കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച് നാം അഭിപ്രായപ്പെടുകയും ചെയ്യും. എങ്ങനെയാണ് ആകർഷണീയമായ വ്യക്തിത്വത്തിന്റെ ഉടമകളാകാൻ കഴിയുന്നത്?
ബോഡി ലാംഗ്വേജ്
മറ്റുള്ളവരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ ശരീരഭാഷയാണ്. ഒറ്റനോട്ടത്തിൽ തന്നെ ഒരു വ്യക്തിയോട് ആകർഷണീയതയും അടുപ്പവും തോന്നുന്നതിൽ ശരീരഭാഷയ്ക്ക് പ്രമുഖസ്ഥാനമുണ്ട്. അത്തരക്കാർക്ക് പൊതുവെ ആത്മവിശ്വാസം കലർന്ന മുഖഭാവമായിരിക്കും. കണ്ണുകളിൽ നോക്കി സംസാരിക്കുന്നതും ഹൃദ്യമായി പുഞ്ചിരിക്കുന്നതും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. കൈകൾ കെട്ടി നില്ക്കുന്നതും കാലുകൾ തളർത്തിയിട്ട് നി്ല്ക്കുന്നതും ആത്മവിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്.
അനന്യത തിരിച്ചറിയുക
സ്വന്തം അനന്യത തിരിച്ചറിയുന്നവർക്ക് ആത്മവിശ്വാസമുണ്ടായിരിക്കും. എന്നെപോലെ ഞാൻ മാത്രം.. എനിക്കെന്റേതായ കഴിവുണ്ട് ഇത്തരംബോധ്യങ്ങൾ നല്കുന്ന ആത്മവിശ്വാസം നിസ്സാരമൊന്നുമല്ല. സ്വയം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ ആത്മവിശ്വാസം രൂപപ്പെടും.
നേട്ടങ്ങൾ സ്വന്തമാക്കുക
നേടിയെടുക്കുന്നവ വലുതോ ചെറുതോ ആയിരുന്നുകൊള്ളട്ടെ. പക്ഷേ നേട്ടങ്ങൾ ഉണ്ടാകുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഇടയാക്കും.
സുരക്ഷിതതാവളം വിട്ടുപേക്ഷിക്കുക
പുതിയ അനുഭവങ്ങൾ സ്വാഗതം ചെയ്യുന്നവർക്കും കംഫർട്ട് സോൺ വേണ്ടെന്ന് വയ്ക്കുന്നവർക്കും ആത്മവിശ്വാസം കൂടുതലാണ്.ഓരോ നിമിഷവും ഓരോ സന്ദർഭവും സ്വയം വെല്ലുവിളിക്കുക. ഭയങ്ങളെയും ആകുലതകളെയും ഭൂതകാലത്തിലേക്ക് തള്ളിയിട്ടിട്ട് ധൈര്യപൂർവ്വം മുന്നോട്ടുപോവുക. ഒറ്റയ്ക്കുള്ള യാത്രകൾ, പ്രസംഗങ്ങൾ ഇവയെല്ലാം കംഫർട്ട് സോൺ ഉപേക്ഷിച്ചുമുന്നേറാൻ സഹായകരമായിരിക്കും.
ബലഹീനതകളും സാധ്യതകളും തിരിച്ചറിയുക
അവനവന്റെ സാധ്യതകൾ മനസ്സിലാക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് ബലഹീനതകളും കുറവുകളും മനസ്സിലാക്കുന്നതും. കുറവുകൾ തിരിച്ചറിയുന്നത് അപകർഷതയോടെ ചുരുണ്ടുകൂടാനല്ല സാധിക്കുന്ന കുറവുകൾ പരിഹരിച്ച് മുന്നോട്ട് ശക്തമായി കുതിക്കാൻ വേണ്ടിയാണ്. അവനവരോട് തന്നെ സംസാരിക്കുക. സ്വയം ഉത്തേജിപ്പിക്കുക.