മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്, സംസാരം കൊണ്ട്, ജീവിതമൂല്യങ്ങൾകൊണ്ട്, ആത്മീയതകൊണ്ട്.. മക്കൾ നല്ലവരാണെങ്കിൽ അതിൽ പ്രധാനപങ്കുവഹിക്കുന്നത് മാതാപിതാക്കളുടെ ജീവിതമാതൃകതന്നെയാണ്. അപ്പോൾ മോശമായാലോ അവിടെ മാതാപിതാക്കൾ തന്നെ പ്രതിസ്ഥാനത്ത് വരും. മാതാപിതാക്കളുടെ മാനസികാരോഗ്യവും സന്തോഷപ്രകൃതവും മക്കളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. സന്തോഷമുള്ള, മാനസികാരോഗ്യമുള്ള മാതാപിതാക്കൾ വളർത്തുന്ന മക്കളുടെ സ്വഭാവപ്രത്യേകതകളായി മനശ്ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്ന കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.
സത്യസന്ധതയുടെ വില അറിയാവുന്നവർ
സന്തോഷമുള്ള മാതാപിതാക്കൾ മക്കളിലേക്ക് കൈമാറുന്ന മൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സത്യസന്ധത. മറ്റുള്ളവരോടും പരസ്പരവും സുതാര്യത പുലർത്തിജീവിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന മക്കൾ എപ്പോഴും സത്യസന്ധതയ്ക്ക് മുൻതൂക്കം കൊടുക്കും. നേട്ടങ്ങൾക്ക് വേണ്ടി നുണപറയാനോ വളഞ്ഞവഴികൾ അന്വേഷിക്കാനോ അവരൊരിക്കലും തയ്യാറാവില്ല. അർദ്ധസത്യങ്ങൾ കൊണ്ടും അവർ നേട്ടങ്ങൾ കൊയ്യില്ല. അന്യായമായി നേടിയ വലിയ വിജയങ്ങളെക്കാൾ ന്യായമായി നേടിയ ചെറിയ വിജയത്തിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവരാണ് അവർ.
സ്നേഹവും താല്പര്യവും പ്രകടിപ്പിക്കാനറിയാവുന്നവർ
മാതാപിതാക്കളുടെ സ്നേഹപ്രകൃതവും സ്നേഹപ്രകടനങ്ങളും അനുഭവിച്ചുവളർന്ന മക്കൾ അതുപോലെ തന്നെ സ്നേഹപ്രകൃതമുള്ളവരും മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കാനും സേവിക്കാനും താല്പര്യമുള്ളവരുമായിരിക്കും. അവർ തങ്ങളുടെ വികാരങ്ങൾ മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുകയും തുറന്നുപറയുകയും ചെയ്യും. സ്നേഹപ്രകടനങ്ങളിലൂടെ അവർ സ്നേഹബന്ധങ്ങളെ ഊട്ടിയുറപ്പിക്കും.
പേഴ്സണൽ സ്പെയ്സ് കൊടുക്കുന്നവർ
മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് അതിക്രമിച്ചുകയറുന്നവരോ സ്വകാര്യതകളിലേക്ക് തലയിടുന്നവരോ ആയിരിക്കില്ല ഈ കുട്ടികൾ. ഓരോ വ്യക്തിക്കും പേഴ്സണൽ സ്പേയ്സ് കൊടുക്കേണ്ടതുണ്ടെന്ന് അവർക്കറിയാം. കാരണം മാതാപിതാക്കൾ അത്തരമൊരു മാതൃക അവർക്ക് കാണിച്ചുകൊടുത്തിട്ടുണ്ട്. ബന്ധങ്ങളുടെ വളർച്ചയിൽ ഇത്തരമൊരു ഇടം നല്കൽപ്രധാനപ്പെട്ട കാര്യവുമാണ്.
മറ്റുള്ളവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ
മാതാപിതാക്കൾ പരസ്പരം ആദരിച്ചും ബഹുമാനിച്ചും മുന്നോട്ടുപോകുന്നത് കണ്ടുവളരുന്ന മക്കൾ മറ്റുള്ളവരെയും ആദരിക്കും, ബഹുമാനിക്കും. മറ്റെയാളുടെ അഭിപ്രായത്തെ മാനിക്കാനും വികാരങ്ങളെ ബഹുമാനിക്കാനും പ്രശംസിക്കാനും അവർക്കറിയാം. വില കുറഞ്ഞവരായിവ്യക്തികളെ കാണാതെ തുല്യമായി കാണാനുള്ള കഴിവ് ഇവർക്ക് ലഭിച്ചിട്ടുണ്ട്.
സമയത്തിന്റെ വില അറിയാവുന്നവർ
സമയത്തിന്റെ വില മനസ്സിലാക്കിയിരിക്കുന്നവരും അദ്ധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരുമായിരിക്കും ഇവർ. കാരണം മാതാപിതാക്കൾ സമയം അനാവശ്യമായി പാഴാക്കുന്നത് അവർ കണ്ടിട്ടില്ല. ക്രിയാത്മകമായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന അവർ സമയത്തെയും അദ്ധ്വാനത്തെയും പാഴാക്കിക്കളയുകയില്ല.
താദാത്മപ്പെടാൻ സന്നദ്ധതയുള്ളവർ
മറ്റൊരാളുടെ കാഴ്ചപ്പാടിൽ കാര്യങ്ങളെ വിലയിരുത്താനും അവരോട് അനുരൂപപ്പെടാനും കഴിവുണ്ടായിരിക്കും ഇവർക്ക്. മറ്റുള്ളവരെ വെറുതെ കേൾക്കുകയല്ല അവരുടെ കാഴ്ചപ്പാടിൽ അവരുടെ വികാരങ്ങളെ മനസ്സിലാക്കാൻ ഇത്തരക്കാർക്ക് കഴിവുണ്ടായിരിക്കും.
മാതാപിതാക്കളിൽ നിന്ന് പകർന്നുകിട്ടുന്ന ഈ ഗുണങ്ങൾ മക്കളെ മെച്ചപ്പെട്ട വ്യക്തികളായി മാറ്റാൻ ഏറെ സഹായിക്കും.