പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.
‘ജോലിയായില്ലേ?’
ചെറിയ ജോലി ചെയ്തു മുന്നോട്ടുപോകുന്നവരോട് ചോദിക്കുന്നത് മറ്റൊരു ചോദ്യമായിരിക്കും.
‘വേറെ നല്ല ജോലി നോക്കുന്നില്ലേ?’
ഇനി, നല്ല ജോലിയും അത്യാവശ്യം ശമ്പളവുമുള്ള വ്യക്തിയാണെന്നിരിക്കട്ടെ അവരോടും ചോദിക്കും.
‘ഇങ്ങനെയൊക്കെ നടന്നാൽ മതിയോ ഒരു കുടുംബമൊക്കെ വേണ്ടേ?’
ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ എന്തായിരിക്കും പ്രതികരണം? ഇതിനോടുള്ള പ്രതികരണം അനുസരിച്ച് നിങ്ങൾ ഭാവിജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും. മേൽപ്പറഞ്ഞ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചിലർ ഉദാസീനമട്ടിൽ ഒഴിഞ്ഞുമാറും. മറ്റുചിലർ കൃത്യമായ മറുപടി പറയും.
ഭാവികാര്യങ്ങളെക്കുറിച്ച്,വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിമുഖത കാണിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്യുന്നവർ വ്യക്തമാക്കുന്നത് അവർ ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള മാനസികമായ തയ്യാറെടുപ്പ് നടത്താത്തവരാണെന്നാണ്. അതുകൊണ്ട് ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ വേഗം വിഷയം മാറ്റും. മറ്റു പല കാര്യങ്ങളിലേക്ക് അവർ ഈ വിഷയം വഴിതിരിച്ചുവിടുകയും ചെയ്യും.
കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും തനിച്ചുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കാനാണ് ഉത്സാഹം കാണിക്കുന്നതെങ്കിൽ അത്, ഒരു കുടുംബ ജീവിതം നയിക്കാൻ തനിക്ക് താല്പര്യമില്ലെന്നതിന്റെ സൂചനയുമാകാം. വിവാഹത്തോടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല. എന്നാൽ ചില മുൻഗണനകൾ മാറുന്നതേയുള്ളൂവെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.
വേറെ ചിലർ സാമ്പത്തികമായ സുരക്ഷിതത്വം ഇല്ലാത്തവരായിരിക്കും. അതുകൊണ്ട് ഒരു കുടുംബ ജീവിതത്തെക്കുറിച്ച് ആഗ്രഹമുണ്ടെങ്കിൽ പോലും തീരുമാനമെടുക്കാൻ അവർക്ക് കഴിയാതെ പോകുന്നു. എന്നാൽ ഇക്കാര്യം തുറന്നു പറയാതെ അവർ ഒഴിഞ്ഞുമാറുന്നു.
ഇണയുമായി ആരോഗ്യപരമായ വൈകാരിക ബന്ധം സ്ഥാപിക്കാൻ തനിക്ക് കഴിയുമോയെന്ന ആശങ്കയും കുടുംബജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിൽ നിന്ന് വ്യക്തികളെ പിന്തിരിപ്പിച്ചേക്കാം.
സ്ഥിരമായ ഒരു ബന്ധത്തിൽ നിലനിന്നുപോരാൻ തനിക്ക് കഴിയില്ലെന്ന തോന്നൽ കൊണ്ടും പ്ര തിബദ്ധതയില്ലായ്മകൊണ്ടും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൽ ആശങ്കപ്പെടുന്നവരുണ്ട്. ചില നേരം വിവാഹം കഴിക്കാൻ അവർ ആഗ്രഹം പ്രകടിപ്പിക്കും. അടുത്തനിമിഷം തന്റെ തീരുമാനത്തിൽ നിന്ന് അവർ പിന്തിരിയും. വേണോ വേണ്ടയോ വേണോവേണ്ടയോ എന്ന് ഉള്ളിൽ തേങ്ങുന്നവരാണ് ഇവർ.
കുടുംബജീവിതത്തെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും ചോദിക്കുമ്പോൾ അതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രിയപ്പെട്ടവർ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ മനസ്സിലൂടെ ഇത്തരം ചില ചിന്തകൾ കടന്നുപോകുന്നുണ്ടെന്നെങ്കിലും നാം മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കും. കാര്യമറിയാതെ അവരോട് ദേഷ്യപ്പെടുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതിന് പകരം അവരുടെ കാഴ്ചപ്പാടിൽ ഈ വിഷയത്തെ കാണാനും അതിന് പരിഹാരമാർഗ്ഗം കണ്ടെത്താനും ശ്രമിക്കുക.
ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?
Date: