അവനവനിലുള്ള വിശ്വാസമാണ് അറിവ്. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ അയാൾ അത്രത്തോളം ജ്ഞാനിയാകുന്നു. അല്ലെങ്കിൽ ബോധോദയത്തിലേക്ക് അയാൾ നടന്നടുക്കുന്നു. പക്ഷേ പലപ്പോഴും നമ്മൾ, നമ്മളെ അറിയാൻ ശ്രമിക്കാറില്ല. മറ്റുള്ളവരെ അറിയാനും അവരെ മനസ്സിലാക്കാനുമുളള ശ്രമത്തിലാണ് ഭൂരിപക്ഷവും. കഥയിലെ കസ്തൂരിമാൻ കണക്കെയാണ് കാര്യങ്ങൾ.
സുഗന്ധം മറ്റെവിടെയൊക്കെയോ ആണെന്നാണ് കരുതുന്നത്. അതുകൊണ്ട് അത് തിരഞ്ഞ് നടക്കുന്നു. ഏറ്റവും ഒടുവിൽ തിരിച്ചറിയുന്നു അത് എന്റെയുള്ളിൽ നിന്നുതന്നെയായിരുന്നു.
സ്വയം മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയുന്നതോടെ ജീവിതങ്ങൾ കൂടുതൽ പ്രകാശത്തിലേക്ക് കടക്കുകയാണ്. അറിവാണ് വിശ്വാസം നല്കുന്നത്. വിശ്വാസമാകട്ടെ തിരിച്ചറിവിൽ നിന്ന് രൂപപ്പെടുന്നതാണ്. നമുക്ക് നമ്മെക്കുറിച്ചു വളരെക്കുറച്ചേ അറിയൂ. അതുകൊണ്ടാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം നല്കി ഒന്നുകിൽ അമിതമായി സന്തോഷിക്കുകയോ അല്ലെങ്കിൽ അത്യധികം സങ്കടപ്പെടുകയോ ചെയ്യുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ചു തീരുമാനങ്ങൾ എടുക്കാൻ പോലും മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നവരുണ്ട്. അത്തരം ആശ്രയത്വങ്ങൾ ചിലപ്പോഴെങ്കിലും ജീവഹാനിക്കു വരെ വഴിതെളിച്ചേക്കാം. അരുണാചലിൽ നിന്നുള്ള ആ മൂന്നുമരണങ്ങൾ ഓർമ്മയില്ലേ? സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനിക്കാൻ മറ്റുളളവരെ ഏല്പിക്കുന്നവർക്ക് സംഭവിക്കുന്ന ദുരന്തം.
സ്വയം മനസ്സിലാക്കിയവരാണ് മറ്റുളളവരുടെ ജീവിതങ്ങൾക്ക് കൂടി വെളിച്ചമായി മാറുന്നത്. സ്വയം മനസ്സിലാക്കാത്തവരാകട്ടെ മറ്റുള്ളവരുടെ വെളിച്ചം കൂടി ഊതിക്കെടുത്തുന്നു.
അവനവനെക്കുറിച്ചു അറിവില്ലാത്തതുകൊണ്ടാണ് അവനവനിൽ വിശ്വാസമില്ലാത്തത്, അവനവനിൽ വിശ്വാസമില്ലാത്തവരെ മറ്റുള്ളവർ വിശ്വസിക്കുമോ..? സ്വയം തിരിച്ചറിയാൻ പ്രേരണ നല്കുന്ന, ജീവിതത്തെ കുറെക്കൂടി അലങ്കരിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ചില കുറിപ്പുകളാണ് അടുത്തപേജുകൾ മുതലുള്ളത്.
അവനവനെ അറിയുക. സ്വന്തം കഴിവുകൾ, കഴിവുകേടുകൾ, പരിധികൾ,സാധ്യതകൾ.. നീ നിന്നെ അറിയുന്നതിലും വലിയ അറിവില്ല. അത്തരമൊരു അറിവിലേക്ക് നടക്കാനുളള ശ്രമങ്ങൾ തുടങ്ങട്ടെ, തുടരട്ടെ.
വിജയാശംസകളോടെ
വിനായക് നിർമ്മൽ