രമാണ്ഈ നിശ്ശബ്ദതയെന്ന് മനശ്ശാസ്ത്രം പറയുന്നു.
****
രണ്ടുമൂന്നു സുഹൃത്തുക്കൾ ചേർന്ന് തങ്ങളുടെ ഒപ്പമില്ലാത്ത ഒരാളെക്കുറിച്ച്, അല്ലെങ്കിൽ ഒരു പ്രത്യേകസംഭവത്തെക്കുറിച്ച് വിമർശനാത്മകമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സ്വഭാവികമായും അതുകേട്ടിരിക്കുന്ന വ്യക്തി എന്ന നിലയിൽ അതിനോട് ചേരാനും അറിയുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത വ്യക്തിയെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്താനുമുളള പ്രവണതയുണ്ടാകും. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നിശ്ശബ്ദത പുലർത്തുകയാണ് വേണ്ടതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാരണം അവർ സംസാരിക്കുന്ന വിഷയത്തെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ നമുക്ക് മതിയായ അറിവില്ല. നമുക്ക് ഏറെക്കുറെ അപരിചിതമായ വിഷയവും ആളുകളുമാണ് അവിടെ ചർച്ചചെയ്യപ്പെടുന്നത്. ഇത്തരം സന്ദർഭങ്ങളിൽ മിണ്ടാതിരിക്കുക. മാത്രവുമല്ല നല്ല ശ്രോതാവായി അതുകേൾക്കുകയും അതിൽ നിന്ന് പുതുതായിട്ടെന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ പഠിക്കുകയും ചെയ്യുക. ഉള്ളിൽ ഒരു അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്തതയില്ലെങ്കിൽ, വ്യക്തമായി അറിയില്ലെങ്കിൽ അതേക്കുറിച്ച് സംസാരിക്കാതിരിക്കുക.
****
അപ്രിയസത്യം പറയരുത് എന്നൊരു ചൊല്ലുണ്ട്. ഒരുപക്ഷേ പറയാൻപോകുന്ന കാര്യം സത്യമായിരിക്കും. എങ്കിലും അത് മറ്റൊരാളെ വേദനിപ്പിക്കുമെങ്കിൽ പറയാതിരിക്കുക. അത്തരം സന്ദർഭങ്ങളിലും നിശ്ശബ്ദത പുലർത്തുക. വ്യക്തമായ ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പറഞ്ഞുപോകുന്ന വാക്കുകൾ മറ്റൊരാളുടെ വേദനയ്ക്ക് കാരണമാകുന്നുണ്ടെങ്കിൽ നാവിനെ നിയന്ത്രിക്കുക. വാക്കുകളെ പൂട്ടിക്കെട്ടിവയ്ക്കുക.
****
ഇന്നത്തെ കാലത്ത് പലർക്കും കേൾക്കാൻ മനസ്സില്ല. ശ്രദ്ധാപൂർവ്വമായ ശ്രവണം ഒരു കലയും കഴിവുമാണ്. മനശാന്തത, ക്ഷമ, പരിശീലനം എന്നിവയുണ്ടെങ്കിലേ ഒരു വ്യക്തിക്ക് കേൾവിക്കാരനാകാൻ കഴിയൂ. കേൾക്കാൻ മറന്നുപോകുകയും പറയാൻ തിടുക്കം കൂട്ടുകയും ചെയ്യുന്ന ഇക്കാലത്ത് ഒരാൾ സംസാരിച്ചുതുടങ്ങുമ്പോൾ അതുകേൾക്കാനായി, അയാളെ പറഞ്ഞവസാനിപ്പിക്കാനായി സംസാരിക്കാതിരിക്കുക.